കണ്ണൂര്‍● സോള്‍ജ്യര്‍ ടെക്‌നിക്കല്‍, റിലീജ്യസ് ടീച്ചേഴ്‌സ് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ എന്നീ തസ്തികകളിലേക്കുള്ള ഉത്തരമേഖലാ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി കണ്ണൂര്‍ പോലിസ് മൈതാനിയില്‍ ആരംഭിച്ചു. ആദ്യദിനത്തില്‍ കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകള്‍, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത 2250 പേരില്‍ 1320 പേര്‍ പങ്കെടുത്തതായി ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ (സ്റ്റേറ്റ്‌സ്) റിക്രൂട്ടിംഗ്, ബ്രിഗേഡിയര്‍ ജനറല്‍ പി.എസ് ബജ്‌വ പറഞ്ഞു. കോഴിക്കോട്, വയനാട്, പാലക്കാട്, തൃശ്ശൂര്‍ ജില്ലക്കാര്‍ നാളെ പങ്കെടുക്കും. മിനി സൈനിക റിക്രൂട്ട്‌മെന്റാണ് കണ്ണൂരിലേത്. ഈ വര്‍ഷത്തെ പ്രധാന റിക്രൂട്ട്‌മെന്റ് റാലി ഏപ്രിലില്‍ വയനാട്ടില്‍ നടന്നിരുന്നു.
ടെക്‌നിക്കല്‍ സോള്‍ജ്യറുടെ 200ലേറെ ഒഴിവുകളിലേക്കാണ് നിലവില്‍ നിയമനം നടക്കുക. ഇവിടെ നടക്കുന്ന കായികക്ഷമതാ പരിശോധന, ശാരീരിക അളവ് പരിശോധന, വൈദ്യ പരിശോധന എന്നിവയില്‍ വിജയിക്കുന്നവര്‍ക്ക് കോഴിക്കോട് ആര്‍മി റിക്രൂട്ടിംഗ് കേന്ദ്രത്തില്‍ വച്ച് ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടക്കുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്നവരെ മാര്‍ച്ച് മുതല്‍ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ റെജിമെന്റുകള്‍ക്കൊപ്പം നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യപരിശോധനയില്‍ പരാജയപ്പെടുന്നവര്‍ക്ക് ഒന്നര മാസത്തിനു ശേഷം ഒരു അവസരം കൂടി നല്‍കും. സൈനികസേവനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ സമഗ്ര പരിശീലനത്തിലൂടെയും ത്യാഗസന്നദ്ധതയിലൂടെയും പുതിയൊരാളായി മാറുകയാണ് ചെയ്യുന്നത്. അതോടെ അവരുടെയും കുടുംബത്തിന്റെയും ജീവിത നിലവാരം വലിയ തോതില്‍ മെച്ചപ്പെടും. മറ്റ് ആനുകൂല്യങ്ങള്‍ക്കൊപ്പം, കേഡര്‍ തസ്തികയില്‍ തന്നെ തുടക്കത്തില്‍ 20,000 രൂപയ്ക്കു മുകളില്‍ വേതനം ലഭിക്കുന്ന മെച്ചപ്പെട്ട പാക്കേജാണ് സൈന്യത്തിന്റേതെന്നും അദ്ദേഹം വ്യക്തമാക്കി.
റിക്രൂട്ട്‌മെന്റ് റാലിക്ക് ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന ജില്ലകളിലൊന്നാണ് കണ്ണൂര്‍. ഏറ്റവും നല്ല കഴിവുള്ള ഉദ്യോഗാര്‍ഥികളെ സൈനിക സേവനത്തിന് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ തികച്ചും സുതാര്യമായാണ് റിക്രൂട്ട്‌മെന്റ് നടപടികളെന്നും കേരള, കര്‍ണാടക സംസ്ഥാനത്തെ റിക്രൂട്ടിംഗ് ചുമതലയുള്ള അദ്ദേഹം പറഞ്ഞു. ഏതെങ്കിലും രീതിയില്‍ റിക്രൂട്ട്‌മെന്റ് നടപടിയെ സ്വാധീനിക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്. ആര്‍ക്കും കാണാവുന്ന രീതിയില്‍ പരസ്യമായാണ് സെലക്ഷന്‍ പ്രക്രിയ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റാലി സംഘടിപ്പിക്കുന്നതിന് സംസ്ഥാന-ജില്ലാ ഭരണകൂടങ്ങളുടെ ഭാഗത്തുനിന്ന് നല്ല പിന്തുണയും സഹകരണവും ലഭിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളുടെ റിക്രൂട്ട്‌മെന്റ് ചുമതലയുള്ള ഡയരക്ടര്‍മാരായ കേണല്‍ ഹരേന്ദ്ര സിംഗ് ചൗഹാന്‍ (കോഴിക്കോട്), പി.ആര്‍ രവികുമാര്‍ (തിരുവനന്തപുരം), സെന്‍ഗള്‍ സന്താനം (ബെല്‍ഗാം) എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു
Post Your Comments