സുജിത്ത് ചാഴൂര്‍
ഒളിമ്പിക്സിന് ഇനി ഏതാനും ദിവസങ്ങള്‍ കൂടി. വിശ്വകായിക മാമാങ്കത്തിന് ബ്രസീലിലെ റിയോയില്‍ തിരി തെളിയാന്‍ പോകുന്നു. ലോകത്തെ ഇത്രമേല്‍ ഒന്നിച്ചു ചേര്‍ക്കുന്ന മറ്റൊരു വിശേഷം ഇല്ല എന്നുതന്നെ പറയാം. എത്രയോ പേരുടെ എത്രയോ വര്‍ഷങ്ങളുടെ കഠിനപ്രയത്നവും കാത്തിരിപ്പുമാണ് ഒളിമ്പ്കിസ്ന് പുറകിലുള്ളത്. അന്തരാഷ്ട്ര ഒളിമ്പ്ക്സിന് വേദി അനുവദിക്കപ്പെട്ടു കഴിഞ്ഞാല്‍ ഒരുക്കങ്ങള്‍ തുടങ്ങുകയായി. പുതിയ സ്റ്റേഡിയവും മറ്റു വേദികളും ഒളിമ്പിക് ഗ്രാമവും തുടങ്ങി വലിയ വലിയ ഒരുക്കങ്ങള്‍. ലോകരാജ്യങ്ങളിലെ ആയിരക്കണക്കിന് മത്സരാര്‍ത്ഥികള്‍. എല്ലാവരും റിയോവിലെക്ക് ഉറ്റുനോക്കുന്നു…
ഒളിമ്പിക്സ് തുടങ്ങി ഒരു നൂറ്റാണ്ടു കഴിഞ്ഞിട്ടും ലോകജനസംഖ്യയില്‍ മുന്‍പന്തിയിലായിട്ടും നേട്ടങ്ങളുടെ കാര്യത്തില്‍ എത്രയോ പുറകിലായാണ് ഇന്ത്യയുടെ സ്ഥാനം. എങ്കിലും ഓരോ ഒളിമ്പിക്സും നമുക്ക് ഇപ്പോഴും പ്രതീക്ഷയാണ്. അതുകൊണ്ട് തന്നെ അപൂര്‍വമായി കിട്ടുന്ന മെഡലുകള്‍ നമുക്ക് വിലമതിക്കാനാവാത്തതാണ്. മെഡല്‍ നേടുന്നവര്‍ ദേശീയ ഹീറോ ആകുന്നു നമുക്ക്. ചരിത്രത്തില്‍ ഇല്ലാത്തവിധം പ്രതീക്ഷകളുടെ ഭാരമായി ഒരു ജംബോ ടീമിനെയാണ് ഇത്തവണ നമ്മള്‍ അയക്കുന്നത്. 120 പേരോളം വരുന്ന ടീമിനെയാണ് ഇന്ത്യ അയക്കുന്നത്. കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്സിനുള്ള ടീമിനേക്കാള്‍ 37 പേര്‍ കൂടുതല്‍.
പതിനഞ്ചോളം ഇനങ്ങളില്‍ അറുപത്തി ആറോളം ഇവന്റുകളിലായാണ് നമ്മുടെ പുരുഷ വനിതാ അത്ലറ്റുകള്‍ മത്സരിക്കുന്നത്. ആര്‍ച്ചറി , അത്ലറ്റിക്സ് , ഹോക്കി, ടെന്നീസ് തുടങ്ങി വെയ്റ്റ് ലിഫ്ടിംഗ് , റെസ്ലിംഗ് വരെ പതിനഞ്ചോളം ഇനങ്ങള്‍. ഓരോ വിഭാഗത്തിലും നമുക്ക് പ്രതീക്ഷകള്‍ ഉണ്ട്. എല്ലാവരും യോഗ്യതാ കടമ്പകള്‍ കടന്നവര്‍. ലോക റാങ്കിങ്ങില്‍ മികച്ച പൊസിഷനുകളില്‍ ഉള്ളവര്‍. തങ്ങളുടേതായ ദിവസങ്ങളില്‍ സമ്മര്‍ദ്ദം കൂടി അതിജീവിക്കാന്‍ കഴിഞ്ഞാല്‍ ഈ ഒളിമ്പിക്സ് നമുക്ക് നേട്ടങ്ങളുടെതാകും എന്ന് സംശയമില്ല.
സാധ്യതകളെ കുറിച്ച് ഒന്ന് പരിശോധിക്കാം.
ഹോക്കി
———————-
ഓര്‍ക്കുമ്പോള്‍ ഇപ്പോഴും അഭിമാനിക്കാവുന്ന അസുലഭനേട്ടമാണ് ഹോക്കിയില്‍ ഇന്ത്യ പൂര്‍വകാലത്ത് കൈവരിച്ചിട്ടുള്ളത്. 8 സ്വര്‍ണമെഡലുകള്‍. അതില്‍ അഞ്ചെണ്ണവും തുടര്‍ച്ചയായ അഞ്ചു ഒളിമ്പിക്സുകളില്‍ നേടിയത് ! പിന്നെ ഒരു വെള്ളിയും രണ്ടു വെങ്കലവും. മോസ്കോ ഒളിമ്പിക്സിലാണ് ഇന്ത്യ ഏറ്റവും അവസാനമായി സ്വര്‍ണം നേടിയത്. ഹോക്കി എന്ന ഗെയിമില്‍ ഇന്ത്യ അവസാനമായി ഒരു ഒളിമ്പിക്സ് മെഡല്‍ നേടിയതും ഇത് തന്നെ. അതിനു ശേഷം കഴിഞ്ഞ 36 വര്‍ഷമായി ഒരു കാലത്ത് ഹോക്കിയിലെ മുടിചൂടാമന്നരായി കഴിഞ്ഞിരുന്ന ഇന്ത്യ ഒളിമ്പിക്സില്‍ പച്ച തൊട്ടിട്ടില്ല.
