എസ്റ്റാഡിയോ അല്‍ഗാവെ : ജിബ്രാള്‍ട്ടര്‍ താരങ്ങള്‍ക്ക് വിസില്‍ മുഴങ്ങി പന്തില്‍ ടച്ച് ചെയ്തത് മാത്രമേ ഓര്‍മ്മയുള്ളൂ. വിസില്‍ മുഴങ്ങി ഏഴാം സെക്കന്‍ഡില്‍ ഗോള്‍ നേടി ബെല്‍ജിയത്തിന്റെ ക്രിസ്റ്റിയന്‍ ബെന്‍ടെക് ചരിത്രം കുറിച്ചു. ഇമ വെട്ടുന്ന നേരത്തിനിടയായിരുന്നു കുതിച്ചെത്തിയ ബെല്‍ജിയത്തിന്റെ ക്രിസ്റ്റ്യന്‍ ബെന്‍ടെക് പന്ത് പിടിച്ചെടുത്തതും ഗോള്‍ നേടിയതും. എന്താണ് സംഭവിച്ചതെന്ന് ജിബ്രാള്‍ട്ടര്‍ ഗോള്‍ കീപ്പര്‍ ഡാരന്‍ ഇബ്രാഹിമിന് മനസ്സിലായതുപോലും ബെന്‍ടെകിന്റെയും ബെല്‍ജിയം താരങ്ങളുടെയും ഗോളാഘോഷം കണ്ടപ്പോഴാണ്. യൂറോപ്യന്‍ മേഖല ലോകകപ്പ് യോഗ്യതാ റൗണ്ടിലാണ് ജിബ്രാള്‍ട്ടറിനെതിരെ ബെന്‍ടെക് അതിവേഗ ഗോള്‍കുറിച്ചത്.
ജിബ്രാള്‍ട്ടറിന്റെ ജാമി ബോസിയോ പന്ത് സഹതാരത്തിന് പാസ് നല്‍കുമ്പോഴായിരുന്നു ബെന്‍ടെകിന്റെ ഇടപെടല്‍. ബെന്‍ടെകിന്റെ അതിവേഗ ഗോള്‍ റെക്കോഡ് ബുക്കിലും ഇടം നേടി. രാജ്യാന്തര മത്സരങ്ങളിലെ അതിവേഗ ഗോളാണിത്. 1993 ല്‍ ഇംഗ്ലണ്ടിനെതിരെ സാന്‍ മാരിനോയുടെ ഡേവിഡ് ഗ്വാല്‍ടിയേരി 8.3 സെക്കന്റില്‍ നേടിയ ഗോളാണ് ബെന്‍ടെകിന്റെ മിന്നലടിയില്‍ തകര്‍ന്നത്. മത്സരത്തില്‍ 6-0 ത്തിനാണ് ബെല്‍ജിയം ജിബ്രാള്‍ട്ടറിനെ തറപ്പറ്റിച്ചത്. ബെന്‍ടിക് ഹാട്രികും നേടി. 43,56 മിനിറ്റുകളിലായിരുന്നു ബെന്‍ടികിന്റെ മറ്റു രണ്ടു ഗോളുകൾ.
Post Your Comments