Latest NewsKeralaNews

വനിതാ വക്കീല്‍ തട്ടിയെടുത്തത് 400 കോടിരൂപയുടെ സ്വത്ത് : കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ് കഥ പുറത്തുവന്നത് ഇങ്ങനെ

 

കണ്ണൂര്‍: വനിതാവക്കീല്‍ തട്ടിയെടുത്തത് 400 കോടി രൂപയുടെ സ്വത്ത്. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പിന്റെ കഥയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കണ്ണൂര്‍ തളിപ്പറമ്പിലെ പരേതനായ സഹകരണ ഡപ്യൂട്ടി രജിസ്ട്രാര്‍ പി.ബാലകൃഷ്ണന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ വനിതാ വക്കീലും ഭര്‍ത്താവും ചേര്‍ന്ന് നടത്തിയ തട്ടിപ്പ് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിലൊന്ന്. തന്റെ മൂത്ത സഹോദരിയെ വിവാഹം ചെയ്തതായി കള്ളരേഖ ചമച്ചാണ് വനിതാ വക്കീല്‍ പയ്യന്നൂരിലെ കെ.വി ഷൈലജ പാരമ്പര്യ സ്വത്തിന്റെ വലിയ ആസ്തിയുണ്ടായിരുന്ന ബാലകൃഷ്ണന്റെ സ്വത്തുക്കള്‍ തട്ടിയെടുത്തത്.

കേരളം ഞെട്ടിയ ആ തട്ടിപ്പിന്റെ കഥ പുറത്തുവന്നത് ഇങ്ങനെയാണ്.

തളിപ്പറമ്പിലെ ജനകീയ ഡോക്ടറായി പേരെടുത്ത കുഞ്ഞമ്പുനായരുടെ മകനാണ് ബാലകൃഷ്ണന്‍. നഗരത്തിലും പരിസരങ്ങളിലുമായി കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കളുടെ ഉടമ. സഹോദരിമാര്‍ കേരളത്തിന് പുറത്താണ്. നാട്ടിലുള്ള ഒരു സഹോദരനാണ് സ്വത്ത് നോക്കിനടത്തിയിരുന്നത്. അയാളില്‍നിന്നാണ് വക്കീലും ഭര്‍ത്താവും ഭാരിച്ച സ്വത്തും അതിന്റെ കൈകാര്യം ചെയ്യാന്‍ ആളില്ലാത്തതും മനസ്സിലാക്കുന്നത്.

പരിയാരം അമ്മാനപ്പാറയില്‍ ബാലകൃഷ്ണനും സഹോദരന്‍ കുഞ്ഞിരാമനും കൂടി 12 ഏക്കര്‍ സ്ഥലമുണ്ട്. പിതാവ് നല്‍കിയതാണ് സ്വത്ത്. റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനായ കുഞ്ഞിരാമന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ മരിച്ചു. നാട്ടില്‍ത്തന്നെയുള്ള സഹോദരന്‍ സ്ഥലത്ത് കല്ലുവെട്ടാന്‍ പാട്ടത്തിന് നല്‍കിയിരുന്നു. അതുമായി ബന്ധപ്പെട്ട തര്‍ക്കമുണ്ടായപ്പോള്‍ കേസ് കൊടുക്കാനായി പയ്യന്നൂരിലെ ഒരു വക്കീലിന്റെ ഓഫീസിലെത്തുന്നു. ആ വക്കീലിന്റെ ഓഫീസില്‍ത്തന്നെ പ്രാക്ടീസ് ചെയ്യുകയാണ് അന്ന് കഥാനായിക ഷൈലജ. പരാതിക്കാരനുമായി പെട്ടെന്ന് പരിചയത്തിലായ വനിതാ വക്കീല്‍ രേഖകളെല്ലാം സംഘടിപ്പിക്കുകയും കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും മനസ്സിലാക്കുകയും ചെയ്യുന്നു. സഹോദരനോടൊപ്പം വക്കീലും ഭര്‍ത്താവും തിരുവനന്തപുരത്ത് ചെന്ന് ബാലകൃഷ്ണനുമായി പരിചയപ്പെടുന്നു. സ്ഥലത്തിന്റെ നിജസ്ഥിതി മനസ്സിലാക്കുകയും ഏതാനും മരങ്ങള്‍ മുറിച്ചെടുക്കാന്‍ അനുമതി നേടുകയും ചെയ്തു.

