നേരത്തേ ഒറ്റപ്പെട്ട സംഭവമായിട്ടായിരുന്നു ഈ വിഡിയോവൈറസിന്റെ വിളയാട്ടം. പക്ഷേ ഇപ്പോൾ ഒട്ടേറെ പേരെ സംഗതി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഫെയ്സ്ബുക്ക് വഴിയാണ് വരവെന്നതിനാൽ കംപ്യൂട്ടറിലോ മൊബൈലിലോ ആന്റി-വൈറസുണ്ടായിട്ടും പലപ്പോഴും രക്ഷയില്ല. എഫ്ബിയാകട്ടെ ഈ Specific spam message ഒഴിവാക്കാനായുള്ള മാർഗവും പറഞ്ഞു തരുന്നില്ല. ആകെയുള്ളത് ഫെയ്സ്ബുക്ക് ഹെൽപ് സെന്റർ വഴി ലഭിക്കുന്ന സെക്യൂരിറ്റി ടിപ്സ് മാത്രം. ഇതു സംബന്ധിച്ച് 2011 മുതലുള്ള സംശയങ്ങളും അതിന് പലരായി നൽകിയിരിക്കുന്ന ഉത്തരങ്ങളും ഇപ്പോഴും എഫ്ബി ഹെൽപ് ഫോറങ്ങളിലുണ്ട്.
വിഡിയോ ലിങ്കുമായി വരുന്ന പോസ്റ്റുകൾ സൂക്ഷ്മമായി പരിശോധിച്ച് സംഗതി പിശകാണെന്നു കണ്ടാൽ ക്ലിക്ക് ചെയ്യാതിരിക്കുകയാണ് പ്രധാന വഴി. ക്ലിക്ക് ചെയ്തുകഴിഞ്ഞാലും രക്ഷപ്പെടാൻ ചില പൊടിക്കൈകളുണ്ട്. ഇതിനോടകം ‘സ്പാം’ ശരമേറ്റവർക്ക് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.Your special video, my first video, your video, you will like this video, This is wonderful, You will never see such a video, your private video എന്നിങ്ങനെ പലതും കാണും വരുന്ന ലിങ്കിനൊപ്പം. ഇതൊക്കെ കണ്ടാൽ ഉറപ്പിച്ചോളൂ, സംഗതി വൈറസാണ്
എന്തായാലും മാരകമായ വിധത്തിൽ കംപ്യൂട്ടറിലെയോ മൊബൈലിലെയോ വിവരങ്ങൾ ചോർത്തപ്പെടുന്നില്ല എന്നതാണ് ഈ സ്പാം മെസേജിന്റെ പ്രത്യേകത. മറിച്ച് മറ്റുള്ളവരുടെ ടൈംലൈനിൽ നമ്മൾ ഷെയർ ചെയ്തതാണെന്ന മട്ടിൽ വിഡിയോ ലിങ്കുകൾ പ്രത്യക്ഷപ്പെടുകയാണ്. ചില ലിങ്കുകളാകട്ടെ പോൺ വിഡിയോയുമായി ബന്ധപ്പെട്ടതും. (മാനം പോകുമെന്നു സാരം) അയക്കുന്ന ആളുടെ പേരും പ്രൊഫൈൽ പിക്ചറും മാത്രമല്ല ചിലപ്പോഴൊക്കെ സ്വീകരിക്കുന്ന ആളുടെ ‘സ്പെഷൽ വിഡിയോ’ ആണെന്നു പറഞ്ഞാണ് ലിങ്ക് എത്തുന്നത്. ആകാംക്ഷ കൊണ്ടോ ആശങ്ക കൊണ്ടോ ലിങ്കിൽ ക്ലിക്ക് ചെയ്താൽ കൂടുതൽ വിവരങ്ങളൊന്നുമുണ്ടാകില്ല. പക്ഷേ അതോടെ നിങ്ങളുടെ കംപ്യൂട്ടറിലേക്കും ആ സ്പാം ലിങ്ക് വഴിയുള്ള വൈറസോ മാൽവെയറോ കയറിയിട്ടുണ്ടാകും. പിന്നെ നിങ്ങളുടെ എഫ്ബി പ്രൊഫൈലിൽ നിന്നായിരിക്കും സുഹൃത്തുക്കൾക്ക് ഇതേരീതിയിലുള്ള മെസേജ് പോകുക. ഇങ്ങനെ ഒരു കംപ്യൂട്ടറിൽ നിന്ന് അടുത്തതിലേക്ക് എഫ്ബിയുടെ കൈപിടിച്ചാണ് ഈ സ്പാം മെസേജിന്റെയും വൈറസിന്റെയും യാത്ര.
