ഓട്ടോറിക്ഷകളും സ്കൂട്ടറും വഴിയാത്രക്കാരെയും ഇടിച്ചു തെറിപ്പിച്ച ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ.
അടൂർ: മദ്യലഹരിയിൽ കാറോടിച്ച ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ ഓട്ടോറിക്ഷകളും സ്കൂട്ടറും വഴിയാത്രക്കാരെയും ഇടിച്ചു തെറിപ്പിച്ചു. കായംകുളം നഗരസഭയിലെ ഹെൽത്ത് സൂപ്പർവൈസർ ഐസക് (55) ഓടിച്ച കാറാണ് അപകടപരമ്പരയും ജനങ്ങളിൽ പരിഭ്രാന്തിയും ഉളവാക്കിയത് . ഇന്നലെ രാത്രി 7ന് അടൂർ ഹോളി ക്രോസ്സ് ജംഗ്ഷനിൽ ആയിരുന്നു അപകടം.
കായംകുളം രണ്ടാംകുറ്റിയിൽ ഉള്ള അൻസാരിയുടെ ഓട്ടോയെ വള്ളിക്കോട് ഭാഗത്തു നിന്ന് വന്ന ഐസക് ഇടിച്ചുതെറിപ്പിച്ച ശേഷം ഓട്ടോ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ഓട്ടോറിക്ഷയിലും തുടർന്ന് പഴകുളം സ്വദേശിനിയുടെ സ്കൂട്ടറിലും ഇടിച്ചു.തുടർന്ന് വഴിയാത്രക്കാരിയെയും ഇടിച്ച വണ്ടി അതിനു ശേഷം സമീപത്തുള്ള ശുദ്ധജല പദ്ധതിയുടെ പൈപ്പിൽ ഇടിച്ചാണ് നിന്നത്.
സംഭവം അറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥരായ എ എസ് ഐ അജികുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ അജി ജോർജ്, ഹോം ഗാർഡ് സന്തോഷ് എന്നിവരെ മർദിക്കുകയുണ്ടായി. ഐസ്സക്കിനെതിരെ മദ്യപിച്ചു വാഹനം ഓടിച്ചതിനും പോലീസ് ഉദ്യോഗസ്ഥരെ മർദിച്ചതിനും അവരുടെ ജോലി തടസ്സപ്പെടുത്തിയതിനും കേസെടുത്തു.
Post Your Comments