ന്യൂഡല്‍ഹി : ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നു റോഡ് സുരക്ഷയ്ക്കായുള്ള സുപ്രീം കോടതി സമിതി സംസ്ഥാനങ്ങളോടു നിര്‍ദേശിച്ചു. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതുവരെ വിട്ടുകൊടുക്കാന്‍ പാടില്ലെന്നും സുപ്രീം കോടതി മുന്‍ ജഡ്ജി കെ.എസ്.രാധാകൃഷ്ണന് അധ്യക്ഷനായ സമിതി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കുള്ള കത്തില്‍ വ്യക്തമാക്കി.
രാജ്യത്തെ പകുതിയിലേറെ വാഹനങ്ങള്‍ക്കും തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോലും ഇല്ലെന്നാണ് ഇന്‍ഷുറന്‍സ് നിയന്ത്രണ വികസന അതോറിറ്റിയും (ഐആര്‍ഡിഎ) ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സിലും റോഡ് സുരക്ഷാ സമിതിയോടു വ്യക്തമാക്കിയത്. വാഹന ഉടമകളില്‍ പലരും രണ്ടാം വര്‍ഷം മുതല്‍ ഇന്‍ഷുറന്‍സ് പുതുക്കാറില്ല. ഇരുചക്ര വാഹനങ്ങളില്‍ 75 ശതമാനത്തിനും ഇന്‍ഷുറന്‍സ് ഇല്ല. പരിശോധനയില്‍ പലരും വ്യാജരേഖകള്‍ ഹാജരാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. മോട്ടോര്‍ വാഹന നിയമത്തിലെ 146-ാം വകുപ്പനുസരിച്ചു വാഹനങ്ങള്‍ക്കു തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എങ്കിലും നിര്‍ബന്ധമാണ്.
തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങളുടെ ഉടമകള്‍ക്കു മൂന്നുമാസം വരെ തടവും 1000 രൂപ പിഴയുമാണു മോട്ടോര്‍ വാഹന നിയമത്തിലെ 196-ാം വകുപ്പുപ്രകാരമുള്ള ശിക്ഷ. തടവുശിക്ഷ വരെ വ്യവസ്ഥ ചെയ്തിട്ടും ഇന്‍ഷുറന്‍സ് എടുക്കാന്‍ പലരും തയാറാകുന്നതില്ലെന്നതാണു സ്ഥിതി. അപകടത്തില്‍ പെടുന്ന വാഹനങ്ങള്‍ നിര്‍ത്താതെ പോകുന്നതിന്റെ പ്രധാന കാരണം ഇന്‍ഷുറന്‍സ് ഇല്ലെന്നതാണെന്നു സമിതി വിലയിരുത്തുന്നു.
അപകടത്തില്‍പ്പെട്ട വാഹനം കണ്ടെത്താനാവാത്തപ്പോള്‍ അപകടത്തിന് ഇരയാകുന്നവര്‍ നഷ്ടപരിഹാരം ലഭിക്കാതെ ബുദ്ധിമുട്ടുന്ന സ്ഥിതിയുണ്ടാകുന്നു. എല്ലാ വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ഉറപ്പാക്കുകയാണു പ്രശ്നത്തിനുള്ള പ്രധാന പരിഹാരം. വാഹന ഇന്‍ഷുറന്‍സ് സംബന്ധിച്ച കേസില്‍ സുപ്രീം കോടതി നിര്‍ദേശാനുസരണം ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സിലാണു നിലവിലെ പ്രശ്നത്തിന്റെ ഗൗരവം റോഡ് സുരക്ഷാ സമിതിയെ ബോധ്യപ്പെടുത്തിയത്. തുടര്‍ന്ന്, കേന്ദ്ര ഗതാഗത മന്ത്രാലയം, ഐആര്‍ഡിഎ, സാമ്പത്തിക സേവന വകുപ്പ് തുടങ്ങിയവയുമായും സമിതി ചര്‍ച്ചചെയ്തു.
വാഹനങ്ങള്‍ പരിശോധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരും മറ്റും ഇന്‍ഷുറന്‍സ് രേഖകളും പരിശോധിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും വ്യാജ പോളിസികള്‍ തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍ പരിശോധകരെ പരിശീലിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ മാസം 31നു മുന്‍പ് ശേഖരിക്കാന്‍ റോഡ് സുരക്ഷയ്ക്കായുള്ള സുപ്രീം കോടതി സമിതി ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാനങ്ങളിലെയും ഗതാഗത അതോറിറ്റിക്ക് ഇത് ലഭ്യമാക്കണമെന്നാണു കേന്ദ്ര മന്ത്രാലയത്തോടും ഐആര്‍ഡിഎയോടും സമിതി നിര്‍ദ്ദേശിച്ചത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്കു വാഹനം പിടിച്ചെടുക്കലും മറ്റും നടത്താനാവും. തുടര്‍നടപടികള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാന്‍ സംസ്ഥാനങ്ങളോടും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments