കൊച്ചി : സംസ്ഥാനത്ത് യൂബര്‍ ടാക്സിയ്ക്കെതിരെ ആക്രമണങ്ങളും എതിര്‍പ്പും വര്‍ധിക്കുന്നു. യൂബര്‍ ടാക്സി ഡ്രൈവര്‍ക്കെതിരെയും യാത്രക്കാര്ക്കെതിരെയുമുള്ള ഓട്ടോ ഡ്രൈവര്‍മാരുടെ ആക്രമണം ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത് എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ്. ഗായിക സയനോര വിളിച്ച യൂബര്‍ ടാക്സി ഡ്രൈവറെയാണ് ഓട്ടോ സംഘം ഭീഷണിപ്പെടുത്തിയത്. ടാക്സിയില്‍ കയറാന്‍ ശ്രമിച്ച തന്നെ തടഞ്ഞതായും ഓട്ടോ ഡ്രൈവര്‍മാര്‍ തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും സയനോര സമൂഹമാധ്യമമായ ഫേസ്ബുക്കിലൂടെ അറിയിച്ചു. തിരിച്ചു ബഹളം വച്ചപ്പോഴാണ് അവര്‍ പിന്‍വാങ്ങിയത്. ഇതോടെ കേട്ടാലറയ്ക്കുന്ന ചീത്തവിളിയാണ് ഉണ്ടായതെന്നും അവര്‍ പോസ്റ്റിലൂടെ അറിയിച്ചു. ഒറ്റയ്ക്കു യാത്ര ചെയ്ത തനിക്കു സ്ത്രീയെന്ന പരിഗണന പോലും നല്‍കിയില്ല – അവര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തേ, സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ വിദ്യ എന്ന യുവതിക്കും സമാനമായ അനുഭവം നേരിട്ടിരുന്നു. സ്റ്റേഷനുള്ളില്‍ വാഹനം കയറ്റരുതെന്നും പ്രീപെയ്ഡ് വാഹനം ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടാണ് അന്ന് ഒരു വിഭാഗം ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ യാത്രക്കാരിയെ ഭീഷണിപ്പെടുത്തുകയും യൂബര്‍ ഡ്രൈവറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തത്.
സംഭവം ഏറെ വിവാദമായിരുന്നു. തുടര്‍ന്ന്, സ്റ്റേഷനുകളില്‍നിന്ന് സര്‍വീസ് നടത്തുന്നതില്‍നിന്ന് ആരെയും വിലക്കിയിട്ടില്ലെന്ന് ദക്ഷിണ റെയില്‍വേ പത്രക്കുറിപ്പ് ഇറക്കിയിരുന്നു.
Post Your Comments