KeralaNews

അമൃത മെഡിക്കല്‍ കോളേജിനെതിരെ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍

ഡൽഹി: അമൃത മെഡിക്കല്‍ കോളേജിനെതിരെ സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതിയിലാണ് വ്യക്തമാക്കിയത്. മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സ്വന്തമായി പ്രവേശന നടപടികളുമായി മുന്നോട്ട് പോയതിനാലാണ് സര്‍ക്കാര്‍ അമൃത മെഡിക്കല്‍ കോളേജിനെതിരെ രംഗത്തെത്തിയത്. കോളേജിന്റെ പ്രവേശന നടപടികള്‍ ചട്ടവിരുദ്ധമാണെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.

സ്വന്തമായി പരീക്ഷ നടത്താനും പ്രവേശന നടപടികള്‍ നടത്താനും അമൃത മെഡിക്കല്‍ കോളേജിന് അവകാശമില്ലെന്നും സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. യുജിസി നിയമപ്രകാരം കേന്ദ്രീകൃത കൗണ്‍സിലിന്റെ ഭാഗമാണ് കല്‍പ്പിതസര്‍വകലാശാലകള്‍. ഇതിനാല്‍ വിദ്യാര്‍ത്ഥി പ്രവേശനം നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള കേന്ദ്രീകൃത അല്ലോട്ട്‌മെന്റിലൂടെയാണ് നടത്തേണ്ടത്. അതുകൊണ്ട് അമൃത നടത്തിയ പരീക്ഷയും പ്രവേശന നടപടികളും നിലനില്‍ക്കില്ലെന്നും, റദ്ദാക്കണമെന്നുമാണ് കേരളം ആവശ്യപ്പെട്ടത്.

മഹാരാഷ്ട്രസര്‍ക്കാര്‍ മഹാരാഷ്ട്രയിലെ കല്‍പ്പിത സര്‍വകലാശാലക്കെതിരെ നല്‍കിയ ഹർജിയുടെ വാദത്തിനിടയാണ് കേരളം നിലപാട് വ്യക്തമാക്കിയത്. അമൃതയ്‌ക്കെതിരെ കൂടുതല്‍ വാദങ്ങള്‍ നാളെ സര്‍ക്കാര്‍ കോടതിയെ അറിയിക്കും. 2004ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍, മെഡിക്കല്‍ പ്രവേശനം പൂര്‍ത്തിയാക്കേണ്ട തീയതി അടുത്തുവെന്ന് കണ്ടാണ് കേസ് കോടതി അടിയന്തിരമായി പരിഗണിച്ചത്. കേസിന്റെ വാദം നാളെയും തുടരും.

മധ്യപ്രദേശിലെ കല്‍പ്പിത സര്‍വകലാശാലയുടെ പ്രവേശന നടപടികള്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇത് തങ്ങള്‍ക്കും ഗുണകരമാകുമെന്ന വിശ്വാസത്തിലാണ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍. ഈ വിധി രാജ്യത്താകെ നടപ്പിലാക്കി, പ്രവേശനം നീറ്റില്‍ നിന്ന് മാത്രമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കേരളത്തിന് അനുകൂലമായ വിധി സുപ്രീംകോടതിയില്‍ നിന്നുണ്ടാകുമെന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button