കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മുഖ്യ തെളിവായ മൊബൈല്‍ ഫോണ്‍ ഇല്ലാതെ തന്നെ അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ് ഒരുങ്ങുന്നു. ദിവസങ്ങള്‍ നീണ്ട തെരച്ചിലിനു ശേഷവും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘംത്തിന്റെ നീക്കം. എന്നാല്‍ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തി എന്ന കുറ്റം മൊബൈല്‍ ഫോണ്‍ കിട്ടിയില്ലെങ്കില്‍ നിലനില്‍ക്കുമോയെന്ന് സംശയിക്കുന്നുണ്ട്.
നടിയുടെ അപകീര്‍ത്തികരമായ ദ്യശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിങിന് ശ്രമിച്ചു എന്നതാണ് പ്രതികള്‍ക്കെതിരായ കുറ്റം. ഒപ്പം ലൈംഗികാതിക്രമത്തിനും ശ്രമിച്ചു. ഇക്കാര്യത്തില്‍ പൊലീസിന്റെ കൈവശമുള്ള തെളിവുകള്‍ ഇവയാണ്.സംഭവം നടന്ന് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു.
സംഭവം നടന്ന് അഞ്ച് മണിക്കൂറിനുള്ളില്‍ തന്നെ നടിയുടെ വൈദ്യ പരിശോധന നടത്തി. പ്രതിയുടെ സ്രവം വൈദ്യ പരിശോധനയില്‍ തിരിച്ചറിഞ്ഞു. നടിയുടെ രഹസ്യമൊഴി തൊട്ടടുത്ത ദിവസം മജിസ്ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തി. നടി സഞ്ചരിച്ച വാഹനത്തിനുള്ളില്‍ നിന്ന് പ്രതികളുടെ സ്രവങ്ങളും വിരലടയാളവും കിട്ടി.
നടിയുടെ കാറിനെ പിന്തുടര്‍ന്ന കേറ്ററിങ് വാഹനത്തിനുള്ളില്‍ നിന്ന് പ്രതികളുടെ ശരീര സ്രവം പറ്റിയ വസ്ത്രങ്ങള്‍ ലഭിച്ചു. പ്രതികളുടെ വിരലടയാളവും വാഹനത്തില്‍ നിന്ന് കിട്ടി. അത്താണി മുതല്‍ പ്രതികളുടെ വാഹനം നടിയുടെ വാഹനത്തെ പിന്തുടരുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളും ലഭിച്ചു. പ്രതികളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും ഇത് ശരിവക്കുന്നു. ഇതെല്ലാം പ്രതികളെ ശിക്ഷിക്കാന്‍ തക്ക തെളിവാകുമെന്ന് കണക്കുകൂട്ടുന്നു .
എന്നാല്‍ അന്വേഷത്തില്‍ മൊബൈല്‍ ഫോണ്‍ കിട്ടിയില്ലെങ്കില്‍ അപകീര്‍ത്തികരമായ ദ്യശ്യങ്ങള്‍ പകര്‍ത്തി എന്ന കുറ്റം തെളിയിക്കാന്‍ ബുദ്ധിമുട്ടാകും.അതുകൊണ്ടാണ് മറ്റേതെങ്കിലും ഫോണിലേക്കോ മെമ്മറി കാര്‍ഡിലേക്കോ ഇത് പകര്‍ത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ ശ്രമിക്കുന്നത്.
Post Your Comments