കോഴിക്കോട്● ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് പോലെയുള്ള സംഘടനകള്‍ കേരളത്തിലെ മുസ്ലിം യുവാക്കള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കുന്നത് ചെറുക്കുക എന്ന ലക്ഷ്യത്തോടെ വിളിച്ചുചേര്‍ക്കാനിരുന്ന വിവിധ മുസ്ലിം സംഘടനകളുടെ സംയുക്ത യോഗത്തില്‍ നിന്ന് മുസ്ലിം ലീഗ് പിന്മാറി. ലീഗിലെ മുജാഹിദ്, സുന്നി വിഭാഗങ്ങള്‍ തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമായതോടെയാണ് യോഗത്തില്‍ നിന്ന് പിന്മാറാന്‍ ലീഗ് തീരുമാനമെടുത്തത്.
ഐ.എസ്, സലഫിസം, ഫാസിസം എന്നീ വിഷയങ്ങളില്‍ സുന്നികള്‍ നടത്തി വരുന്ന പ്രചാരണം മുജാഹിദ് വിരുദ്ധ പ്രചാരണമായി മാറിയെന്നാണ് സലഫികളായ മുജാഹിദുകള്‍ കരുതുന്നത്. ഇതാണ് മുജാഹിദുകളെ കടുത്ത നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചത്. മതരാഷ്ട്രവാദം ജമാഅത്തെ ഇസ്ലാമിയുടെ മാത്രം ആശയമാണെന്നും അതിനെ ലീഗിനൊപ്പം തങ്ങളും എക്കാലവും എതിര്‍ത്തു പോന്നിട്ടുണ്ടെന്നും മുജാഹിദ് വിഭാഗം വാദിക്കുന്നു. എന്നാല്‍ തങ്ങളെ മാത്രം പ്രതിക്കൂട്ടിലാക്കാന്‍ സമസ്ത വിഭാഗം നടത്തുന്ന ശ്രമം ദുരുദ്ദേശപരമാണെന്നും മുജാഹിദുകള്‍ ആരോപിക്കുന്നു. ലീഗിന്റെയും സമസ്തയുടേയും നേതാവ് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ തന്നെ ആയതിനാല്‍ തങ്ങള്‍ക്ക് നീതി ലഭിച്ചിട്ടില്ലെന്നും മുജാഹിദ് വിഭാഗം പരാതിപ്പെടുന്നു.
വ്യത്യസ്ത മതപരമായ കര്‍മ്മങ്ങള്‍ പിന്തുടരുന്ന വിഭാഗങ്ങളാണ് സമസ്തയും മുജാഹിദുകളും. ലീഗിന്റെ പ്രധാന വോട്ട് ബാങ്കാണ് ഇരു വിഭാഗങ്ങളും. ഭീകരവാദ വിഷയങ്ങളില്‍ ലീഗിന്റെ നിലപാടിനൊപ്പമാണ് ഇരുവിഭാഗങ്ങളും നിന്നിട്ടുള്ളത്. എന്നാല്‍ ഐ.എസിനെയും, സലഫിസത്തേയും, ഫാസിസത്തേയും തുലനം ചെയ്ത് സമസ്ത വിഭാഗം പോസ്റ്ററുകളും പ്രചാരണവുമായി രംഗത്തെത്തിയതാണ് മുജാഹിദുകളെ ചൊടിപ്പിച്ചത്. ഇതോടെ സംയുക്തയോഗ നീക്കം പാളുകയായിരുന്നു.
ജൂലൈ 9,10 തീയതികളില്‍ കോഴിക്കോട് ചേര്‍ന്ന ലീഗ് സംസ്ഥാന സമിതി യോഗത്തിലാണ് ഐ.എസ് വിഷയത്തില്‍ സംയുക്ത ബോധവല്‍ക്കരണ യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ പ്രമേയം പാസാക്കിയത്. പാര്‍ട്ടിക്കുള്ളിലെ ഭിന്നതയ്ക്ക് പുറമേ എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ ഇതര മുസ്ലിം സംഘടനകളുടെ എതിര്‍പ്പും യോഗത്തില്‍ നിന്ന് പിന്മാറാന്‍ ലീഗിനെ പ്രേരിപ്പിച്ചെന്ന് സംസാരമുണ്ട്. മുസ്ലിം വോട്ട് ബാങ്ക് ചോര്‍ന്നുപോകുമെന്ന ആശങ്കയാണ് ലീഗിനെ മൃദുസമീപനം സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നത്. അതേസമയം, മുസ്ലിം സമുദായത്തില്‍ തീവ്രവാദ ചിന്തകള്‍ സ്വാധീനിക്കുന്നത് തടയാന്‍ ഉചിതമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ലീഗിന്റെ അടിത്തറ ഇളകുമെന്ന ആശങ്കയും ചില ലീഗ് നേതാക്കള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
Post Your Comments