ന്യൂഡൽഹി: ഇന്ത്യയ്ക്ക് ചൈന ഉയർത്തുന്ന ഭീഷണി മറികടക്കാൻ കൂടുതൽ യുദ്ധവിമാനങ്ങൾ വേണമെന്ന് പ്രതിരോധ വിദഗ്ദ്ധരുടെ നിർദ്ദേശം.36 റാഫേൽ യുദ്ധവിമാനങ്ങൾ ഫ്രാൻസിൽ നിന്ന് വാങ്ങുന്നതിനായുള്ള കരാർ ഒപ്പുവയ്ക്കാനിരിക്കെയാണ് കൂടുതൽ വിമാനങ്ങൾ ഇനിയും ആവശ്യമാണെന്ന നിർദ്ദേശം ഉയർന്നിരിക്കുന്നത്. ഒരു യുദ്ധമുണ്ടായാൽ പാകിസ്ഥാൻ ഉയർത്തുന്ന ഭീഷണി ഇന്ത്യക്ക് മറികടക്കാൻ ആകുമെന്നും എന്നാൽ ചൈന വെല്ലുവിളിയാണെന്നുമാണ് ഇവർ നൽകുന്ന സൂചനകൾ.
പ്രതിരോധ രംഗത്ത് ഏതാണ്ട് 100 ബില്യൻ ഡോളറിന്റെ വികസനം പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥാനമേറ്റെടുത്ത ശേഷം നടന്നിരുന്നു. എന്നാൽ കാലപ്പഴക്കം ചെന്ന റഷ്യൻ നിർമ്മിത മിഗ് വിമാനങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ താമസിക്കുന്നത് പ്രതിരോധ രംഗത്തെ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കിയെന്നാണ് ഇവർ നൽകുന്ന സൂചനകൾ.
അതേസമയം, ഇന്ത്യ ഫ്രാൻസിൽ നിന്നും 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനായുള്ള കരാർ വെള്ളിയാഴ്ച ഒപ്പുവയ്ക്കും. ഇരട്ട എഞ്ചിൻ വിമാനങ്ങളാണ് വാങ്ങുന്നത്. വിമാനങ്ങളും അനുബന്ധ ആയുധങ്ങളുമടക്കം 7.8 മില്യൺ യൂറോയുടെ (ഏതാണ്ട് 59,000 കോടി രൂപയിലധികം) കരാറാണ് ഒപ്പുവയ്ക്കുന്നത്. ഇന്ത്യ, ഫ്രഞ്ച് ഗവൺമെന്റുകൾ തമ്മിലുള്ള കരാർ സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയായി. കാബിനറ്റ് അംഗീകാരവും ലഭിച്ചു. കരാർ പ്രതിരോധ മന്ത്രി മനോഹർ പരീഖറിന്റേയും ഫ്രഞ്ച് പ്രതിരോധ മന്ത്രി ജീൻ വെസ് ലെ ഡ്രയാന്റേയും സാന്നിദ്ധ്യത്തിലാണ് ഒപ്പുവയ്ക്കുക.
ഇന്ത്യൻ വ്യോമസേനയ്ക്ക് യുദ്ധവിമാനങ്ങളുടെ എണ്ണത്തിലുള്ള വലിയ കുറവാണ് കരാർ നടപടികൾ പെട്ടെന്ന് മുന്നോട്ട് കൊണ്ടുപോകാൻ പ്രേരകമാകുന്നത്. 42 സ്ക്വാഡ്രൺ യുദ്ധവിമാനങ്ങളെങ്കിലും വേണമെന്നിരിക്കെ വ്യോമസേനയ്ക്ക് നിലവിലുള്ളത് 33 സ്ക്വാഡ്രണുകൾ മാത്രമാണ്. സാധാരണ ഗതിയിൽ 16 മുതൽ 18 വരെ വിമാനങ്ങളാണ് ഒരു സ്ക്വാഡ്രണിലുണ്ടാവുക. കാലപ്പഴക്കം ചെന്ന റഷ്യൻ നിർമ്മിത മിഗ് വിമാനങ്ങൾ പതിയെ ഡീ കമ്മീഷൻ ചെയ്ത് പൂർണായും ഒഴിവാക്കി കൊണ്ടിരിക്കുകയാണ്. റാഫേലിനൊപ്പം, യു.എസ് നിർമ്മിത എഫ് – 16, തദ്ദേശീയമായി വികസിപ്പിച്ച തേജസ് എന്നിവയും മിഗിന് പകരം വ്യോമസേനയുടെ ഭാഗമാകും.
കരാറൊപ്പിട്ട റാഫേൽ വിമാനങ്ങൾ സേനയുടെ ഭാഗമായാൽ അത് ദീർഘദൂര ലക്ഷ്യത്തിലേക്കുള്ള ആക്രമണത്തിന് സഹായകമാകുമെന്നാണ് കണക്കാക്കുന്നത്. റാഫേൽ വിമാനങ്ങൾക്ക് തുടർച്ചയായി 3800 കിലോമീറ്ററോളം പറക്കാനാകും. അതായത് എന്തെങ്കിലും ഭീഷണിയുണ്ടായാൽ ചൈനയിലെയും പാകിസ്ഥാനിലെയും സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ ഈ വിമാനങ്ങൾക്ക് കഴിയും.
Post Your Comments