വിഡിയോ ലിങ്ക് ഏറ്റവും പെട്ടെന്ന് ഡിലീറ്റ് ചെയ്യുകയെന്നതാണ് പ്രധാന വഴി. അതിന് ലിങ്കായി വന്നിട്ടുള്ള പോസ്റ്റിന്റെ വലതു വശത്ത് മുകളിൽ കോർണറിലായി ചിലതിൽ ഒരു ഡ്രോപ് ഡൗൺ(V) ഐക്കണുണ്ടാകും. അതിനകത്ത് ഓപ്ഷനുമുണ്ടാകും. എത്രയും പെട്ടെന്ന് സംഗതി നിങ്ങളുടെ ടൈംലൈനിൽ നിന്ന് Hide ചെയ്തേക്കുക. അല്ലെങ്കിൽ മറ്റുള്ളവർ അതിൽ ക്ലിക്ക് ചെയ്യാനുള്ള സാധ്യതയേറെ. അതുമല്ലെങ്കിൽ ഏറ്റവും താഴെ remove/report tags എന്ന ഓപ്ഷനുണ്ട്.
ചിലർക്ക് ഈ പോസ്റ്റ് remove/delete ചെയ്യാനാകുന്നുണ്ട്. മറ്റു ചിലർക്കാകട്ടെ അവർ പുതിയ സ്റ്റാറ്റസ് അപ്ഡേഷനിടുന്നതോടെ ഈ ലിങ്ക് അപ്രത്യക്ഷമാകും. ആക്ടിവിറ്റി ലോഗിൽ പോലും പിന്നെ സംഗതി കാണില്ല. മറ്റു ചിലർക്ക് പക്ഷേ ഈ സ്പാം മെസേജ് ക്ലിക്ക് ചെയ്ത കംപ്യൂട്ടറിൽ പിന്നെ എഫ്ബി ലോഗിൻ ചെയ്യാനാകില്ല. മൊബൈൽ വഴിയോ മറ്റൊരു കംപ്യൂട്ടറിലോ കയറി പാസ്വേഡ് മാറ്റുകയാണ് ഇവർക്കു മുന്നിലുള്ള വഴി. അത് പലതിലും വിജയം കാണുന്നുമുണ്ട്. ചിലർ ബ്രൗസർ uninstall ചെയ്തും രക്ഷപ്പെടുന്നു.
അറിയാതെയെങ്ങാൻ ക്ലിക്ക് ചെയ്തു പോയാൽ ഇപ്പോൾ പലരും ചെയ്യുന്നതു പോലെ ഒരു സ്റ്റാറ്റസ് മെസേജ് ഇടുന്നത് വളരെ നല്ലതായിരിക്കും-‘ആരും എന്റെ പേരിൽ വരുന്ന വിഡിയോ ലിങ്ക് ക്ലിക്ക് ചെയ്യല്ലേ. വൈറസാണത്’ എന്ന് ധൈര്യമായിത്തന്നെ പ്രഖ്യാപിക്കാം. കാരണം നിങ്ങളുടെ തെറ്റുകൊണ്ടല്ല വൈറസിന്റെ വരവെന്നതു തന്നെ.
ഫെയ്സ്ബുക്കിന്റെ വലതുവശത്ത് മുകളിലായി കാണുന്ന ഡ്രോപ് ഡൗൺ ഐക്കണിൽ ക്ലിക്ക് ചെയ്താൽ Activity log എന്ന ഓപ്ഷൻ കാണാം. എഫ്ബിയിൽ നിങ്ങൾ ചെയ്യുന്ന സകല ‘ലൈക്കാദിഷെയർ’ പരിപാടികളുടെയും വിവരങ്ങൾ ആ ലോഗിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. അവ പരിശോധിച്ച് നിങ്ങൾ ചെയ്തിട്ടില്ലാത്ത ഏതെങ്കിലും ആക്ടിവിറ്റി അതിലുണ്ടോയെന്നു പരിശോധിക്കുക. ഉണ്ടെങ്കിൽ edit ചെയ്ത് നീക്കാനുള്ള ഓപ്ഷൻ വലതുവശത്ത് തന്നെയുണ്ട്.
