KeralaNews

കള്ളപ്പണം വെളുപ്പിച്ചെടുക്കാന്‍ പയറ്റുന്നത് പല പല തന്ത്രങ്ങള്‍; തുണയായി രാജധാനി ട്രെയിന്‍ ടിക്കറ്റും

തിരുവനന്തപുരം : അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കണക്കില്‍പെടാത്ത നോട്ടുകള്‍ കൈവശം സൂക്ഷിക്കുന്നവര്‍ പണം വെളുപ്പിക്കാന്‍ കണ്ടെത്തുന്ന മാര്‍ഗങ്ങള്‍ ഒട്ടേറെ. പണം മാറ്റിയെടുക്കല്‍ തുടങ്ങിയ ഇന്നലെത്തന്നെ വെളുപ്പിക്കല്‍ തന്ത്രങ്ങളും പയറ്റിത്തുടങ്ങി.

കള്ളപ്പണം വെളുപ്പിക്കാന്‍ ചിലര്‍ റെയില്‍വേയെ കൂട്ടുപിടിച്ചതോടെ കഴുത്തറപ്പന്‍ നിരക്കുള്ള രാജധാനി ട്രെയിനിലെ ഫസ്റ്റ് എസി ടിക്കറ്റുകള്‍ ചൂടപ്പംപോലെ വിറ്റുതീര്‍ന്നു. തിരുവനന്തപുരം രാജധാനിയില്‍ ഡല്‍ഹിയില്‍നിന്നു തിരുവനന്തപുരംവരെ യാത്രചെയ്യാന്‍ ഇനി നാലു മാസത്തേക്കു ഫസ്റ്റ് എസി ടിക്കറ്റില്ല. ബാക്കി എല്ലാ ക്ലാസിലും സീറ്റ് ലഭ്യമാണ്.

8000 രൂപയാണു ഡല്‍ഹി തിരുവനന്തപുരം നിരക്ക്. ബുക്കിങ് കൂടുന്നതനുസരിച്ചു നിരക്കു വീണ്ടും ഉയരും. ടിക്കറ്റ് ബുക്ക് ചെയ്തു പിന്നീടു റദ്ദാക്കിയാല്‍ പണം നഷ്ടമാകുമെങ്കിലും ആ നഷ്ടം സഹിച്ചാലും കുറച്ചു പണം ‘വൈറ്റാ’യി കിട്ടുമോയെന്ന അതിബുദ്ധിയാണു പലരും കാണിച്ചത്. ദൂരം കൂടുന്നതനുസരിച്ചു നിരക്കു കൂടുമെന്നതിനാലാണു തിരുവനന്തപുരം രാജധാനിക്കു പ്രിയമേറിയത്.
സര്‍ജ് പ്രൈസിങ് കാരണം ഒരു മാസമായി നഷ്ടത്തിലോടുന്ന ട്രെയിനാണിത്. ഫസ്റ്റ് എസിയെക്കാള്‍ കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് കിട്ടുമെന്നായതോടെ പലരും രാജധാനി ഉപേക്ഷിച്ചതാണു രാജധാനിക്കു ക്ഷീണമായത്. ഇതിനു പുറമെ രണ്ടര ലക്ഷം രൂപവരെ അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ അന്വേഷണം വരില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനം കണക്കിലെടുത്ത് ഇന്നലെ ബാങ്കില്‍ പണം നിക്ഷേപിച്ചവരെല്ലാം പരിധി രണ്ടര ലക്ഷത്തില്‍ ഒതുക്കി. കൂടുതല്‍ പണം കൈവശമുള്ളവര്‍ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ചു വെളുപ്പിച്ചു. ഈ ബഹളങ്ങളൊക്കെ കെട്ടടങ്ങുമ്പോള്‍ പണം തിരികെ വാങ്ങാമെന്ന പരസ്പര ധാരണയിലാണ് ഇടപാട്. 50 ലക്ഷം കൈയിലുള്ളവര്‍ 20 പേരെ കണ്ടെത്തിയാല്‍ വെളുപ്പിക്കാമെന്നതാണ് അവസ്ഥ.
പലരും പണം വെളുപ്പിച്ചു കൊടുക്കുന്നതിനു കമ്മിഷനും നല്‍കുന്നുണ്ട്. ഒരു ദിവസം മാറ്റി വാങ്ങാവുന്ന തുക 4000 രൂപയായി സര്‍ക്കാര്‍ നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്നലെ പലരും പലവട്ടം ബാങ്കിലെത്തി പണം മാറ്റിയെടുത്തു. പല ബാങ്കുകളില്‍ ഒരേ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചും ഒരു ബാങ്കില്‍ത്തന്നെ പല തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ചുമായിരുന്നു ഈ പണം മാറ്റം.

