KeralaLatest NewsNews

ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനം; തനിക്ക് മാത്രമായി വേണ്ടെന്ന് യേശുദാസ്

തൃശൂര്‍: തനിക്ക് മാത്രമായി ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനം വേണ്ടെന്ന് ഗായകന്‍ കെജെ യേശുദാസ്. പൂര്‍ണഭക്തിയോടെ ഗുരുവായൂരപ്പനെ കാണുന്നവര്‍ക്കെല്ലാം ക്ഷേത്രദര്‍ശനം അനുവദിക്കുമെങ്കില്‍ മാത്രമേ താനും കയറൂ. അതില്‍ അവസാനം കയറുന്ന ആളാകും താന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താന്‍ കയറുന്നതു സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ തീരുമാനിക്കട്ടെ. സമയമാകുമ്പോള്‍ അധികാരികള്‍ അതു തുറക്കും. ക്ഷേത്രപ്രവേശനത്തെക്കുറിച്ച് ദേവസ്വം അധികാരികള്‍ തീരുമാനിക്കട്ടെ. അതനുസരിച്ചേ നീങ്ങുവെന്നും പ്രഥമ ശങ്കരപത്മം പുരസ്‌കാരം സ്വീകരിച്ച് അദ്ദേഹം പറഞ്ഞു.

ഗുരുവായൂരില്‍ പ്രവേശിച്ച ശേഷംമാത്രമേ മറ്റു ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ കയറുകയുള്ളൂ എന്നു നേരത്തെ തീരുമാനിച്ചിരുന്നു. ഒരിക്കല്‍ ആത്മമിത്രത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. അവിടെ ഓരോ ദിവസവും ഓരോ അലങ്കാരങ്ങളാണ്. തന്റെ മനസറിഞ്ഞെന്നവണ്ണം അന്നു ശ്രീരാമന്റെ ആടയാഭരണങ്ങളോടെയായിരുന്നു കൃഷ്ണനെ അണിയിച്ചൊരുക്കിയത്. അതിനാല്‍ തന്റെ മുന്‍ നിശ്ചയം അറിഞ്ഞു ഭഗവാന്‍ പ്രവര്‍ത്തിച്ചെന്നു കരുതണമെന്നും യേശുദാസ് പറഞ്ഞു.

വേദങ്ങള്‍ ഭാരതീയ സംസ്‌കാരത്തിലെ നിധികളാണ്. അതിനെ മതത്തിന്റെ ചട്ടക്കൂട്ടില്‍ ഒതുക്കരുത്. സര്‍വരും വേദം പഠിച്ചാല്‍ സമാധാനമുണ്ടാകും. പൂണൂല്‍ ഇടുന്നതൊക്കെ പിന്നെയായാലും മതി. അതു കൊണ്ടോ മാമോദീസ മുക്കിയതുകൊണ്ടോ വലിയ കാര്യമില്ല. വേദം പഠിക്കാന്‍ ബുദ്ധിയും ക്ഷമയും വേണം. തമിഴില്‍ കടവുള്‍ എന്നാണ് ദൈവത്തെ വിവരിക്കുക. ഉള്ളിലുള്ളതാണ് ദൈവം. അമ്മ എന്നു ചേര്‍ത്തല്ലാതെ തമിഴന്‍ ഒരു സ്ത്രീയെയും വിളിക്കില്ല. ജ്ഞാനമുണ്ടാക്കുന്ന പ്രവൃത്തിയാണ് ലോകത്തിനു വേണ്ടത്. അതു മനസുകളില്‍ ഉയര്‍ത്തെഴുന്നേല്‍ക്കണമെന്നും യേശുദാസ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button