ഇന്ന് ലോക പരിസ്ഥിതി ദിനം. എല്ലാ വര്‍ഷവും ജൂണ്‍ അഞ്ചിന് ലോകമൊട്ടാകെ പരിസ്ഥിതി ദിനം ആചരിക്കുമ്പോള്‍ നാം ചിന്തിക്കാറുണ്ടോ പച്ച പുതച്ച ഭൂമി ഓരോ വര്‍ഷവും എത്രത്തോളം മരിക്കുന്നുവെന്ന്. ഓരോ പരിസ്ഥിതി ദിനത്തിലും സാമൂഹിക പ്രമുഖരും, വിവിധ പരിസ്ഥിതി സംഘടനകളും ആയിരക്കണക്കിന് മരങ്ങള്‍ വെച്ചുപിടിപ്പിക്കാറുണ്ട്. ഇതല്ലാതെ വെച്ചുപിടിപ്പിക്കുന്നവര്‍ ഇതിനെ പരിപാലിക്കുന്നുണ്ടോ? അതിനായുള്ള നടപടികള്‍ സ്വീകരിക്കാറുണ്ടോ? ഇല്ലെന്ന് തന്നെ പറയാം. ഇവരുടെ പല പ്രവര്‍ത്തനങ്ങളും കടലാസില്‍ മാത്രം ഒതുങ്ങുകയാണ്. ഇത്തരത്തിലുള്ള രീതിയാണ് ആദ്യം മാറേണ്ടത്. മാത്രമല്ല പ്രകൃതിയോടുള്ള മനുഷ്യന്റെ ഇടപെടലാണ് ഏറ്റവും വലുതെന്ന് നാളെയുടെ തലമുറയെ പറഞ്ഞു പഠിപ്പിക്കുകയും വേണം. അവരെ പ്രകൃതിയുടെ മടിത്തൊട്ടിലിലേക്ക് ഇറക്കിവിട്ട് പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും പഠിപ്പിക്കണം.
മനുഷ്യന്‍ ഒഴികെയുള്ള ജന്തുജാലങ്ങളെല്ലാം തികച്ചും പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കുന്നു എന്നുതന്നെ പറയാം. അവ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്നു. ഒരു മരം മുറിച്ചാല്‍ പകരം മറ്റൊരു മരം ഏതെങ്കിലും കോണില്‍ നടുന്നതോ, പരിസ്ഥിതി ദിനത്തില്‍ ആയിരം തൈകള്‍ നടുന്നതോ അല്ലാതെയുള്ള പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ നാം ആരും തന്നെ കാണുന്നില്ല. പുതുതലമുറയും ഇതുതന്നെ കണ്ടു പഠിക്കുന്നു. ഈ രീതി മാറണം. ജല മലിനീകരണവും, വായു മലിനീകരണവും, അന്തരീക്ഷ മലിനീകരണവും ഒരുപോലെ പരിസ്ഥിതിക്ക് ഭീഷണി ഉയര്‍ത്തുന്നു. ഇവ മൂന്നും ഒരുപോലെ തടയാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇനി വേണ്ടത്.
” പ്രകൃതിക്കായി കൈകോര്‍ക്കാന്‍ ലോകം ഒരുമിക്കട്ടെ ” എന്ന ആശയമാണ് ഇത്തവണ പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യമായി യുഎന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ധ്രുവ പ്രദേശങ്ങള്‍ മുതല്‍ ഭൂമദ്ധ്യരേഖ വരെയുള്ള നാട്ടിലും നഗരത്തിലും ജീവിക്കുന്ന മുഴുവന്‍ മനുഷ്യവംശത്തെയും പ്രകൃതിയോട് ഇഴചേര്‍ക്കുക എന്ന വലിയ ആശയം മുന്നോട്ടുവെക്കുമ്പോള്‍ അതിനായി പ്രായഭേദമന്യേ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടത്. തിരക്കേറിയ ഇന്നത്തെ ജീവിതത്തിലെ ആര്‍ത്തിയും ആസക്തിയും മാറ്റിവെച്ച് പരിസ്ഥിതിക്കായി ഓരോ ദിവസവം കുറച്ചുനേരം നല്കിയാല്‍ വളര്‍ന്നു വരുന്ന പുതു തലമുറയെങ്കിലും ഭൂമിയെ അറിഞ്ഞ് ജീവിക്കും എന്നുറപ്പ്.
മുകളില്‍ കണ്ടത് മണലൂറ്റ് മൂലം സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ട് പരന്നു കിടക്കുന്ന നെയ്യാറിന്റെ കാഴ്ചയാണ്. അനധികൃതമായി മണലൂറ്റി പരിസ്ഥിതിയെ കൊല്ലുന്ന ഓലത്താനി തെങ്ങാട്ട് കടവില്‍ നിന്നുള്ള ദയനീയ കാഴ്ച .
Post Your Comments