ചിലപ്പോൾ സ്പാം ലിങ്കിനൊപ്പം നിങ്ങളുടെ സുഹൃത്തുക്കളെയും tag ചെയ്തിട്ടുണ്ടാകാം. അങ്ങനെയെങ്കിൽ അവരോട് ആക്ടിവിറ്റി ലോഗിൽ പോയി സ്വയം untag ചെയ്യാൻ ആവശ്യപ്പെടാം.
ആക്ടിവിറ്റി ലോഗിനു താഴെയായി settings optionലും ഒന്നു കയറാം. അവിടെ ഇടതുവശത്തെ ലിസ്റ്റിൽ Apps എന്നു കാണാം. നിങ്ങൾ പോലും അറിയാതെ എഫ്ബി അക്കൗണ്ടിൽ കയറിപ്പറ്റിയ ഒട്ടേറെ ആപ്ലിക്കേഷനുകൾ അവിടെ ഒളിച്ചിരിക്കുന്നുണ്ടാകും. ആവശ്യമില്ലാത്തതാണെങ്കിൽ ഒന്നൊന്നായി remove ചെയ്യുക.
എഫ്ബിയിൽ ലോഗിൻ ചെയ്യാനായി നിങ്ങൾ കയറുന്ന കംപ്യൂട്ടറിലെ ബ്രൗസറിന്റെ വെബ്സൈറ്റ് ഹിസ്റ്ററിയും (ഇതോടൊപ്പം കുക്കീസും) കാഷെയുമെല്ലാം ക്ലിയർ ചെയ്യുക. ബ്രൗസറിലെ വലതുവശത്തായുള്ള മൂന്ന് വരകളുടെ(Menu) അടയാളത്തിൽ ക്ലിക്ക് ചെയ്താൽ മതി ഇതെല്ലാം ലഭിക്കാൻ.
ബ്രൗസറിലെ പ്ലഗ് ഇനുകളെയും add-onകളും പരിശോധിക്കാം. ആവശ്യമില്ലാത്തവ കയറിപ്പറ്റിയിട്ടുണ്ടെങ്കിൽ അവയെയും remove ചെയ്യാം. ഇന്റർനെറ്റ് എക്സ്പ്ലോററിലും ക്രോമിലും മോസില്ലയിലും മെനുവിൽ പോയി tools ക്ലിക്ക് ചെയ്താണ് ഇത് സാധ്യമാക്കേണ്ടത്. ക്രോമിലാണെങ്കിൽ Add-ons അറിയപ്പെടുന്നത് Extensions എന്നാണ്. അതായത് Tools Extensions or More tools എന്നായിരിക്കും. ക്രോമിൽ പ്ലഗ്-ഇന്നുകളെ disable ചെയ്യാൻ അഡ്രസ് ബാറില് chrome://plugins ടൈപ് ചെയ്യുക. മൊസില്ലയിൽ ഈ ലിങ്ക് സഹായിക്കും: support.mozilla.org/en-US/kb/disable-or-remove-add-ons how-to-disable-plugins. ഇന്റർനെറ്റ് എക്സ്പ്ലോററിലാണെങ്കിൽ Menuവിൽ Tools & Manage add-ons വഴി പോകാം.
തങ്ങൾക്കു വരുന്ന വിഡിയോ പോസ്റ്റ് സ്പാം ഫെയ്സ്ബുക്കിന് Report ചെയ്യാനും സാധിക്കും. എഫ്ബിയുടെ വലതുവശത്ത് മുകളിലായി കാണുന്ന ഡ്രോപ് ഡൗൺ ഐക്കണിൽ ക്ലിക്ക് ചെയ്താൽ ഏറ്റവും താഴെ കാണുന്ന ഓപ്ഷനാണത്. അതിൽ ക്ലിക്ക് ചെയ്ത് Abusive content ആണ് ഇവിടെ റിപ്പോർട്ട് ചെയ്യേണ്ടത്. കംപ്യൂട്ടറിൽ ആന്റി-വൈറസുണ്ടെങ്കിൽ മൊത്തത്തിൽ ഒരു scan കൊടുക്കാം
Post Your Comments