പുല്‍ത്തകിടികളില്‍ നിന്നും ടര്‍ഫിലേക്ക് ആധുനിക ഹോക്കി ചുവടുമാറിയതിന് ശേഷമാണ് ഇന്ത്യക്ക് ചുവടു പിഴച്ചുതുടങ്ങിയത്. ഹോക്കി എന്ന കളി അപ്രസക്തമാകുന്നു എന്ന തോന്നല്‍ ഉളവാകുമ്പോള്‍ മാത്രം അവിടവിടെ ഓരോ വിജയങ്ങള്‍. ഏഷ്യന്‍ ഗെയിംസില്‍ വിജയം. അങ്ങനെ മാത്രം ഒതുങ്ങിയിരുന്നു ഹോക്കിയിലെ ഇന്ത്യന്‍ വിജയങ്ങള്‍. ഒരുപാട് മികച്ച കളിക്കാര്‍ ഇതിനിടയില്‍ വന്നു പോയി. അസോസിയേഷനുകളിലെ തര്‍ക്കങ്ങളും മികച്ച പരിശീലകരുടെ അഭാവവും ദീര്‍ഘവീക്ഷണമില്ലാത്ത പദ്ധതികളും ഒക്കെ ഇന്ത്യന്‍ ഹോക്കിയെ തകര്‍ത്തു.
എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അങ്ങനെയല്ല. ഇക്കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയില്‍ രണ്ടാം സ്ഥാനത്ത് എത്തിയ ടീമാണ് നമ്മുടെ. ആസ്ട്രെലിയയോട് മികച്ച രീതിയില്‍ പൊരുതിയിട്ടും നിര്‍ഭാഗ്യം കൊണ്ട് മാത്രം റണ്ണര്‍ അപ്പായി. മലയാളികളുടെ അഭിമാനമായ പി. ആര്‍. ശ്രീജേഷിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ടീം അക്ഷരാര്‍ത്ഥത്തില്‍ പ്രതീക്ഷയും മാനവും കാക്കുകയായിരുന്നു. റാങ്കിങ്ങില്‍ മുന്നിലുള്ള ടീമുകളോട് കളിക്കുമ്പോള്‍ കവാത്ത് മറക്കാറുള്ള ടീമായിരുന്നില്ല ചാമ്പ്യന്‍സ് ട്രോഫിയില്‍. വലിയ ടീമുകളോട് പിടിച്ചു നില്‍ക്കുകയും തരം കിട്ടിയാല്‍ ആക്രമിക്കുകയും ചെയ്യുന്ന രീതിയായിരുന്നു ഇന്ത്യയുടെ. നിലവിലെ അഞ്ചാം റാങ്കുകാര്‍ ആണ് ടീം ഇന്ത്യ.
നെതര്‍ലന്‍ഡ്‌സ് , ജര്‍മനി , അര്‍ജന്റീന എന്നിവരടങ്ങിയ ഗ്രൂപ്പിലാണ് ഇന്ത്യ. മെഡല്‍ പ്രതീക്ഷയുടെ അമിതഭാരം ഇല്ലെങ്കില്‍ ഇന്ത്യക്ക് ഇത്തവണ അത്ഭുതങ്ങള്‍ ആവര്‍ത്തിക്കാന്‍ കഴിയും എന്നുതന്നെയാണ് പ്രതീക്ഷ. നിലവിലെ ക്യാപ്റ്റനു പരിക്കായതുകൊണ്ടാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ശ്രീജേഷിനു നറുക്ക് വീണത്. ആ ടൂര്‍ണമെന്റിലെ പ്രകടനം ശ്രീജേഷിനു തുണയായി. ശ്രീജേഷിന്റെ നായകത്വത്തില്‍ ഇന്ത്യ പതിവെങ്ങുമില്ലാത്ത ഉണര്‍വിലാണ്. മോസ്കോ ഒളിമ്പിക്സിനു ശേഷം റിയോയില്‍ ഇന്ത്യ ഹോക്കിയില്‍ ഒരു മെഡല്‍ സ്വപ്നം കണ്ടാല്‍ തെറ്റ് പറയാന്‍ വയ്യ.
ഇതൊക്കെ ആണെങ്കിലും വനിതാ ഹോക്കിയില്‍ ഈ പ്രതീക്ഷയില്ല. ഏതു സ്ഥാനം വരെ എത്തും എന്ന് കാത്തിരിക്കാനേ വഴിയുള്ളൂ. ഇപ്പോള്‍ പതിമൂന്നാം സ്ഥാനത്താണ് വനിതാ ഹോക്കി ടീം. ഒളിമ്പിക്സ് പ്രതീക്ഷകളും പുരുഷ ഹോക്കി ടീം നല്‍കുന്ന ശുഭസൂചനകളും വനിതാ ഹോക്കി ടീമിന് കരുത്തേകും എന്ന് ആഗ്രഹിക്കാം. ( തുടരും)
Post Your Comments