2011 സെപ്റ്റംബറില്‍ ബാലകൃഷ്ണന്‍ അസുഖബാധിതനായപ്പോള്‍ വക്കീലും ഭര്‍ത്താവും വീണ്ടും തലസ്ഥാനത്തെത്തി. അവശനിലയിലായ ബാലകൃഷ്ണനില്‍ നിന്ന് മരണത്തിന് മുമ്പ് സ്വത്തുക്കള്‍ എഴുതിവാങ്ങാനാവുമോ എന്ന് ഒരു പരീക്ഷണം നടത്തിയെങ്കിലും ശ്രമം പാരജയപ്പെട്ടു. ഇരുവരും ബാലകൃഷ്ണനെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. എന്നാല്‍ മരണം സ്വാഭാവികമല്ലെന്നും സംശയമുണ്ട്. ബാലകൃഷ്ണന്റെ മൃതദേഹം ബന്ധുക്കളാണെന്ന് പറഞ്ഞ് ഏറ്റുവാങ്ങിയതും വക്കീലും ഭര്‍ത്താവുമായിരുന്നു. തുടര്‍ന്ന് മൃതദേഹം ഷൊര്‍ണ്ണൂരില്‍ തന്നെ സംസ്‌കരിക്കുകയും ചെയ്തു.

വന്‍ സ്വത്തിന്റെ ഉടമസ്ഥനായ ബാലകൃഷ്ണനില്‍ നിന്ന് മരണാനന്തരം സ്വത്ത് തട്ടിയെടുക്കാന്‍ വനിതാ വക്കീലിന്റെ ബുദ്ധിയിലുദിച്ച ആശയമായിരുന്നു വ്യാജവിവാഹരേഖ. വക്കീലിന്റെ സഹോദരി കോറോത്തെ ജാനകിയെ ബാലകൃഷ്ണന്റെ ഭാര്യയാക്കിയാണ് വ്യാജ വിവാഹരേഖ ഉണ്ടാക്കിയത്. 72 വയസ്സുള്ള ജാനകി ബാലകൃഷ്ണനെ 1980 ഏപ്രില്‍ ഏഴിന് വിവാഹം ചെയ്തതായാണ് അമ്പലത്തില്‍നിന്ന് നല്‍കിയതായി പറയപ്പെടുന്ന രേഖ. പക്ഷേ, അപ്പോള്‍ ജാനകി ആദ്യവിവാഹം ഒഴിവായി മംഗളൂരുവിനടുത്ത് കാര്‍ക്കളയില്‍ രണ്ടാംഭര്‍ത്താവായ ശ്രീധരന്‍ നായര്‍ക്കൊപ്പം താമസിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയതോടെയാണ് തട്ടിപ്പിന്റെ കഥ പൊളിഞ്ഞു തുടങ്ങിയത്.

ജാനകി 1970ല്‍ ആദ്യം വിവാഹംചെയ്തത് പയ്യന്നൂരിലെ ഗോപാല പൊതുവാള്‍. രണ്ടാംവിവാഹം രജിസ്റ്റര്‍ ചെയ്തത് 1980 ജൂലായ് 10ന്. രണ്ടാംഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്ന് 2005ലാണ് കോറോത്തെ തറവാട്ട് വീട്ടിലെത്തി സ്ഥിരതാമസം തുടങ്ങിയത്. അതിനും മൂന്നുമാസംമുന്‍പ് ഏപ്രില്‍ 27ന് ബാലകൃഷ്ണനെ വിവാഹം ചെയ്തതായാണ് പുതിയ രേഖയുണ്ടാക്കിയത്. പരേതനായ ബാലകൃഷ്ണന്റെ ഭാര്യയായ അവര്‍ക്കല്ലാതെ മറ്റാര്‍ക്കും ബാലകൃഷ്ണന്റെ സ്വത്തുക്കളില്‍ അവകാശമില്ലെന്ന് വില്ലേജ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. അതുപയോഗിച്ച് പിന്തുടര്‍ച്ചാവകാശം സ്ഥാപിക്കാന്‍ ഗസറ്റില്‍ പരസ്യം നല്‍കി. 2012 ജൂണ്‍ 15ന്റെ ഗസറ്റില്‍ പരസ്യം വന്നു. തൊട്ടടുത്ത ദിവസംതന്നെ ഉന്നതതല സ്വാധീനമുപയോഗിച്ച് പിന്തുടര്‍ച്ചാവകാശരേഖ കൈക്കലാക്കി.

