Kerala

സഹകരണ ബാങ്ക് : രാപ്പകല്‍ സമരവുമായി എല്‍.ഡി.എഫ്

തിരുവനന്തപുരം ● സഹകരണ ബാങ്ക് പ്രശ്നത്തില്‍ എല്‍ഡിഎഫ് ആഭിമുഖ്യത്തില്‍ നവമ്പര്‍ 24ന് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ രാപ്പകല്‍ സത്യഗ്രഹം സംഘടിപ്പിക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പ്രസ്താവനയില്‍ പറഞ്ഞു . കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ജീവനാഡിയായി പ്രവര്‍ത്തിക്കുന്ന സഹകരണ പ്രസ്ഥാനത്തെ കഴുത്ത് ഞെരിച്ച് കൊല്ലാനാണ് കേന്ദ്ര സര്‍ക്കാരും ബിജെപിയും ശ്രമിക്കുന്നത്. ഇത് ലക്ഷക്കണക്കിന് വരുന്ന കര്‍ഷകരേയും ഇതര ജനവിഭാഗങ്ങളെയും കടുത്ത ദുരിതത്തിലാഴ്ത്തും.

സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കത്തെ ചെറുത്തുതോല്‍പിക്കാന്‍ രാഷ്ട്രീയ പരിഗണനകള്‍ ഇല്ലാതെ പൊതുപ്രക്ഷോഭം വേണമെന്നാണ് എല്‍ഡിഎഫ് നിലപാട്. സഹകരണ പ്രസ്ഥാനത്തെ രക്ഷിക്കാന്‍ സഹകാരികള്‍ ആകെ ഒന്നിച്ച് നില്‍ക്കണം. ഈ പ്രക്ഷോഭത്തില്‍ മറ്റ് രാഷ്ട്രീയ പാര്‍ടികളുമായി സഹകരിക്കാനും എല്‍ഡിഎഫ് തയ്യാറാണ്.

നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ പ്രയാസം പരിഹരിക്കാന്‍ ഇനിയും കേന്ദ്ര സര്‍ക്കാറിനായില്ല. ആവശ്യത്തിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്താത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. അതിനിടയിലാണ് നോട്ട് പിന്‍വലിക്കലിന്റെ മറവില്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ആസൂത്രിതമായ നീക്കം നടത്തുന്നത്. 1.27 ലക്ഷം കോടിയാണ് കേരളത്തിലെ സഹകരണ ബാങ്കുകളിലെ നിക്ഷേപം. ജനങ്ങള്‍ക്കിടയില്‍ സഹകരണ മേഖല ആര്‍ജിച്ച വിശ്വാസമാണിതിന് കാരണം. ഈ വിശ്വാസത്തെ തകര്‍ക്കാനും നിക്ഷേപകരില്‍ പരിഭ്രാന്തി പരത്താനുമാണ് ബോധപൂര്‍വം ശ്രമിക്കുന്നത്. സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപം സുരക്ഷിതമല്ല എന്ന പ്രതീതി സൃഷ്ടിച്ച് സ്വകാര്യ-കോര്‍പ്പറേറ്റ് ബാങ്കുകളിലേക്ക് ഈ നിക്ഷേപം ഊറ്റിയെടുക്കാനുള്ള ഗൂഢാലോചനയാണ് നടത്തുന്നത്.

ദൈനന്തിന ജീവിതം നിശ്ചലമാക്കിയ ഈ ദുസ്ഥിതിക്കെതിരെ എല്ലാ ജനവിഭാഗങ്ങളും കക്ഷി പരിഗണനക്കതീതമായി യോജിച്ച് ഈ സമരം വിജയിപ്പിക്കണമെന്നഭ്യര്‍ത്ഥിക്കുന്നതായും വൈക്കം വിശ്വന്‍ പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button