Kerala

ഹരിവരാസനം പുരസ്‌കാരം ഗംഗൈ അമരന്

തിരുവനന്തപുരം•സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത സംഗീതജ്ഞന്‍ ഗംഗൈ അമരന്. മതസൗഹാര്‍ദ്ദത്തിനും ദേശീയോദ്ഗ്രഥനത്തിനും അദ്ദേഹം നല്‍കിയ സേവനങ്ങള്‍ കണക്കിലെടുത്താണ് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്ന അവാര്‍ഡ് സമ്മാനിക്കുന്നത്. മകരവിളക്ക് ദിവസമായ ജനുവരി 14ന് രാവിലെ 10 മണിക്ക് ശബരിമലയില്‍വെച്ച് സഹകരണ-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുരസ്‌കാരം സമ്മാനിക്കും. ശബരിമല മാസ്റ്റര്‍പ്ലാന്‍ ഉന്നതാധികാര സമിതി ചെയര്‍മാന്‍ കെ. ജയകുമാര്‍, ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ദേവസ്വം കമ്മീഷണര്‍ സി.പി. രാമരാജ പ്രേമപ്രസാദ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

1947 ഡിസംബര്‍ എട്ടിന് തമിഴ്‌നാട് തേനി ജില്ലയിലെ പന്നായിപുരത്ത് ദാനിയല്‍ രാമസ്വാമിയുടേയും ചിന്നതായിയുടേയും മകനായി ജനിച്ച ഗംഗൈ അമരന്‍ എന്ന അമര്‍ സിംഗ് പ്രശ്‌സത സംഗീതജ്ഞന്‍ ഇളയരാജയുടെ ഇളയ സഹോദരനാണ്. ചെറുപ്രായത്തില്‍ത്തന്നെ സംഗീതത്തില്‍ തത്പരനായിരുന്ന അദ്ദേഹം, 22ാം വയസില്‍ ചെന്നൈയില്‍ എത്തി ഗിത്താറിസ്റ്റായി പ്രവര്‍ത്തിച്ചു. ഈ കാലഘട്ടത്തില്‍ എം.എസ്. വിശ്വനാഥന്‍, രാമമൂര്‍ത്തി, കെ.വി. മഹാദേവന്‍, കുന്നക്കുടി വൈദ്യനാഥന്‍, വി. കുമാര്‍ തുടങ്ങിയവര്‍ക്കൊപ്പവും മറ്റ് പ്രമുഖ തമിഴ്, മലയാളം, കന്നട, തെലുങ്ക് സംഗീത സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു.

ഗംഗൈ അമരനും സഹോദരങ്ങളായ ആര്‍.ഡി. ഭാസ്‌കറും പവലാര്‍ വരദരാജനുമായിരുന്നു ഇശൈജ്ഞാനി ഇളയരാജയുടെ സംഗീതത്തിനു പിന്നിലെ ശക്തിസ്രോതസ്സുകള്‍. ഗായകന്‍, സംഗീതസംവിധായകന്‍, ഗാനരചയിതാവ്, നിര്‍മാതാവ്, സംവിധായകന്‍ തുടങ്ങി വ്യത്യസ്തമേഖലകളില്‍ സജീവ സാന്നിധ്യമാണ് ഗംഗൈ അമരന്‍. 3000ല്‍ ഏറെ ഗാനങ്ങള്‍ രചിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി 180 ലേറെ ചലച്ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചു. ഒട്ടേറെ അയ്യപ്പഭക്തിഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിട്ടുണ്ട്. കലൈമാമണി ഇയല്‍, ഇയല്‍ ഇസൈവാനര്‍, ഇയക്കുനര്‍ സെമ്മല്‍, മന്നിസൈ മൈന്ദര്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രമുഖ സംവിധായകന്‍ വെങ്കിട്ട് പ്രഭു, നടന്‍ പ്രേംജി അമരന്‍ എന്നിവര്‍ മക്കളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button