റാഞ്ചി: റാഞ്ചിയില്‍ നടന്ന ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി. 19 റൺസിനാണ് ഇന്ത്യ സന്ദർശകരോടു തോൽവി വഴങ്ങിയത്. കിവീസ് ഉയർത്തിയ 261 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 48.4 ഓവറിൽ 241ന് എല്ലാവരും പുറത്തായി. മികച്ച തുടക്കത്തിനുശേഷം മധ്യനിരയിലുണ്ടായ കൂട്ടത്തകർച്ചയാണ് ഇന്ത്യൻ തോൽവിക്കു കാരണമായത്. രണ്ടിന് 127 എന്ന നിലയിൽനിന്ന് ഏഴിന് 167 എന്ന നിലയിലേക്ക് ഇന്ത്യ തകരുകയായിരുന്നു. അജിൻക്യ രഹാനെ (57), വിരാട് കോഹ്ലി (45)എന്നിവർ അടിത്തറയിട്ടെങ്കിലും തുടർന്നെത്തിയവർക്ക് അത് മുതലാക്കാനായില്ല. രോഹിത് ശർമ (11), ധോണി (11), മനീഷ് പാണ്ഡേ (12), കേദാർ യാദവ് (0), ഹാർദിക് പാണ്ഡ്യ (9) എന്നിങ്ങനെയാണ് മറ്റു ബാറ്റ്സ്മാൻമാരുടെ നേട്ടം. വാലറ്റത്തെ കൂട്ടുപിടിച്ച് അക്സർ പട്ടേൽ (38), ധവാൽ കുൽക്കർണി (24*) എന്നിവർ പൊരുതി നോക്കിയെങ്കിലും വിജയം അകലെയായിരുന്നു.
കിവീസിനായി ടിം സൗത്തി മൂന്നു വിക്കറ്റ് നേടി. ന്യൂസിലൻഡിന്റെ ജയത്തോടെ പരമ്പര 2–2 സമനിലയിലായി. ശനിയാഴ്ച വിശാഖപട്ടണത്താണ് പരമ്പരയിലെ നിർണായകമായ അവസാന മത്സരം. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കിവീസിന് ഓപ്പണർ മാർട്ടിൻ ഗുപ്റ്റിലിന്റെ അർധ സെഞ്ചുറിയാണ് മാന്യമായ സ്കോർ സമ്മാനിച്ചത്. ഗുപ്റ്റിൽ 72 റൺസ് നേടി. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ (41), ടോം ലാഥം (39), റോസ് ടെയ്ലർ (35) എന്നിവരും തിളങ്ങി. ഇന്ത്യയ്ക്ക് വേണ്ടി അമിത് മിശ്ര രണ്ടു വിക്കറ്റ് നേടി.
Post Your Comments