മലപ്പുറം ● മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് എന്ന സംഘടനയുടെ ഡയറക്ടറും ഹൈന്ദവ പ്രഭാഷകനുമായ എന്‍.ഗോപാലകൃഷ്ണനെതിരെ പോലീസ് കേസെടുത്തു. ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ജഹാംഗീര്‍ നല്കിയ പരാതിയിലാണ് മലപ്പുറം പോത്തുകല്ല് പോലീസ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍ , ഒരു വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് ഗോപാലകൃഷ്ണന് വിവാദ പരാമര്‍ശം നടത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എംഎല്‍എമാര്‍ ഉള്ളത് മലപ്പുറത്താവാന് കാരണം മുസ്ലിം സ്ത്രീകള്‍ പന്നി പ്രസവിക്കുന്നത് പോലെ കുട്ടികളെ ഉണ്ടാക്കുന്നതാണ്. അതുകൊണ്ടാണ് ജനസംഖ്യ വര്‍ദ്ധിക്കുന്നത്. ഇസ്ലാം മതത്തിന്റെ പേരില്‍ രൂപീകരിച്ച് ജില്ലയാണ് മലപ്പുറമെന്ന് അദ്ദേഹം പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. രണ്ടും മുന്നും ഭാര്യമാരെ വെച്ച് പ്രസവിച്ച് കൂട്ടുകയാണ്. അത് കൊണ്ടാണ് മലപ്പുറത്തെ പറയുന്നത്. അല്ലാതെ അവിടേയുള്ള ഹിന്ദുക്കളെയോ മുസ്ലിങ്ങളെയോ അവഹേളിക്കാനല്ല. അവിടേയുള്ള മുസ്ലിം ജനസംഖ്യ കൂടുന്നതും ഇസ്ലാം പാകിസ്താനിലേത് പോലെ ആയി തീരുന്നതെല്ലാം സംഭവിച്ച് കൊണ്ടിരിക്കുന്നതിലാണ് താന്‍ മലപ്പുറം ജില്ലയുടെ പേര് ഉപയോഗിച്ചതെന്നും ഗോപാലകൃഷ്ണന് വീഡിയോയില്‍ പറയുന്നുണ്ട്.
വിവാദമായതോടെ ഗോപാലകൃഷ്ണന് വീഡിയോ പിന്‍വലിച്ച് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. എന്നാല്‍ വിമര്‍ശനം രൂക്ഷമായതോടെ ഈ വീഡിയോയും പിന്‍വലിക്കുകയായിരുന്നു.
നേരത്തെ വിവാദ മതപ്രഭാഷകന് ഷംസുദ്ദീന് പാലത്തിനെതിരെ പരാതി നല്കിയ കാസര്‍ഗോട്ടെ അഭിഭാഷകനായ അഡ്വ.ഷുക്കൂര്‍ എന്‍.ഗോപാലകൃഷ്ണനും ശശികല ടീച്ചര്‍ക്കുമെതിരെ സമാന പരാതി നല്‍കിയിരുന്നു.
Post Your Comments