ന്യൂഡല്‍ഹി :കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാനുള്ള പാക്കിസ്ഥാന്റെ ക്ഷണം ഇന്ത്യ തള്ളിക്കളഞ്ഞു. കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്കു തയാറാണെന്നു ചൂണ്ടിക്കാട്ടി പാക്ക് വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരിയാണ് ഇന്ത്യയ്ക്കു കത്തയച്ചത്. യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചു ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തയാറാകണമെന്നായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്.
കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്. അതിലിടപെടാന്‍ പാക്കിസ്ഥാന് അവകാശമില്ല. ചര്‍ച്ചയ്ക്കായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കര്‍ പാക്കിസ്ഥാനിലേക്കു വരാന്‍ തയാറാണെന്നും എന്നാല്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ മാത്രമാകും അതെന്നുമാണ് ഇന്ത്യയുടെ നിലപാട്. പാക്ക് വിദേശകാര്യ ഓഫിസിന് ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ഗൗതം ബംബാവാലേ കൈമാറിയ കത്തിലാണ് ഇന്ത്യ നിലപാടു വ്യക്തമാക്കിയത്.
ജമ്മു കശ്മീരിലെ ഇന്നത്തെ പ്രശ്നങ്ങള്‍ക്കു കാരണം അതിര്‍ത്തി കടന്നുള്ള ഭീകരവാദമാണ്. കശ്മീര്‍ വിഷയത്തിലെ പാക്ക് നിലപാടുകള്‍ ഇന്ത്യ തള്ളിക്കളയുന്നതായും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നാണു വിവരം.
Post Your Comments