സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക് കൊളുത്തുന്നതും, ദൈവസ്തുതികള്‍ ചൊല്ലുന്നതും ഒഴിവാക്കണം എന്ന പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ പ്രസ്താവന വന്‍വിവാദമായതിനു തൊട്ടുപിന്നാലെ ബിജെപി നേതാവ് വി. മുരളീധരന്‍ പ്രസ്തുത വിഷയത്തില്‍ സുധാകരനെതിരെ നടത്തിയ പ്രതികരണം ശ്രദ്ധേയമാകുന്നു. സുധാകരന്‍റെ കവിതയെഴുത്ത് ശീലത്തെ കണക്കറ്റ് പരിഹസിച്ചു കൊണ്ട് മുരളീധരന്‍ എഴുതിയ കുറിപ്പ് ചുവടെ വായിക്കാം:
സർക്കാർ പരിപാടികളിൽ ഇനി മുതൽ നിലവിളക്കും പ്രാർത്ഥനയും വേണ്ടെന്ന മന്ത്രി ജി.സുധാകരന്റെ പ്രസ്താവന സ്വന്തം സംസ്കാരത്തിൽ അഭിമാനിക്കുന്ന ഒരു മലയാളിയും സ്വീകരിക്കില്ല . ഗുരുവായൂരമ്പലത്തിലും ചേരമാൻ മസ്ജിദിലും ക്രൈസ്തവ ദേവാലയങ്ങളിലും കൊളുത്തി വച്ചിരിക്കുന്ന നിലവിളക്ക് പകരുന്ന പ്രകാശം ഭാരത സംസ്കാരത്തിന്റെതാണ്. നമ്മുടെ സർക്കാർ വിദ്യാലയങ്ങളിലും മറ്റ് പരിപാടികളിലും ചൊല്ലുന്ന പ്രാർത്ഥന പൊതുവായിട്ടുള്ളതുമാണ്. കേരളത്തിന്റെ സാംസ്കാരിക പരിസരം മലീമസമാവുന്നത് ജി.സുധാകരൻ കരുതുന്നതു പോലെ നിലവിളക്ക് കൊളുത്തിയതുകൊണ്ടോ പ്രാർത്ഥന ചൊല്ലിയതുകൊണ്ടോ അല്ല, മറിച്ച് സുധാകരൻ മന്ത്രി എഴുതുന്ന പൊട്ടക്കവിതകളാണ് നമ്മുടെ സാംസ്കാരിക ഭൂമികയെ മലീമസമാക്കുന്നത്. അതു കൊണ്ട് സുധാകരൻ ദയവു ചെയ്ത് കവിതയെഴുത്ത് നിർത്തണം. മന്ത്രി എഴുതുന്ന കവിതകൾ വായിച്ചാൽ നമ്മുടെ കുട്ടികളുടെ സർഗശേഷി നശിക്കാൻ സാധ്യതയുണ്ട്. ബഹു .മുഖ്യമന്ത്രി ഇടപെട്ട് ജി.സുധാകരനെ ഇതുപോലെ തോന്നിവാസം വിളിച്ചു പറയുന്നതിൽ നിന്ന് വിലക്കണം. കെ.ഇ.എൻ, പോക്കർ ടൈപ്പ് വിദ്വാൻമാരുടെ വർഗീയ അജണ്ടകൾ പിൻവാതിലിലൂടെ നടപ്പാക്കുന്ന പണിയാണ് ഇടത് സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നത്. ഇത് കണ്ടില്ലെന്ന് നടിച്ചിരിക്കാനാവില്ല. ഇതിനെതിരെയുള്ള പ്രതിഷേധം മലയാളി എന്ന് അഭിമാനിക്കുന്ന എല്ലാവരിലും നിന്ന് ഉയരുക തന്നെ ചെയ്യും…
Post Your Comments