ന്യൂഡല്‍ഹി : പൊതുമേഖലാ ബാങ്കുകള്‍ സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ആര്‍.ബി.ഐ. വ്യാജ പ്രചരണം ശക്തമായ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്കിന്റെ പ്രതികരണം. ബാങ്ക് ഓഫ് ഇന്ത്യക്ക് മേല്‍ നിയന്ത്രണമേര്‍പ്പെടുത്താനുള്ള റിസര്‍വ് ബാങ്ക് തീരുമാനത്തിനു പിന്നാലെ പൊതുമേഖലാ ബാങ്കുകള്‍ അടച്ചുപൂട്ടുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു.
ചില പൊതുമേഖലാ ബാങ്കുകള്‍ ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുകയാണെന്ന് ചില മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകളാണ് തെറ്റിദ്ധാരണ ഉണ്ടാക്കിയതെന്ന് ആര്‍ബിഐയുടെ പ്രസ്താവനയില്‍ പറയുന്നു. അതേസമയം, പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രോംപ്റ്റ് കറക്ടീവ് ആക്ഷന്‍ പരിധിയില്‍ ഉള്‍പ്പെടുത്തി നിയന്ത്രണം ഏര്‍പ്പെടുത്തിയത് തികച്ചും സാങ്കേതികപരമായ കാര്യമാണെന്നും അത് പൊതുജനങ്ങളെയോ ബാങ്കിന്റെ ദൈനംദിനപ്രവര്‍ത്തനങ്ങളെയോ ബുദ്ധിമുട്ടിക്കാനല്ലെന്നുമാണ് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ പ്രതികരിച്ചു.
ഇത് സംബന്ധിച്ചുള്ള വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് സെക്രട്ടറി രാജീവ് കുമാര്‍ അറിയിച്ചു. ഒരു ബാങ്ക് പോലും അടച്ചുപൂട്ടാന്‍ ഉദ്ദേശിക്കുന്നില്ല. പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്താന്‍ 2.11 ലക്ഷം കോടി രൂപയുടെ പദ്ധതി സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ടെന്നും രാജീവ് കുമാര്‍ പറഞ്ഞു. ബാങ്ക് ഓഫ് ഇന്ത്യക്ക് പുറമേ ഐ.ഡി.ബി.ഐ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്,യു.സി.ഒ ബാങ്ക് എന്നിവയെയും റിസര്‍വ് ബാങ്ക് പ്രോംപ്റ്റ് കറക്ടീവ് ആക്ഷന്‍ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
Post Your Comments