പാലക്കാട്: അന്യമതസ്ഥനെ വിവാഹം ചെയ്ത അധ്യാപികയോട് ഇനി സ്കൂളില്‍ വരേണ്ടെന്ന് സ്കൂള്‍ അധികൃതര്‍. ഈ കഴിഞ്ഞ ദിവസമാണ് സിപിഎമ്മിന്റെ പാലക്കാട് വാണിയംകുളം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ വച്ച് മുഹമ്മദ് ഹാരിസിന്റേയും ശരണ്യയുടേയും വിവാഹം കഴിഞ്ഞത്. ഈ വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വന്‍ വാര്‍ത്തയായിരുന്നു.
വീട്ടുകാരെ എതിര്‍ത്തായിരുന്നു ഇരുവരുടെയും വിവാഹം. ജാതിമതത്തിന്റെ വേലിക്കെട്ടുകള്‍ പൊട്ടിച്ചായിരുന്നു ഇരുവരും പരസ്പരം മാല ചാര്‍ത്തിയത്. എന്നാല്‍, അന്യ മതത്തില്‍പ്പെട്ടയാളെ വിവാഹം ചെയ്തതിന്റെ പേരില്‍ ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടിരിക്കുകയാണ് ശരണ്യക്ക്. ഒരാഴ്ചത്തെ അവധി അപേക്ഷിക്കാന്‍ വിളിച്ചപ്പോഴാണ് ഇനി സ്കൂളിലേക്കു വരണ്ട എന്ന മറുപടി ലഭിച്ചത്.
തൃശ്ശൂര്‍ ചെറുതുരുത്തി അല്‍ ഇര്‍ഷാദ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എല്‍പി വിഭാഗം അദ്ധ്യാപികയായിരുന്നു ശരണ്യ. സര്‍ട്ടിഫിക്കറ്റുകളും ബാക്കി നല്‍കാനുള്ള കുടിശികയും അങ്ങോട്ട് അയച്ച് തരാമെന്നാണ് അധികൃതര്‍ ശരണ്യയെ അറിയിച്ചത്. സാലറി വാങ്ങാന്‍ പോലും സ്കൂളില്‍ വരേണ്ടതില്ലെന്നാണ് ഇവര്‍ അറിയിച്ചത്.
എംഎ ബിഎഡ് വിദ്യാഭ്യാസയോഗ്യതകളോടെയാണ് ശരണ്യ ഇവിടെ ജോലിക്കെത്തിയത്. രണ്ട് വര്‍ഷമായി ജോലി ചെയ്തു വരികയായിരുന്നു. പാര്‍ട്ടി ഓഫീസില്‍ വച്ചാണ് ഇവരുടെ വിവാഹം നടത്തിയത്. ജോലിക്കു വരേണ്ടതില്ലെന്നതിനു സ്കൂള്‍ അധികൃതരുടെ കാരണമിങ്ങനെ. പ്രേമം വിവാഹവും, മതം മാറിയ കല്യാണവുമാണ് പ്രശ്നം. കുട്ടികള്‍ വഴി തെറ്റും എന്നാണ് ഇവര്‍ പറയുന്നത്.
Post Your Comments