Kerala

ആരോഗ്യ ഇന്‍ഷ്വറന്‍സ് : അക്ഷയയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

പത്തനംതിട്ട● കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി സംസ്ഥാന തൊഴില്‍ പുനരധിവാസ വകുപ്പ് മുഖേന നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളില്‍ തുടക്കമായി. സൗജന്യ ആരോഗ്യ ചികിത്സാ പദ്ധതി പ്രകാരം ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് എടുക്കാന്‍ കഴിയാതെവന്ന കുടുംബങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 30 വരെ അക്ഷയ കേന്ദ്രങ്ങളില്‍ നടക്കും. 2016-17 വര്‍ഷത്തില്‍ കാര്‍ഡ് ലഭിച്ചിട്ടുള്ള കുടുംബങ്ങള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.

റേഷന്‍കാര്‍ഡില്‍ 600 രൂപയോ അതില്‍ കുറവോ പ്രതിമാസ വരുമാനമുള്ളവര്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയില്‍ കഴിഞ്ഞ വര്‍ഷം 15 ദിവസമെങ്കിലും തൊഴില്‍ ചെയ്ത കുടുംബങ്ങളിലെ അംഗങ്ങള്‍, വിവിധ ക്ഷേമ പദ്ധതി-ക്ഷേമ ബോര്‍ഡ് എന്നിവയില്‍ അംഗത്വമുള്ളവര്‍, വിവിധ ക്ഷേമ പെന്‍ഷന്‍, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ എന്നിവ വാങ്ങുന്നവര്‍, മത്സ്യതൊഴിലാളി കുടുംബങ്ങള്‍, പെന്‍ഷന്‍ ലഭിക്കുന്നവര്‍ അംഗമായുള്ള കുടുംബങ്ങള്‍, ആശ്രയ കുടുംബങ്ങള്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍, ആശ പ്രവര്‍ത്തകര്‍, വീട്ടുജോലിക്കാര്‍, കളിമണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍, മരംകയറ്റ തൊഴിലാളികള്‍, തെരുവ് കച്ചവടക്കാര്‍, അംഗപരിമിതര്‍ ഉള്‍പ്പെട്ട പാവപ്പെട്ട കുടുംബങ്ങള്‍, ടാക്‌സി-ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍, അഗതി മന്ദിരങ്ങളിലെ അന്തേവാസികള്‍, എച്ച്.ഐ.വി ബാധിതര്‍, ആക്രി- പാഴ് വസ്തുക്കള്‍ ശേഖരിക്കുന്നവര്‍, ശുചീകരണ തൊഴിലാളികള്‍, റിക്ഷ വലിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് അപേക്ഷിക്കാം.

രജിസ്‌ട്രേഷന് കുടുംബാംഗങ്ങളില്‍ ഒരാള്‍ മാത്രം അക്ഷയ കേന്ദ്രത്തില്‍ ഹാജരായാല്‍ മതി. തൊഴില്‍ വിഭാഗ ക്ഷേമനിധി അംഗത്വമുള്ളവര്‍ അവ തെളിയിക്കുന്ന രേഖ, പട്ടികജാതി-പട്ടികവര്‍ഗ കുടുംബങ്ങള്‍ ജാതി തെളിയിക്കുന്ന രേഖയുടെ അസല്‍, പകര്‍പ്പ്, ആധാര്‍ കാര്‍ഡ് എന്നിവയും റേഷന്‍കാര്‍ഡിനൊപ്പം ഹാജരാക്കണം. എല്ലാ വിഭാഗങ്ങള്‍ക്കും റേഷന്‍കാര്‍ഡ് നിര്‍ബന്ധമാണ്. ആദ്യഘട്ട രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായശേഷം റേഷന്‍ കാര്‍ഡ് ഇല്ലാത്ത കുടുംബങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും.

റേഷന്‍ കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ തദ്ദേശസ്വയംഭരണ സെക്രട്ടി/അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ നല്‍കുന്ന സാക്ഷ്യപത്രം ഉള്‍പ്പെടുന്ന അപേക്ഷ ഹാജരാക്കണം. റേഷന്‍ കാര്‍ഡില്‍ പേരില്ലെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ് എന്നിവ പരിഗണിക്കും. ആധാര്‍ കാര്‍ഡ് എടുത്തിട്ടില്ലാത്തവര്‍ ആധാര്‍ എന്റോള്‍മെന്റ് നടത്തുന്ന അക്ഷയ കേന്ദ്രങ്ങളിലെത്തി എടുക്കണം. റേഷന്‍കാര്‍ഡ് നമ്പര്‍, ജില്ല, താലൂക്ക്, പഞ്ചായത്ത്/മുനിസിപ്പാലിറ്റി, വില്ലേജ്, വാര്‍ഡ് നമ്പര്‍, വീട്ടുനമ്പര്‍, കുടുംബാംഗങ്ങളെ സംബന്ധിച്ച വിവരങ്ങള്‍, പ്രായം, സ്ത്രീയോ പുരുഷനോ, കുടുംബനാഥനുമായുള്ള ബന്ധം, വിലാസം, മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ രജിസ്‌ട്രേഷന് ആവശ്യമാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗജന്യമാണ്. എന്നാല്‍ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന വിവിധതരം മാതൃകാ ഫാറങ്ങള്‍ക്ക് ഫീസ് നല്‍കണം.

ഒരു കുടുംബത്തിലെ പരമാവധി 14 അംഗങ്ങളുടെ വിവരങ്ങളാണ് രേഖപ്പെടുത്തുന്നത്. എന്നാല്‍ അഞ്ചുപേരെ മാത്രമേ സ്മാര്‍ട്ട് കാര്‍ഡില്‍ ഉള്‍പ്പെടുത്തുകയുള്ളു (കുടുംബനാഥന്‍, കുടുംബനാഥ, മൂന്ന് ആശ്രിതര്‍). തൊഴിലാളി ക്ഷേമ ബോര്‍ഡിലെ/വിഭാഗത്തിലെ കുടുംബാംഗം ഗൃഹനാഥന്‍/ഗൃഹനാഥ ആയിരിക്കണമെന്നില്ല. റേഷന്‍ കാര്‍ഡിലെ അംഗത്വ പട്ടികയില്‍ ഉള്‍പ്പെട്ട കുടുംബാംഗമായിരുന്നാല്‍ മതി. തൊഴിലാളി വിഭാഗങ്ങളില്‍പ്പെട്ട അംഗങ്ങളുള്ള കുടുംബങ്ങള്‍ തൊഴിലാളി വിഭാഗം എന്ന നിലയിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button