നെയ്യാറ്റിന്‍കര :പൊരിവെയിലില്‍ വീട്ടമ്മമാരെ വലച്ച് റേഷന്‍ കാര്‍ഡിലെ തെറ്റുതിരുത്തല്‍ ക്യാമ്പ്. നെയ്യാറ്റിന്‍കര താലൂക്ക് സപ്ലൈ ഓഫീസിലാണ് അഭയാര്‍ഥി ക്യാംപുകളില്‍ കാണുംവിധമുള്ള നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. റേഷന്‍ കാര്‍ഡിലെ തെറ്റുതിരുത്താനുള്ളവരും ബിപിഎല്‍ ലിസ്റ്റില്‍നിന്ന് പുറത്താക്കപ്പെട്ടവരും രാവിലെ അഞ്ച് മണിയോടെ ഇവിടെ എത്തിയിരുന്നു. 22 വില്ലേജുകളില്‍ നിന്നുള്ള ആയിരത്തിലധികം ആളുകളാണ് ഭക്ഷണവും വെള്ളവും പോലും കഴിക്കാതെ ക്യൂ നിന്നത്.
ഉച്ചയ്ക്ക് വെയില് കടുത്തതോടെ ഇവരില്‍ പലരും ബോധംകെട്ടുവീണു. സര്‍ക്കാരിന്റെ അശാസ്ത്രീയമായ ഈ നടപടിക്കു ഇരയായത് കൂടുതലും സ്ത്രീകളാണ്.സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ പ്രതിഷേധം ശക്തമായി കഴിഞ്ഞു.റേഷന്‍ കാര്‍ഡ് പുനഃക്രമീകരണം തുടക്കത്തിലേ പാളുന്ന കാഴ്ചയാണ് നെയ്യാറ്റിന്‍കരയില്‍ കണ്ടത്. ജനപ്രവാഹത്തില്‍ നെയ്യാറ്റിന്‍കര ടൗണ്‍ സ്തംഭിച്ചു.ആളുകളെ നിയന്ത്രിക്കാനും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനും ശ്രമിക്കാത്തതുകാരണം കാര്യങ്ങള്‍ കൈവിട്ടു പോയി.
കേന്ദ്ര പദ്ധതിയായ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി റേഷന്‍ കാര്‍ഡ് പുനക്രമീകരണവുമായി ബന്ധപ്പെട്ട് പട്ടിക സമര്‍പ്പിച്ചതിനെ തുടര്‍ന്നായിരുന്നു റേഷന്‍ കാര്‍ഡ് തിരുത്തല്‍ ക്യാമ്പ് .സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് റേഷന്‍ കാര്‍ഡ് വിതരണം വേഗത്തിലാക്കാന്‍ തീരുമാനിച്ചത്. അടുത്ത വര്‍ഷം മാര്‍ച്ചിനുള്ളില്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.
Post Your Comments