തിരുവനന്തപുരം● മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൂട്ടിരുപ്പുകാരിയുടെ മര്‍ദ്ദനമേറ്റ് ഡ്യൂട്ടിയിലായിരുന്ന നഴ്സ് ചികിത്സതേടി. വയറിന്റെ ഇടതുഭാഗത്ത് കലശലായ വേദനയുണ്ടായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സകള്‍ക്ക് ശേഷമാണ് നഴ്സിനെ അഡ്മിറ്റാക്കിയത്. നഴ്സിന്റെ പരാതിയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസ് ആര്യനാട് സ്വദേശിനി ജോജോമോളെ സ്റ്റേഷനിലെത്തിച്ചു.
രണ്ടാം വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞ ആര്യനാട് സ്വദേശി സത്യന്റെ (58) മകളാണ് ജോജോമോള്‍. ഇന്നുരാവിലെ പതിനൊന്നു മണിയോടടുത്ത് രണ്ടാം വാര്‍ഡിലാണ് സംഭവമുണ്ടായത്. ജോജോമോള്‍ രോഗിയായ അച്ഛനെ മര്‍ദ്ദിക്കുന്നത് കണ്ട് മറ്റു രോഗികളുടെ കൂട്ടിരുപ്പുകാര്‍ അവരെ വിലക്കി. എന്നാല്‍ ജോജോമോള്‍ അത് കൂട്ടാക്കാതെ മര്‍ദ്ദനം തുടര്‍ന്നു. ഈ ബഹളം കേട്ടാണ് ഡ്യൂട്ടിയിലുള്ള നഴ്സ് അവിടേക്ക് വന്ന് അച്ഛനെ തല്ലരുതെന്ന് പറഞ്ഞ് വിലക്കിയത്. അന്നേരം അച്ഛനെ മറിച്ചിട്ടശേഷം നഴ്സിന്റെ അടുത്തേക്ക് അവര്‍ പാഞ്ഞടുത്ത് മര്‍ദ്ദിക്കുകയായിരുന്നു. കൈയ്യിലും തലയിലും അടിക്കുകയും വയറ്റില്‍ ചവിട്ടുകയും ചെയ്തതായി നഴ്സ് പറഞ്ഞു. ഉടന്‍ തന്നെ മറ്റുള്ളവര്‍ ചേര്‍ന്ന് ജോജോമോളെ പിടിച്ച് മാറ്റുകയായിരുന്നു.
ഔദ്യോഹിക ജോലിക്കിടയില്‍ മര്‍ദ്ദനമേറ്റതിനാല്‍ നഴ്സ് ഇക്കാര്യം പോലീസ് എയ്ഡ് പോസ്റ്റില്‍ രേഖാമൂലം അറിയിച്ചു. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ നിന്നും വനിതാ പോലീസ് ഉള്‍പ്പെടെയുള്ള പോലീസുകാര്‍ എത്തുകയും അവരെ അനുനയിപ്പിച്ച് സ്റ്റേഷനിലെത്തിക്കുകയും ചെയ്തു.
Post Your Comments