കൊച്ചി: പിടിവാശിയുമായി സിനിമാസമരം നടത്തുന്ന കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളരുന്നു. സംഘടനയുടെ നിലപാടില്‍ പ്രതിഷേധിച്ച് സംസ്ഥാന ട്രഷറര്‍ കവിതാ സാജു തത്സ്ഥാനം രാജിവെച്ചു. സാജുവിന്റെ ഉടമസ്ഥതയിലുള്ള എറണാകുളം കവിത തീയേറ്ററില്‍ വീണ്ടും പുലിമുരുകന്‍ പ്രദര്‍ശനം തുടങ്ങി. സാജുവിന്റെ തന്നെ മാവേലിക്കരയിലെ പ്രതിഭാ തീയേറ്ററില്‍ ഇന്നുമുതല്‍ ഭൈരവയും പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്.
അതേസമയം ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ അംഗങ്ങളായ ഇ.വി.എം ഗ്രൂപ്പും മുത്തൂറ്റ് ഗ്രൂപ്പും ഫെഡറേഷന്‍ അംഗത്വം ഉപേക്ഷിച്ചു. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ അംഗത്വമുള്ള കോട്ടയം അനുപമ, ചങ്ങനാശ്ശേരി അപ്‌സര, പാലാ മഹാറാണി, ആലപ്പുഴ റെയ്‌സാന്‍, കളിയിക്കാവിള തമ്മീന്‍സ് എന്നീ തീയേറ്ററുകളില്‍ ഭൈരവ പ്രദര്‍ശിപ്പിക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, ചങ്ങനാശ്ശേരി, പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിലെ മുത്തൂറ്റിന്റെ ഉടമസ്ഥതയിലുള്ള ധന്യാ, രമ്യ തീയേറ്ററുകളില്‍ ഇന്നുമുതല്‍ ചലച്ചിത്ര പ്രദര്‍ശനം ആരംഭിക്കും.
അതിനിടെ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനുമായി അതൃപ്തിയുള്ള തീയേറ്റര്‍ ഉടമകള്‍ നാളെ കൊച്ചിയില്‍ യോഗം ചേര്‍ന്ന് പുതിയ സംഘടനക്ക് രൂപം നല്‍കും. നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും പിന്തുണയോടെ നടന്‍ ദിലീപിന്റെ നേതൃത്വത്തിലാണ് തീയേറ്റര്‍ ഉടമകള്‍ പുതിയ സംഘടന രൂപീകരിക്കുന്നത്. മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകളുടെയും സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെയും പിന്തുണ ഈ സംഘടനക്ക് ഉണ്ടാകും. ദിലീപിന്റെതന്നെ ഉടമസ്ഥതയിലുള്ള ഡി-സിനിമാസും ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസും പുതിയ സംഘടനയില്‍ അംഗങ്ങളാകും.
എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ വിലക്ക് ലംഘിച്ച് വിജയ് ചിത്രം ഭൈരവ പ്രദര്‍ശിപ്പിച്ച 55 എ ക്ലാസ്സ് തീയേറ്ററുകളും പുതിയ സംഘടനയുടെ ഭാഗമാകുമെന്നാണ് വിവരം. ആദ്യം സെന്‍സര്‍ ചെയ്ത ചിത്രമെന്ന നിലയില്‍ സത്യന്‍ അന്തിക്കാടിന്റെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍ 19തന്നെ റിലീസ് ചെയ്യാനാണ് തീരുമാനം.
Post Your Comments