ന്യൂഡല്‍ഹി : ബിഹാറിലും ഉത്തര്‍പ്രദേശിലുമായി മൂന്നു ലോക്സഭാ സീറ്റുകളിലേക്കും രണ്ടു നിയമസഭാസീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. ബിഹാറില്‍ അരാരിയ ലോക്സഭാ മണ്ഡലത്തിലും ഭാബുവ, ജെഹാനാബാദ് നിയമസഭാ മണ്ഡലങ്ങളിലുമാണ് ഇന്നു വോട്ടെടുപ്പ് നടക്കുക. ആര്.ജെ.ഡിയുടെ മുഹമ്മദ് തസ്ലിമുദ്ദീന് മരിച്ചതിനെത്തുടര്‍ന്നാണ് അരാരിയയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനെത്തുടര്‍ന്നു രാജിവച്ച ഗോരഖ്പുര്‍, കേശവ് പ്രസാദ് മൗര്യ ഉപമുഖ്യമന്ത്രിയായതിനെത്തുടര്ന്ന് രാജിവച്ച ഫുല്‍പൂര്‍ ലോക്സഭാ മണ്ഡലങ്ങളാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. ബുധനാഴ്ചയാണ് ഫലപ്രഖ്യാപനം നടക്കുക. യു.പിയില്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് ബി.എസ്.പിയുടെ പിന്തുണയുണ്ട്. പതിറ്റാണ്ടുകള്‍ക്കുശേഷമാണ് ഇരുപാര്‍ട്ടികളും സഖ്യത്തിലായത്. സഹകരണം വിജയിക്കുകയാണെങ്കില്‍ അടുത്തവര്‍ഷം നടക്കുന്ന ലോക്സഭാതെരഞ്ഞെടുപ്പിലും ഇതുതുടരാന് സാധ്യതയുണ്ട്.
മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നേരിടുന്ന ആദ്യ വെല്ലുവിളിയാണ് ഇന്നത്തെ വോട്ടെടുപ്പ്. യോഗി ആദിത്യനാഥ് 19 വര്‍ഷം തുടര്‍ച്ചയായി പ്രതിനിധീകരിച്ച ഗോരഖ്പുര്‍ സീറ്റ് നിലനിര്‍ത്തേണ്ടത് ബി.ജെ.പിയുടെ അഭിമാനപ്രശ്നമാണ്. ജവാഹര്‍ലാല്‍ നെഹ്റു പ്രതിനിധീകരിച്ചിരുന്ന മണ്ഡലമെന്ന നിലയില്‍ കോണ്‍ഗ്രസിനു വൈകാരിക അടുപ്പമുള്ള സീറ്റ് കൂടിയാണ് ഫുല്പുര്.
Post Your Comments