ന്യൂഡൽഹി:ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്നിൽ നിർത്തി വിജയം കൊയ്യാൻ ബി ജെ പി തയ്യാറെടുക്കുന്നു.പ്രധാനമന്ത്രി പങ്കെടുക്കുന്ന എട്ടു റാലികളുൾപ്പെടെ മുതിർന്ന നേതാക്കളെ അണിനിരത്തുന്ന നാലു ‘പരിവർത്തൻ യാത്ര’കളുമായാണ് ബിജെപി യുപി നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങുക.ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് റാലി ഈ മാസം 24 ന് ചിത്ര കൂടത്തിലെ മഹോബയില്‍ തുടക്കമാകും.
അൻപതു ദിവസത്തോളം നീളുന്ന പരിവർത്തൻ യാത്രകൾ നവംബർ അഞ്ച്, ആറ്, എട്ട്, ഒൻപത് തീയതികളിലായി ആരംഭിക്കും.പരിവർത്തൻ യാത്രയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മറ്റു റാലികളിൽ നാലു കേന്ദ്ര നേതാക്കളാകും പങ്കെടുക്കുക. പ്രചരണ രംഗത്തുള്ള ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ, കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്, ഉമാഭാരതി, കല്‍രാജ് മിശ്ര എന്നിവരാകും മറ്റു യാത്രകള്‍ നയിക്കുക.നവംബര്‍ അഞ്ചിന് സഹറന്‍പുരിലെ ശംയബരി ക്ഷേത്രത്തിലും ആറിന് ലളിത്പുരിലെ ജെയിന്‍ ക്ഷേത്രത്തിലും എട്ടിന് സോന്‍ഭദ്രയിലെ ഗോത്ര വര്‍ഗ്ഗ ക്ഷേത്രത്തിലും ഒൻപതിന് ബലിയിലെ മംഗല്‍പാണ്ഡേ സ്മാരകത്തില്‍ നിന്നുമാണ് യാത്രകൾ ആരംഭിക്കുക.
സമീപകാലത്ത് ബിജെപി നടപ്പിലാക്കിയ വിവിധ നയങ്ങളും ,പാക് അധീന കശ്മീരിൽ സൈന്യം നടത്തിയ മിന്നലാക്രമണം, ഏക വ്യക്തി നിയമത്തിന് അനുകൂലമായ കേന്ദ്ര നിലപാട്, യുപിയുടെ വികസനം എന്നിവയാകും പ്രചാരണ വിഷയങ്ങൾ.ഡിസംബര്‍ 25 ന് സംഗമിക്കുന്ന സമാപന റാലിയാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന അവസാന പ്രചാരണ പരിപാടി.
Post Your Comments