ചെന്നൈ● പ്രശസ്ത കര്‍ണാടക സംഗീത കുലപതി ഡോ.എം.ബാലമുരളീകൃഷ്ണ അന്തരിച്ചു. 86 വയസായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.
1930 ല്‍ ആന്ധ്രാപ്രദേശിലാണ് മംഗലംപള്ളി ബാലമുരളീകൃഷ്ണ എന്ന എം.ബാലമുരളീകൃഷ്ണയുടെ ജനനം. ഒരു കർണാടക സംഗീത വിദ്വാനും, നിരവധി വാദ്യോപകരണങ്ങളിൽ വിദ്വാനും പിന്നണിഗായകനുമാണ്. കവി, സംഗീതസംവിധായകൻ എന്നീ നിലകളിലും ബാലമുരളീകൃഷ്ണ ശ്രദ്ധേയനായിരുന്നു.
സംഗീതരംഗത്തെ സംഭാവനകൾ പരിഗണിച്ച് നിരവധി പുരസ്കാരങ്ങൾ ബാലമുരളീകൃഷ്ണയെ തേടിയെത്തിയിട്ടുണ്ട്. സംഗീത കലാനിധി, ഗാന കൗസ്തുഭ, ഗാനകലാഭൂഷണം, ഗാനഗന്ധർവ്വൻ, ഗായന ചക്രവർത്തി, ഗാന പദ്മം, നാദജ്യോതി, സംഗീത കലാസരസ്വതി, നാദ മഹർഷിണി, ഗന്ധർവ്വ ഗാന സാമ്രാട്ട്, ജ്ഞാനസാഗര, നൂറ്റാണ്ടിന്റെ സംഗീതജ്ഞൻ എന്നിവ അവയിൽ ചിലതാണ്. ദേശീയ ഉദ്ഗ്രഥനത്തിനു വേണ്ടി പ്രവർത്തിച്ചതിന്റെ പേരിൽ മഹാരാഷ്ട്ര സർക്കാർ ഇദ്ദേഹത്തിനു ബഹുമതികൾ സമ്മാനിച്ചിട്ടുണ്ട്.
മികച്ച പിന്നണിഗായകനുള്ള ദേശീയപുരസ്കാരം, മികച്ച സംഗീതസംവിധായകൻ, മികച്ച പിന്നണി സംഗീതം എന്നീ മൂന്നു പുരസ്കാരങ്ങൾ നേടിയ ഏക കർണാടക സംഗീതജ്ഞൻ ബാലമുരളീകൃഷ്ണയാണ്. രാജ്യത്തെ ഏഴു പ്രദേശങ്ങളിലെ ആകാശവാണി നിലയങ്ങളിലെ ‘’ടോപ്പ് ഗ്രേഡ്’‘ കലാകാരനായും ഇദ്ദേഹം അറിയപ്പെടുന്നുണ്ട്.
പത്മശ്രീ, പത്മഭൂഷൺ, പത്മ വിഭൂഷൺ എന്നീ പുരസ്കാരങ്ങളും ബാലമുരളീകൃഷ്ണയെ തേടിയെത്തിയിട്ടുണ്ട്. ഫ്രഞ്ച് ഗവൺമെന്റ് നൽകുന്ന ഓർഡർ ഓഫ് ആർട്‌സ് ആന്റ് ലെറ്റേഴ്സ് നേടിയ ഏക കർണാടകസംഗീതജ്ഞനും ബാലമുരളീകൃഷ്ണയാണ്
Post Your Comments