അടിമാലി: നാലു മാസം മുമ്പ് കാണാതായ 65 വയസുകാരന്റെ അസ്‌ഥികൂടം പനംകുട്ടി വനത്തില്‍ കണ്ടെത്തി. അടിമാലി 200 ഏക്കര്‍ മില്ലുംപടി പടിഞ്ഞാക്കര കുമാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ പനംകുട്ടി വനത്തില്‍ പഴയ വനംവകുപ്പ് ഓഫീസ് കെട്ടിടത്തിനു സമീപത്തെ കലുങ്കിനടിയില്‍ പല ഭാഗത്തായാണ് അസ്‌ഥികളും വസ്‌ത്രങ്ങളും ചെരിപ്പും കണ്ടെത്തിയത്.
ചെക്ക് പോസ്‌റ്റിന് ഒരു കിലോമീറ്ററോളം അകലെയായി മൃതദേഹഭാഗങ്ങള്‍ കണ്ടതായി വനംവകുപ്പ് വാച്ചര്‍ മനോജ് കരിമണല്‍ എസ്.ഐ. കെ.എ. അലിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉണ്ടായ തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെടുക്കുന്നത്. അന്വേഷണത്തില്‍ കുമാരന്റേതാണ് മൃതദേഹമെന്ന് മക്കളായ ജയേഷ്, ജിതേഷ്, ജയകുമാര്‍, ഭാര്യ ശാരദ എന്നിവര്‍ തിരിച്ചറിയുകയായിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 13നാണ് കുമാരനെ കാണാതാവുന്നത്. കുമാരന്‍ മത്സ്യ ബന്ധനത്തിനായി ഈ മേഖലകളില്‍ വരാറുള്ളതായി വിവരം ലഭിച്ചിരുന്നു. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഡി.എന്‍.എ. പരിശോധന നടത്തി മൃതദേഹം കുമാരന്റെതാണെന്ന് സ്‌ഥിരീകരിക്കുമെന്ന് എസ്.ഐ. അബ്‌ദുള്‍ സത്താര്‍ പറഞ്ഞു.
Post Your Comments