KeralaLatest NewsNews

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക് : അയ്യായിരം രൂപ മാത്രം ഫീസുള്ള കോഴ്‌സിന് വാങ്ങുന്നത് നാല് ലക്ഷം രൂപ : ചതിയില്‍ പെടരുതെന്ന് അഭ്യര്‍ത്ഥന

അയ്യായിരം രൂപ മാത്രം ഫീസുള്ള കോഴ്സിന് വാങ്ങുന്നത് നാല് ലക്ഷം രൂപ. രക്ഷിതാക്കളോട് ചതിയില്‍ പെടരുതെന്ന് അഭ്യര്‍ത്ഥനയുമായി പൂര്‍ വിദ്യാര്‍ത്ഥികള്‍ രംഗത്ത്.

വ്യോമയാന മേഖലയില്‍ മികച്ച തൊഴിലവസരം വാഗ്ദാനം ചെയ്താണ് വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും എയിംഫ് അക്കാദമി ചതിയില്‍പ്പെടുത്തുന്നത്. കോഴിക്കോട് മാവൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന എയിംഫില്‍ അക്കാദമിയാണ് പുതിയ തട്ടിപ്പ് തന്ത്രങ്ങള്‍ മെനഞ്ഞ് അഡ്മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചത്.

മുന്‍വര്‍ഷത്തെ വിദ്യാര്‍ത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അടച്ചുപൂട്ടപ്പെട്ട സ്ഥാപനമാണ് ഉടമകളുടെ സ്വാധീനശക്തിയാല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഇതോടെ സ്ഥാപനത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വീണ്ടും രംഗത്ത് എത്തിയിരിക്കയാണ്.
വ്യോമയാന മേഖലയില്‍ ബി ബി എ, എം ബി എ ബിരുദങ്ങള്‍ വാഗ്ദാനം ചെയ്താണ് സ്ഥാപനം വിദ്യാര്‍ത്ഥികളെ ആകര്‍ഷിച്ചിരുന്നത്. എന്നാല്‍ അഡ്മിഷന്‍ സമയത്ത് പറഞ്ഞ കാര്യങ്ങളൊന്നും പാലിക്കാത്തതിനെ തുടര്‍ന്നാണ് സ്ഥാപനത്തിനെതിരെ കുറച്ച് മുമ്പ് വിദ്യാര്‍ത്ഥികള്‍ രംഗത്തത്തെിയത്. ഭാരതീയാര്‍ യൂണിവേഴ്സിറ്റിയുടെ കീഴില്‍ മൂന്ന് വര്‍ഷ കാലയളവുള്ള സെവന്‍ സ്റ്റാര്‍ ഏവിയേഷന്‍ കോഴ്സ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്ഥാപനം നാല് ലക്ഷം രൂപ വരെ ഫീസിനത്തില്‍ തട്ടിയെടുത്തത്.

യൂണിവേഴ്സിറ്റിയില്‍ അന്വേഷിച്ചപ്പോഴാണ് അയ്യായിരത്തോളം രൂപ മാത്രം ഫീസുള്ള കോഴ്സിനാണ് ഇത്രയും വലിയ തുക ഈടാക്കിയതെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തമായത്. ഇത്രയും പണം ഈടാക്കിയിട്ടും പഠനത്തിനാവശ്യമായ പുസ്തകങ്ങള്‍, യൂണിഫോം, ട്രെയിനിങ് എന്നിവയൊന്നും കുട്ടികള്‍ക്ക് നല്‍കിയില്ല. മാത്രമല്ല മൂന്ന് വര്‍ഷത്തെ കോഴ്സ് ഫീ പൂര്‍ണ്ണമായും ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ അടയ്ക്കുവാന്‍ വേണ്ടി വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു സ്ഥാപനം.

സ്ഥാപനത്തിന്റെ തട്ടിപ്പുകളെക്കുറിച്ച് പുറത്ത് പറഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് വക്കീല്‍ നോട്ടീസയച്ചും സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ച് നല്‍കാതെയുമാണ് ഇവരുടെ പീഡനം.

അഡ്മിഷന്‍ സമയത്ത് തന്നെ വിദേശത്തേക്ക് വിമാനത്തില്‍ കൊണ്ടുപോയി ഇന്‍ ഫ്ളൈറ്റ് ട്രെയിനിങ് സ്ഥാപനം വാഗ്ദാനം ചെയ്തിരുന്നു. വിദ്യാര്‍ത്ഥികളുടെ ഫീസില്‍ ഇതും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇന്‍ ഫ്ളൈറ്റ് ട്രെയിനിങ് എന്ന പേരും പറഞ്ഞ് കുട്ടികളില്‍ നിന്ന് തുക ഈടാക്കിയാണ് സ്ഥാപനം പിന്നീട് അവരെ ദുബായിലേക്ക് കൊണ്ടുപോയത്. സറ്റുഡന്‍സ് വിസ എടുക്കാതെ സെയില്‍സ് മാന്‍ വിസയിലാണ് കൊണ്ടുപോയത്. എന്നാല്‍ യാതൊരു ട്രെയിനിംഗും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയില്ല. ഈ യാത്രയില്‍ എടുത്ത ചിത്രങ്ങള്‍ ഉള്‍പ്പെടെ പരസ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും അടുത്തവര്‍ഷത്തേക്കുള്ള കുട്ടികളെ പിടിക്കാനുള്ള ഉപായമാക്കി മാറ്റുകയുമായിരുന്നു സ്ഥാപന അധികൃതര്‍.

shortlink

Related Articles

Post Your Comments


Back to top button