KeralaNews

മുഖ്യമന്ത്രി അറിയാതെ പൊലീസില്‍ വീണ്ടും ചട്ടവിരുദ്ധ സ്ഥലംമാറ്റം : പിന്നില്‍ മൂന്നംഗ സംഘത്തിന്റെ ഇടപെടല്‍

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെ സംസ്ഥാന പൊലീസിലെ സ്‌പെഷല്‍ യൂണിറ്റുകളില്‍ വീണ്ടും കൂട്ടത്തോടെ ചട്ടവിരുദ്ധ സ്ഥലംമാറ്റം. 236 പേരെയാണു യൂണിറ്റ് മേധാവികള്‍ പോലും അറിയാതെ പൊലീസ് ആസ്ഥാനത്തെ എഐജി മാറ്റി നിയമിച്ചത്. പുറ്റിങ്ങല്‍ വെടിക്കെട്ട് കേസ് അടക്കമുള്ള കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് ഐജി ഇതിനെ എതിര്‍ത്തെങ്കിലും അതു തള്ളി. മൂന്നംഗ സംഘമാണു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേര് പറഞ്ഞു സ്ഥലംമാറ്റം നടത്തുന്നതെന്നും ഇതിനു പിന്നില്‍ ചില സാമ്പത്തിക ഇടപാടുകള്‍ അരങ്ങേറിയെന്നും ഇന്റലിജന്‍സ് വിഭാഗത്തിനു സൂചന ലഭിച്ചു.

റെയില്‍വേ-ഏഴ്, ക്രൈംബ്രാഞ്ച്-172, സംസ്ഥാന ഇന്റലിജന്‍സ്-43, സംസ്ഥാന വനിതാ സെല്‍ -14 എന്നിങ്ങനെയാണു കോണ്‍സ്റ്റബിള്‍മാരെയും ഹെഡ് കോണ്‍സ്റ്റബിള്‍മാരെയും മാറ്റിയത്. പത്തു ദിവസം മുന്‍പു നിയമനം ലഭിച്ച കോണ്‍സ്റ്റബിളിനെ വനിതാ സെല്ലില്‍ നിന്നു വീണ്ടും മാറ്റി. വിരമിക്കാന്‍ ഒന്നര വര്‍ഷം മാത്രം ബാക്കിയുള്ള റെയില്‍വേയിലെ ഉദ്യോഗസ്ഥനെ കാസര്‍കോട്ടേക്കു തട്ടി. മൂന്നു മാസം മുന്‍പു മാത്രം ഇവിടെ നിയമനം ലഭിച്ച വ്യക്തിയെ വീണ്ടും മാറ്റി.
സംസ്ഥാന ഇന്റലിജന്‍സില്‍ നിയമിച്ച പുതിയ പൊലീസുകാരുടെ അംഗീകാരം ഇന്റലിജന്‍സ് മേധാവിയില്‍ നിന്നു തേടിയില്ല. സാധാരണ ഇന്റലിജന്‍സ് വിഭാഗത്തില്‍ നിയമിക്കപ്പെടുന്നവരുടെ പൂര്‍വകാല സര്‍വീസ് പരിശോധിച്ചു സ്‌പെഷല്‍ ബ്രാഞ്ച് ക്‌ളിയറന്‍സ് നല്‍കിയാല്‍ മാത്രമേ ഇവരെ നിയമിക്കാറുള്ളു. അതൊന്നും ഇവിടെ ഉണ്ടായില്ല.
172 പേരെ ഒറ്റയടിക്കു മാറ്റിയതോടെ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം ഉള്‍പ്പെടെ പ്രധാന കേസുകളുടെ അന്വേഷണം അവതാളത്തിലായെന്നും അതിനാല്‍ ഉത്തരവു മരവിപ്പിക്കണമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റയോടു ക്രൈംബ്രാഞ്ച് ഐജി ബല്‍റാംകുമാര്‍ ഉപാധ്യായ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിനു മറുപടിയൊന്നും ലഭിച്ചില്ല. പുറ്റിങ്ങല്‍ അന്വേഷണസംഘത്തിലുണ്ടായിരുന്ന ഒന്‍പതു പേരെയാണു മാറ്റിയത്. മാത്രമല്ല സ്‌പെഷല്‍ യൂണിറ്റുകളിലേക്കു നിയമിക്കുന്നതിനു മുന്‍പു പൊലീസുകാരുടെ സമ്മതപത്രം നേരത്തെ തേടുമായിരുന്നു. ഇവിടെ അതു ചെയ്തില്ലെന്നു മാത്രമല്ല, മറ്റു ചിലതു മാനദണ്ഡമാക്കിയാണു മാറ്റം നടപ്പാക്കിയതെന്ന് ആക്ഷേപം ഉയര്‍ന്നു. ജൂണിനു മുന്‍പു നടത്തേണ്ട സ്ഥലംമാറ്റം ഓണക്കാലത്തു നടത്തിയതു പലരുടെയും കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കും.
അഞ്ചു വര്‍ഷം സര്‍വീസ് പൂര്‍ത്തിയാകുന്നവരെ മാത്രമേ സ്‌പെഷല്‍ യൂണിറ്റുകളില്‍ നിന്നു മാറ്റാന്‍ പാടുള്ളുവെന്നും അല്ലെങ്കില്‍ അച്ചടക്കനടപടിയുടെ ഭാഗമായി മാറ്റാമെന്നും മുന്‍ ഡിജിപി: കെ.എസ്.ബാലസുബ്രഹ്മണ്യന്‍ ഉത്തരവിട്ടിരുന്നു. അതെല്ലാം ലംഘിച്ചാണു ദിവസങ്ങളും മാസങ്ങളും മാത്രം ജോലിചെയ്തവരെ മാറ്റിയത്.
നഗരത്തിലെ മൂന്നംഗ സംഘമാണ് ഇപ്പോഴത്തെ സ്ഥലംമാറ്റത്തിനു പിന്നിലെ ഇടപാടുകാര്‍ എന്നു സംസ്ഥാന ഇന്റലിജന്‍സിനു വിവരം ലഭിച്ചിട്ടുണ്ട്. നഗരത്തില്‍ ജോലി ചെയ്യുന്ന കേരള പൊലീസ് ആസോസിയേഷന്റെ രണ്ടു മുന്‍ ഭാരവാഹികളും പൊലീസ് ആസ്ഥാനത്തെ ഒരു ജൂനിയര്‍ സൂപ്രണ്ടുമാണ് ഇവര്‍. ഹൗസിങ് ബോര്‍ഡ് ജംക്ഷനു സമീപത്തെ ഒരു കംപ്യൂട്ടര്‍ സെന്ററിലാണ് അസോസിയേഷന്‍ മുന്‍ നേതാക്കള്‍ സ്ഥലംമാറ്റ പട്ടിക തയാറാക്കുന്നത്. അതിനു ശേഷം ജൂനിയര്‍ സൂപ്രണ്ടിനു കൈമാറും. അദ്ദേഹം പൊലീസ് ആസ്ഥാനത്തെ എഐജിക്കു നല്‍കും. അഡ്മിനിസ്‌ട്രേഷന്‍ ചുമതലയുള്ള ഐജി സുരേഷ് രാജ് പുരോഹിതിനെ പോലും കാണിക്കാതെ ഡിജിപിയുടെ പേരില്‍ ഈ എഐജി ഉത്തരവിറക്കും. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശപ്രകാരമെന്ന പേരിലാണ് ഉത്തരവിറക്കുന്നതെന്നു പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button