ചെന്നൈ : സേലത്തു നിന്നു ചെന്നൈയിലെ റിസര്‍വ് ബാങ്ക് റീജനല്‍ ഓഫിസിലേക്കു ട്രെയിനില്‍ കൊണ്ടുവന്ന പഴയ നോട്ടുകെട്ടുകള്‍ കൊള്ളയടിച്ച സംഭവവുമായി ബന്ധപ്പെട്ട് സേലം സ്റ്റേഷനിലെ രണ്ടു പോര്‍ട്ടര്‍മാരെ കസ്റ്റഡിയിലെടുത്തു.പണമടങ്ങിയ പെട്ടികള്‍ ട്രെയിനില്‍ എത്തിച്ചത് ഇവരുടെ നേതൃത്വത്തിലായിരുന്നു.ഇവരെ ചോദ്യം ചെയ്തു വരികയാണെങ്കിലും പ്രതികള്‍ ഇവരാണെന്നു കരുതുന്നില്ല. കൊള്ളക്ക് പിറകില്‍ വന്‍ സംഘം ഉള്ളതായാണ് പോലീസ് സംശയം.
സംഘത്തിലുള്ള നാലുപേരുടെ വിരലടയാളങ്ങള്‍ ലഭിച്ചിട്ടുണ്ട്.ഇന്നലെയാണ് ഈ വന്‍ കവര്‍ച്ച നടന്നത്.സേലം- ചെന്നൈ എക്സ്പ്രസിലെ (11064) മൂന്നു പ്രത്യേക പാഴ്സല്‍ വാനുകളില്‍ പഴയ നോട്ടുകള്‍ കണക്കെടുത്ത് നശിപ്പിക്കാനായി ചെന്നയിലേക്ക് കൊണ്ടുപോയ പണമാണ് കൊള്ളയടിച്ചത് .342 കോടി രൂപയാണു മൊത്തമുണ്ടായിരുന്നത്. ഇതില്‍ 5.78 കോടി രൂപ കൊള്ളയടിച്ചു. ഇത് വേണമെങ്കില്‍ ബാങ്കുകളില്‍ നല്‍കി പുതിയ നോട്ടായി മാറ്റിയെടുക്കാവുന്നതാണ്.മൂന്നു പാഴ്സല്‍ വാനുകളിലെ 226 പെട്ടികളിലായിരുന്നു പണം. നാലു പെട്ടികള്‍ തുറന്നിട്ടുണ്ട്. ഒരു പെട്ടിയിലെ പണം പൂര്‍ണമായും മറ്റൊന്നിലേതു ഭാഗികമായും നഷ്ടപ്പെട്ടിരുന്നു.
Post Your Comments