കൊച്ചി● രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ വോഡഫോണും പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലും തമ്മില്‍ 2ജി ഇന്‍ട്രാ സര്‍ക്കിള്‍ റോമിംഗില്‍ പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായി. ഇതുപ്രകാരം ഇരു കമ്പനികളും അവരുടെ ടവറുകള്‍ ഉള്‍പ്പെടെയുള്ളവ പരസ്പരം പങ്കുവയ്ക്കും. ഇരുകമ്പനികള്‍ക്കും അവരുടെ നെറ്റ്വര്‍ക്ക് വ്യാപിപ്പിക്കാനും സേവനം മെച്ചപ്പെടുത്താനും പുതിയ സഹകരണം വഴി സാധിക്കുമെന്ന് കരുതുന്നതായി കമ്പനി അധികൃതര്‍ അറിയിച്ചു.
രാജ്യത്താകെ 1,37,000ല്‍പ്പരം ടവറുകളാണ് വോഡഫോണിനുള്ളത്. ബിഎസ്എന്‍എല്ലിന് 1,14,000ല്‍പ്പരവും. ഇന്‍ട്രാ സര്‍ക്കിള്‍ 2ജി സാങ്കേതികതകള്‍ ഇരുവരും പരസ്പരം ഉപയോഗപ്പെടുത്തും. ഗ്രാമങ്ങളില്‍ വോഡഫോണിനും നഗരങ്ങളില്‍ ബിഎസ്എന്‍എല്ലിനും പുതിയ ഉദ്യമം കൂടുതല്‍ കരുത്തു പകരും.
കൂടുതല്‍ മെച്ചപ്പെട്ട വോയ്സ, ഡാറ്റാ സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനാണ് തങ്ങളുടെ ശ്രമമെന്ന് വോഡഫോണ്‍ ഇന്ത്യ എംഡിയും സിഇഒയുമായ സുനില്‍ സൂദ് പ്രതികരിച്ചു. നെറ്റ്വര്‍ക്ക് വ്യാപിപ്പിക്കുന്നതിനും സേവനം മെച്ചപ്പെടുത്തുന്നതിനും നിരവധി ഉദ്യമങ്ങള്‍ കമ്പനി ഇതിനകം നടപ്പാക്കിക്കഴിഞ്ഞു വോഡഫോണ്‍ സൂപ്പര്‍ നെറ്റ് തങ്ങളുടെ ഏറ്റവും മികച്ചതും ലോകോത്തര നിലവാരമുള്ളതുമായ നെറ്റ്വര്‍ക്കാണ്. ബിഎസ്എന്‍എല്ലുമായുള്ള സഹകരണം ഗ്രാമപ്രദേശങ്ങളിലെ വോഡഫോണ്‍ വരിക്കാര്‍ക്ക് കൂടുതല്‍ നേട്ടമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റു ടെലികോം കമ്പനികളുമായി ചേര്‍ന്ന് ടവറുകള്‍ ഉള്‍പ്പെടെ പങ്കുവച്ച് ബിഎസ്എന്‍എല്‍ രാജ്യത്തുടനീളം നെറ്റ്വര്‍ക്ക് വ്യാപിപ്പിക്കാനുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ നടത്തിവരുകയാണെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാനും എംഡിയുമായ അനുപം ശ്രീവാസ്തവ പറഞ്ഞു. വോഡഫോണുമായുള്ള സഹകരണം വഴി ബിഎസ്എന്‍എല്ലിന്റെ നെറ്റ്വര്‍ക്ക് വിപുലമാവുകയും കവറേജ് വര്‍ധിക്കുകയും ചെയ്യും. നഗരങ്ങളിലായിരിക്കും കൂടുതല്‍ നേട്ടം. ഉപഭോക്താക്കള്‍ക്ക് ഇത് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments