തിരുവനന്തപുരം: ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൽ സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകൾ നടും. വനം, പരിസ്ഥിതി, കൃഷി വകുപ്പുകള്‍ ചേര്‍ന്നാണു തൈകൾ ഒരുക്കിയത്. വിദ്യാഭ്യാസ തദ്ദേശ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് ഗവര്‍ണര്‍ നിര്‍വഹിക്കും.
വിദ്യാലയങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, സന്നദ്ധസംഘടനകള്‍ എന്നിവ പങ്കാളികളാകും. എല്ലാവരും പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആരംഭിക്കുന്ന വൃക്ഷവത്ക്കരണ പരിപാടിയില്‍ സഹകരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന് അഭ്യർഥിച്ചു. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ വഴി മരക്കൊയ്ത്ത് എന്ന പേരില്‍ നാല്പത് ലക്ഷം വൃക്ഷത്തൈകളാണ് വിതരണം ചെയ്യുന്നത്. ഓരോ വിദ്യാര്‍ത്ഥിക്കും, ഓരോ മരം എന്ന ആശയത്തിലൂഴ്ന്നിയാണ് വിദ്യാഭ്യാസ വകുപ്പ് പദ്ധതി നടപ്പാക്കുന്നത്.
ഈ വര്‍ഷത്തെ പരിസ്ഥിതി ദിനസന്ദേശം ‘പ്രകൃതിയുമായി ഒത്തുചേരാന്‍ ഒന്നിക്കൂ’ എന്നാണ്. അതതു സ്ഥാപനങ്ങള്‍ തൈകളുടെ ശേഖരണവും മെച്ചപ്പെട്ട പരിപാലനവും ഉറപ്പുവരുത്തണം. മുരിങ്ങ, സീതപ്പഴം, വീട്ടി, തേക്ക്, കുന്നിവാക, നെല്ലി, ഇലഞ്ഞി, താന്നി, അശോകം, മാവ്, കണിക്കൊന്ന, ഞാവല്‍, കമ്പകം, നീര്‍മരുത്, ചന്ദനം, വേങ്ങ, കറിവേപ്പ്, മണിമരുത്, കുമ്പിള്, പൂവരശ് തുടങ്ങി ഫലവൃക്ഷ-ഔഷധയിനത്തില്‍പ്പെട്ട നൂറോളം ഇനം വൃക്ഷങ്ങളാണ് നടുന്നത്.
പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന മരങ്ങള്‍ വെട്ടിമാറ്റുന്ന പരിപാടിക്കും ഇന്ന് തുടക്കമാകും. പരിസ്ഥിതി സംരക്ഷണത്തിലൂടെ ജലസമൃതി വീണ്ടെടുത്ത് കേരളത്തെ ഹരിതാഭമാക്കാന്‍ വ്യാപകമായി മരം നടണമെന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്.
Post Your Comments