ന്യൂഡല്‍ഹി : പാകിസ്ഥാന്റെ കിരാത നടപടിയ്‌ക്കെതിരെ രാജ്യം ഒറ്റക്കെട്ട്. പാകിസ്ഥാനെതിരെ ശക്തമായ നടപടിയെടുക്കാന്‍ ഒരുങ്ങി ഇന്ത്യ.
പാകിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന്റെ കാര്യത്തില്‍ രാജ്യം ഒറ്റക്കെട്ടായി പൊരുതുമെന്ന് ഇന്ത്യ വ്യക്തമാക്കി. കുല്‍ഭൂഷണ്‍ ജാദവിനെ വധിക്കുന്നത് ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് ഇന്ത്യ പാക്കിസ്ഥാനു താക്കീതു നല്‍കി. ജാദവിനെ ചാരനെന്നു മുദ്രകുത്തി വധിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമത്തെ പാര്‍ലമെന്റിന്റെ ഇരുസഭകളും അപലപിച്ചു. ഇരുസഭകളിലും ഭരണ, പ്രതിപക്ഷങ്ങള്‍ ഒരേസ്വരത്തിലാണു പാക്ക് നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തിയത്.
ഭീകരതയ്ക്കു പാക്കിസ്ഥാന്‍ നല്‍കുന്ന പിന്തുണയില്‍നിന്നു രാജ്യാന്തര സമൂഹത്തിന്റെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്നു രാഷ്ട്രീയഭേദമന്യേ എംപിമാര്‍ കുറ്റപ്പെടുത്തി. പ്രശ്‌നത്തില്‍ രാജ്യത്തിന്റെ കര്‍ക്കശ നിലപാടു വ്യക്തമാക്കുന്ന പ്രസ്താവന വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇരുസഭകളിലും സമര്‍പ്പിച്ചു.
അടിസ്ഥാന നിയമനിബന്ധനകള്‍ പാലിക്കാതെയും നീതിരഹിതമായും രാജ്യാന്തര ബന്ധങ്ങള്‍ക്കെതിരായും ഇന്ത്യന്‍ പൗരനെതിരെ പ്രഖ്യാപിച്ച ശിക്ഷാവിധിയെ അതീവഗൗരവത്തോടെയാണു കാണുന്നത്. ജാദവിനെതിരെ നിലനില്‍ക്കുന്ന തെളിവുകളൊന്നുമില്ല.
തുടര്‍നടപടികള്‍ക്കു മുന്‍പ് ഇന്ത്യയുടെ നയതന്ത്രപ്രതിനിധികള്‍ക്കു ജാദവിനെ കാണാന്‍ അനുമതി നല്‍കണമെന്ന ആവശ്യം നിലനില്‍ക്കുമ്പോള്‍ വധശിക്ഷ പ്രഖ്യാപിച്ചത് അത്യസാധാരണമാണ്. ജാദവിനു സാധ്യമായ എല്ലാ സഹായവും നല്‍കും.
Post Your Comments