തിരിച്ചറിയല്‍ കാര്‍ഡിലെയും സത്യവാങ്മൂലത്തിലെയും വിവരങ്ങള്‍ മിക്ക ബാങ്കുകളും കംപ്യൂട്ടറില്‍ രേഖപ്പെടുത്താത്തതിനാല്‍ ആവര്‍ത്തിച്ചെത്തുന്നവരെ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്കുമായില്ല. വിവാഹത്തിനായി കരുതിവച്ചിരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ചെലവിടാന്‍ കഴിയാതെവന്ന തലസ്ഥാനത്തെ കുടുംബത്തിനു രക്ഷയായത് ആരാധനാലയമാണ്. കാണിക്കയായി കിട്ടിയ 100 രൂപ നോട്ടുകള്‍ നല്‍കി പകരം അസാധുവായ നോട്ടുകള്‍ ആരാധനാലയ അധികൃതര്‍ കൈപ്പറ്റി.

കാണിക്കയ്ക്കു കണക്കില്ലാത്തതിനാല്‍ അസാധുവായ നോട്ടുകള്‍ ബാങ്കില്‍ നിര്‍ഭയം നിക്ഷേപിക്കാം. കൊല്ലം ജില്ലയില്‍ ചിലയിടങ്ങളില്‍ ഭാഗ്യക്കുറി വില്‍പനക്കാര്‍ ഒരു നിബന്ധന വച്ചു: 500 രൂപ നോട്ട് സ്വീകരിക്കണമെങ്കില്‍ കുറഞ്ഞതു 300 രൂപയുടെ ടിക്കറ്റ് വാങ്ങണം. പരമാവധി 200 രൂപ മാത്രമേ ബാക്കി നല്‍കുകയുള്ളൂവത്രേ. 100 രൂപ സമ്മാനം ലഭിച്ച ടിക്കറ്റുമായി എത്തുന്നവര്‍ക്കു പണം നല്‍കില്ല. പകരം, സമ്മാനത്തുകയ്ക്കു തുല്യമായി ഭാഗ്യക്കുറി ടിക്കറ്റ് നല്‍കും.
കൈയിലുള്ള ഏതാനും 500, 1000 നോട്ടുകള്‍ മാറാനായി സാധാരണക്കാര്‍ നെട്ടോട്ടമോടുമ്പോള്‍, കാത്തുവച്ച കോടികളും ലക്ഷങ്ങളും വരുന്ന കള്ളപ്പണം എങ്ങനെ നഷ്ടമാകാതെ സൂക്ഷിക്കാമെന്ന ചിന്തയിലാണു ഹവാല ഇടപാടുകാര്‍. 500, 1000 രൂപ നോട്ടുകളായി സൂക്ഷിച്ച കള്ളപ്പണം ഡിസംബര്‍ 30നുള്ളില്‍ പുതിയ നോട്ടുകളിലാക്കാന്‍ കള്ളപ്പണക്കാര്‍ പല വഴികളാണ് ആസൂത്രണം ചെയ്യുന്നത്.
അതേസമയം, 2.5 ലക്ഷത്തിനു മുകളിലുള്ള എല്ലാ പണനിക്ഷേപത്തിന്റെയും വിവരങ്ങള്‍ ആദായ നികുതി വിഭാഗത്തിനു കൈമാറണമെന്ന ശക്തമായ നിര്‍ദേശം റിസര്‍വ് ബാങ്ക് എല്ലാ ബാങ്കുകള്‍ക്കും നല്‍കിയിട്ടുണ്ട്.
വെളിപ്പെടുത്താത്ത പണവും വസ്തുക്കളും ആഭരണങ്ങളും വെളിപ്പെടുത്തി നികുതിയടയ്ക്കാന്‍ പ്രത്യേക സൗകര്യവും ആദായ നികുതി വകുപ്പ് ഒരുക്കിയിരുന്നു. ഇതിന്റെ കാലാവധി സെപ്റ്റംബറിലാണ് അവസാനിച്ചത്. വകുപ്പിന്റെ കര്‍ശന പരിശോധനയ്ക്കു വിധേയമാകുന്നതിനാല്‍ സഹകരണ ബാങ്കുകളില്‍ ഉണ്ടെന്നു പറയപ്പെടുന്ന കള്ളപ്പണ നിക്ഷേപങ്ങളും ഇനി സുരക്ഷിതമല്ലെന്ന സ്ഥിതിയാണുണ്ടാകുക

shortlink

Related Articles

Post Your Comments

Related Articles


Back to top button