തളിപ്പറമ്പ് നഗരത്തിലെ ഏക്കറുകള്‍വരുന്ന കൂട്ടുസ്വത്തിലെ അവകാശം, പരിയാരത്തെ 12 ഏക്കറിന്റ പകുതി, തലസ്ഥാനത്തെ വീട്, തരക്കേടില്ലാത്ത കുടുംബ പെന്‍ഷന്‍. എല്ലാം കൂടി 400കോടി രൂപയുടെ സ്വത്ത് വരും. മൂത്ത സഹോദരിയെ ഇതിനെല്ലാം അവകാശിയാക്കിയ വനിതാ വക്കീല്‍ പിന്നെ കൂട്ടുസ്വത്ത് വിഭജിക്കാന്‍ കോടതിയെ സമീപിച്ചു. പരിയാരത്തെ 12 ഏക്കറില്‍ ആറേക്കര്‍ കോടതിവിധിയിലൂടെ സഹോദരിയുടെ ൈകയിലായ ഉടനെ അത് സ്വന്തം പേരിലേക്ക് മാറ്റിച്ചു. പിന്നീട് ഇവര്‍ തിരുവനന്തപുരത്തെ വീടിന്റെ അവകാശം നേടിയതും കോടതിയെ സമീപിച്ചാണ്.

കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളിന്മേലുള്ള തട്ടിപ്പിന് ഷൈലജ സഹോദരി ജാനകിയെയാണ് കരുവാക്കിയതെങ്കിലും ജാനകിക്ക് ലഭിച്ചിരുന്നത് നഗരസഭാ പെന്‍ഷനായ വെറും 1000 രൂപ മാത്രമാണ്. ബാലകൃഷ്ണന്റെ പിന്‍തുടര്‍ച്ചാവകാശി എന്ന നിലയില്‍ മാസാമാസം ജാനകിയുടെ പേരില്‍ വരുന്ന കുടുംബ പെന്‍ഷന്‍ തട്ടിയെടുക്കുന്നതും മറ്റാരോ ആണ്. അതിന്റെ പിറകിലും വനിതാ വക്കീലും ഭര്‍ത്താവുമാണെന്നാണ് വിവരം. ജാനകി ഈ കേസില്‍ പ്രതിയാണെങ്കിലും വെറും ആജ്ഞാനുവര്‍ത്തി മാത്രമാണെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.

ബാലകൃഷ്ണനെ തിരുവനന്തപുരത്ത് പേട്ടയിലെ വസതിയില്‍ പരിചരിച്ച വയോധികയായ സ്ത്രീയെ പൊലീസ് കണ്ടെത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അസുഖ ബാധിതനായ ബാലകൃഷ്ണനെ തിരുവനന്തപുരത്ത് നിന്നും ഇത്രയും ദൂരം കൊണ്ടു വന്നതിന്റെ ദുരൂഹത വിട്ടൊഴിയുന്നില്ല. മതിയായ ചികിത്സാ സൗകര്യങ്ങള്‍ അവിടെയുണ്ടായിട്ടും കോഴിക്കോട്ടെക്ക് എന്നു പറഞ്ഞാണ് വക്കീലും ഭര്‍ത്താവും സംഘവും നിര്‍ബന്ധിച്ച് ഡിസ്ച്ചാര്‍ജ് വാങ്ങി ബാലകൃഷ്ണനെ കൊണ്ടു പോയത്.

കൊടുങ്ങല്ലൂരിലെത്തിയപ്പോള്‍ തന്നെ ബാലകൃഷ്ണന്‍ മരിച്ചെന്നാണ് തളിപ്പറമ്പിലെ ബന്ധുക്കളേയും നാട്ടുകാരേയും അറിയിച്ചത്. എന്നാല്‍ മൃതദേഹം ബന്ധുക്കള്‍ക്കോ നാട്ടുകാര്‍ക്കോ കാണാനുള്ള സമയം അനുവദിച്ചിരുന്നില്ല. ഷൊര്‍ണൂരില്‍ കൊണ്ടു പോയി മറവു ചെയ്യുകയായിരുന്നു. ബാലകൃഷ്ണനെ ഈ സംഘം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button