Kerala

കെ.ബാബുവിനെതിരെ നിര്‍ണായക തെളിവുമായി വിജിലന്‍സ് എഫ്‌ഐആര്‍

മൂവാറ്റുപുഴ : മുന്‍ മന്ത്രി കെ. ബാബു പദവി ദുരുപയോഗം ചെയ്തതിന് തെളിവുമായി വിജിലന്‍സിന്റെ എഫ്‌ഐആര്‍. ബാര്‍ ഹോട്ടലുടമകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് എറണാകുളം റേഞ്ച് എസ്പി നടത്തിയ ത്വരിത പരിശോധനയുടെ അടിസ്ഥാനത്തിലാണു കേസ്. കേരള ഹോട്ടല്‍ ഇന്‍ഡസ്ട്രിയലിസ്റ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വി.എം. രാധാകൃഷ്ണന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കു നല്‍കിയ പരാതിയിലായിരുന്നു ത്വരിത അന്വേഷണം നടത്തിയത്.
കഴിഞ്ഞ അഞ്ചുവര്‍ഷം എക്‌സൈസ് വകുപ്പില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കണമെന്നായിരുന്നു പരാതി. ബാറുകള്‍ക്കും ബീയര്‍ പാര്‍ലറുകള്‍ക്കും ലൈസന്‍സ് നല്‍കുന്നതിനുള്ള അപേക്ഷകള്‍ താനറിയാതെ തീര്‍പ്പാക്കരുതെന്നു മന്ത്രിയായിരിക്കെ കെ.ബാബു ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. ബിവ്‌റേജസ് കോര്‍പറേഷന്റെ ചില്ലറ വില്‍പന ശാലകള്‍ പൂട്ടിയതും മാനദണ്ഡമനുസരിച്ചല്ല. ചില ബാര്‍ ഹോട്ടലുകളെ സഹായിക്കാനായി സമീപത്തെ ബിവ്‌റേജസ് ശാലകള്‍ പൂട്ടിയതായി ബാര്‍ ഹോട്ടലുടമകളുടെ സംഘടനയും വ്യക്തമാക്കിയിരുന്നു.
പുതിയ ലൈസന്‍സ് നല്‍കിയതും ബാറുകള്‍ പൂട്ടിയതും ദുരുദ്ദേശത്തോടെയാണ്. ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കാന്‍ വഴിവിട്ട ഇടപെടല്‍ നടത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. നേരത്തെ, സംഭവത്തില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ലൈസന്‍സുകള്‍ നല്‍കുന്നതില്‍ 100 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണു വിജിലന്‍സ് സെന്‍ട്രല്‍ റേഞ്ച് എസ്പി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button