വാഷിംഗ്ടൺ : സിറിയയിൽ അമേരിക്ക-ബ്രിട്ടൻ-ഫ്രാൻസ് എന്നീ രാജ്യങ്ങൾ ചേർന്ന് നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ പ്രതികരണവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. ബഷർ അൽ അസദ് സർക്കാർ ജനങ്ങൾക്ക് മേൽ രാസായുധം പ്രയോഗിക്കുന്നോണ്ടോയെന്ന് അന്വേഷിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
രാസായുധം പ്രയോഗിച്ചിട്ടുണ്ടെങ്കിൽ അത് ദുഖകരമായ കാര്യമാണ്.സംഭവത്തിൽ നീതിയുക്തമായ അന്വേഷണമാണ് ഇന്ത്യ ആവശ്യപ്പെടുന്നതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെ സഹായത്തോടെ ചർച്ചയിലൂടെയും,സൗഹാർദ്ധപരമായും പ്രശ്നങ്ങൾ പരിഹരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച്ചയാണ് അമേരിക്കയും,ബ്രിട്ടനും,ഫ്രാൻസും,സംയുക്തമായി സിറിയയിൽ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ നൂറിലേറെ ക്രൂസ് മിസൈലുകൾ തൊടുത്തു നിരവധി സൈനികതാവളങ്ങളും ഗവേഷണ കേന്ദ്രങ്ങളും തകർത്തു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഒരാഴ്ച മുമ്പ് കിഴക്കൻ ഗൂതയിലെ ഡൂമയിൽ സിറിയൻ ഭരണകൂടം രാസായുധം പ്രയോഗിച്ചതിനുള്ള തിരിച്ചടിയായാണ് ഈ ആക്രമണം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതു തുറന്നുപറഞ്ഞു. ഇതൊരു മുന്നറിയിപ്പാണെന്നും സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ് അതു മനസിലാക്കി പ്രവർത്തിച്ചാൽ ഇനി ആക്രമണമുണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു. സിറിയയിൽ കരയുദ്ധത്തിനോ നീണ്ടപോരാട്ടത്തിനോ അമേരിക്ക ആഗ്രഹിക്കുന്നില്ല. അവിടത്തെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരെ തുരുത്തുകയാണു ലക്ഷ്യം. അതുനേടിയാൽ യുഎസ് സേന സിറിയ വിടുമെന്നു ട്രംപ് അറിയിച്ചു. വിദഗ്ധമായി നടപ്പാക്കിയ ആക്രമണ പദ്ധതി വിജയിച്ചെന്നും ട്രംപ് ട്വീറ്റ് ചെയ്തു. സൈന്യത്തിന്‍റെ പ്രവർത്തനത്തിൽ ഏറെ അഭിമാനിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Read also:പറഞ്ഞിട്ട് അനുസരണയില്ല, പോലീസുകാരെ നന്നാക്കാന്‍ ഒടുവില്‍ സിസിടിവി ക്യാമറകള്‍
ശനിയാഴ്ച പുലർച്ചെ അമേരിക്കയും ബ്രിട്ടനും ഫ്രാൻസും ചേർന്നു നടത്തിയ ആക്രമണത്തെ ജർമനി പിന്തുണച്ചു. ഡമാസ്കസിനു സമീപം സൈനികാവശ്യത്തിനുള്ള രണ്ടു ഗവേഷണശാലകൾ, അഞ്ചു സൈനിക താവളങ്ങളും ഡിപ്പോകളും, ഹോംസ് നഗരത്തിനടുത്ത് ഒരു ഗവേഷണകേന്ദ്രം എന്നിവയാണു ലക്ഷ്യമിട്ടത്. റഷ്യവഴി മുന്നറിയിപ്പ് ലഭിച്ചതിനാൽ ഇവിടങ്ങളിൽനിന്നു സൈനികരെയും മറ്റു ജനങ്ങളെയും മൂന്നുദിവസം മുന്‍പേ ഒഴിപ്പിച്ചിരുന്നു.
വ്യോമാക്രമണം നടത്തിയ സാഹചര്യത്തിൽ യുഎൻ രക്ഷാസമിതി അടിയന്തരയോഗം ഇന്നലെ ചേർന്നിരുന്നു. റഷ്യയുടെ ആവശ്യപ്രകാരമായിരുന്നു യോഗം ചേർന്നത്. ഐക്യരാഷ്ട്ര സഭയുടെ ചട്ടങ്ങളും അന്താരാഷ്ട്ര നിയമങ്ങളെയും കാറ്റിൽ പറത്തിയാണ് അമേരിക്കയും സഖ്യകക്ഷികളും സിറിയയിൽ ആക്രമണം നടത്തുന്നതെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞിരുന്നു. അമേരിക്കൻ നടപടി മുഴുവൻ അന്താരാഷ്ട്ര ബന്ധങ്ങളെയും തകർക്കുമെന്നും പുടിൻ പറഞ്ഞു. യുഎൻ രക്ഷാസമിതി അടിയന്തരയോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അമേരിക്കയുടെയും സഖ്യകക്ഷികളുടെയും നടപടി അന്താരാഷ്ട്ര ബന്ധങ്ങളെ ഉലയ്ക്കുന്നതാണെന്നും, സിറിയയിലെ ഡൂമയിൽ രാസായുധ ആക്രമണം നടന്നുവെന്ന അമേരിക്കൻ വാദം തെറ്റാണെന്നും പുടിൻ പറഞ്ഞു . റഷ്യൻ സൈന്യം ഡൂമയിൽ നടത്തിയ പരിശോധനയിൽ രാസായുധാക്രമണം നടന്നതിന്റെ തെളിവൊന്നും ലഭിച്ചിട്ടില്ല. അതിനാൽ അമേരിക്കയും അവരുടെ സഖ്യകക്ഷികളും നടത്തിയ വ്യോമാക്രമണം അംഗീകരിക്കാനാകില്ലെന്നും പുടിൻ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
Post Your Comments