Kerala

വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍

കോഴിക്കോട് : കഴുത്തിൽ ആഴത്തിലേറ്റ മുറിവുമായി മുപ്പതടിയോളം താഴ്ചയുള്ള കിണറ്റില്‍ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. ഗോവിന്ദപുരം ദേശപോഷിണി വായനശാലയ്ക്ക് സമീപം തിരുമംഗലം കിഴക്കെ പറമ്പില്‍ ‘മഞ്ജുഷ’ എന്ന പേരുള്ള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പോത്തോള്ളിച്ചില്‍ പ്രേമന്റെ ഭാര്യ പള്ളിയില്‍ രജനി (48)യാണ് മരിച്ചത്. കഴുത്തിന്റെ മുന്‍വശത്തെ താടിയെല്ലിന് താഴെയാണ് മുറിവ്.

വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ മൂത്തമകന്‍ രാഹുല്‍ വീട്ടിലെത്തിയപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്. വീടിന്റെ സ്വീകരണമുറിയിലെ കട്ടിലിനോട് ചേര്‍ന്ന് നിലത്ത് രക്തം തളംകെട്ടി കിടന്നിരുന്നു. ഇവിടെനിന്ന് അടുക്കളവാതില്‍ വഴി കിണര്‍ വരെയുള്ളയിടത്തേക്ക് രക്തംപുരണ്ട കാല്‍പ്പാടുകളുമുണ്ട്.

സുഹൃത്തിനൊപ്പം വീട്ടിനകത്തേക്ക് കയറിയപ്പോള്‍ സ്വീകരണമുറിയില്‍ രക്തം കിടക്കുന്നുണ്ടായിരുന്നു. ഒരാള്‍പ്പൊക്കത്തില്‍ കണ്ണാടിയിലും രക്തം തെറിച്ചിരുന്നു. രക്തംപുരണ്ട കാല്‍പ്പാടിനെ പിന്തുടര്‍ന്ന് നോക്കിയപ്പോഴാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്.

ആള്‍മറയുള്ള കിണറില്‍ മുകള്‍ഭാഗം കമ്പിവലയിട്ട് മറച്ചിട്ടുണ്ട്. വീട്ടില്‍ മല്‍പ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളില്ല. മാക്‌സിയാണ് ഇവരുടെ വേഷം. പ്രേമന്‍ കാര്‍ ഡ്രൈവറാണ്. അഞ്ച് വര്‍ഷത്തോളമായി ഇവർ ഇവിടെ താമസമാക്കിയിട്ട്. വീടിന്റെ പുറകിലും ഇടതുവശത്തും ആളൊഴിഞ്ഞ പറമ്പാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മുതല്‍ തൊട്ടടുത്തുള്ള വീടുകളില്‍ ആളുകള്‍ ഉണ്ടായിരുന്നില്ല.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മെഡിക്കല്‍ കോളേജ് പോലീസിന്റെ സാന്നിധ്യത്തില്‍ ബീച്ച് അഗ്‌നിരക്ഷാസേന യൂണിറ്റാണ് രാത്രി പത്തരയോടെ മൃതദേഹം പുറത്തെടുത്തത്. വീടും വീടിന്റെ പിന്‍വശത്തുള്ള കിണര്‍ പരിസരവും പോലീസ് സീല്‍ ചെയ്തു. നോര്‍ത്ത് അസി. കമ്മിഷണര്‍ ഇ.പി. പൃഥ്വിരാജ്, മെഡിക്കല്‍ കോളേജ് സി.ഐ. മൂസ വള്ളിക്കാടന്‍ എന്നിവര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button