തിരുവനന്തപുരം:മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല.തെരുവില്‍ സംസാരിക്കുന്നത് പോലെയാണ് മുഖ്യമന്ത്രി സഭയില്‍ സംസാരിക്കുന്നതെന്നും ഇത് മുഖ്യമന്ത്രിയുടെ അന്തസ്സിന് ചേർന്നതല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.സ്വാശ്രയ വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ആവശ്യപ്പെട്ട അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയായിരുന്നു.തുടര്‍ന്ന് പ്രതിപക്ഷ നേതാവ് നടത്തിയ വാക്കൗട്ട് പ്രസംഗത്തിലായിരിന്നു മുഖ്യമന്ത്രിക്കെതിരെ രമേശ്ചെന്നിത്തലയുടെ ആരോപണങ്ങൾ.
മുഖ്യമന്ത്രി ഇത്രയും തരം താഴാന്‍ പാടില്ല. പ്രതിപക്ഷം ഉന്നയിക്കുന്ന കാര്യങ്ങളെ സഹിഷ്ണുതയോടെ കാണാന്‍ മുഖ്യമന്ത്രി തയ്യാറാകണം. സമരക്കാരെ വാടകക്കാരാണെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് ദൗര്‍ഭാഗ്യകാരമാണെന്നും പാര്‍ട്ടി കമ്മിറ്റിയിലും പൊതുയോഗത്തിലും പ്രസംഗിക്കുന്നതു പോലെയാണ് മുഖ്യമന്ത്രി നിയമസഭയിലും സംസാരിക്കുന്നതെന്നും ചെന്നിത്തല പറയുകയുണ്ടായി.പിണറായി വിജയനെന്ന വ്യക്തിക്ക് ഇങ്ങനെ സംസാരിക്കാം. പക്ഷെ കേരളത്തിന്റെ മുഖ്യമന്ത്രി അങ്ങനെ സംസാരിക്കരുത്. നിരവധി മഹാരഥന്മാര് ഇരുന്ന കസേരയിലാണ് താനിരിക്കുന്നതെന്ന ബോധം മുഖ്യമന്ത്രിക്കുണ്ടാവണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടന്നത് ഭീകരമായ നരനായാട്ടാണെന്നും , മുഖ്യമന്ത്രിയുടെ പരാമര്‍ശം സഭയുടെ അന്തസ്സിന് ചേര്‍ന്നതല്ലയെന്നും , പരാമര്‍ശം പിന്‍വലിക്കുന്നില്ലെങ്കില്‍ നടപടികളുമായി സഹകരിക്കില്ലയെന്നും പാലക്കാട്ടെ കൃഷ്ണദാസിന്റെ പാരമ്പര്യം യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ക്ക് ഇല്ലെന്നും രമേശ്ചെന്നിത്തല വ്യക്തമാക്കി.കെഎസ് യുവും യൂത്ത് കോണ്‍ഗ്രസും നിരവധി സമരങ്ങളിലൂടെ വളര്‍ന്നു വന്ന സംഘടനയാണ്. പിണറായി വിജയന് ആരോപിക്കുന്നതു പോലെ വാടകക്കാരെ കൊണ്ട് കരിങ്കൊടി കാണിക്കാന്‍ ഞങ്ങള്‍ ഡിവൈഎഫ്ഐ അല്ല. യൂത്ത് കോണ്‍ഗ്രസ് സമരത്തിന് ആരുടേയും സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും പൊലീസിന്റെ നരനായാട്ടാണ് യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു സമരങ്ങള്ക്കതിരെ സംസ്ഥാനത്ത് നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് സമരങ്ങള്‍ക്കെതിരെ രാക്ഷസന്മാരെയപ്പോലെയാണ് പൊലീസ് പെരുമാറിയത്, നിരവധി പ്രവര്‍ത്തകരാണ് പരുക്കുകളോടെ ആശുപത്രിയില്‍ കിടക്കുന്നത്. അവരെ സന്ദര്‍ശിക്കാന്‍ തയ്യാറായില്ലെങ്കിലും ആക്ഷേപിക്കാതിരിക്കാനെങ്കിലും മുഖ്യമന്ത്രി തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെടുകയുണ്ടായി.
Post Your Comments