റാഞ്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒപ്പും ലെറ്റര്‍ പാഡും വ്യാജമായി നിര്‍മിച്ച ജാര്‍ഖണ്ഡ് സ്വദേശിയെ കണ്ടെത്താനായി സി.ബി.ഐ തിരച്ചില്‍ തുടങ്ങി. ബൊക്കാറോ സ്വദേശിയായ വയലിനിസ്റ്റ് പണ്ഡിറ്റ് സ്വരാജ്കുമാര് റോയിയാണ് പ്രധാനമന്ത്രിയുടെ ഒപ്പും മുദ്രയും വ്യാജമായി നിര്‍മിച്ചത്.
സ്വാതന്ത്യദിനത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ക്ലാസിക്കല്‍ സംഗീതപരിപാടിയുടെ പ്രചാരണത്തിനു വ്യാജമായി ഉണ്ടാക്കിയ മോദിയുടെ ഒപ്പും ലെറ്റര്‍ പാഡും ഉപയോഗിച്ചാണു ക്ഷണപ്പത്രം തയാറാക്കിയത്. പ്രധാനമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടതുപ്രകാരം സംഘടിപ്പിച്ച സംഗീത പരിപാടിയാണെന്നു പറഞ്ഞാണ് ഇയാള്‍ ക്ഷണപ്പത്രം അച്ചടിച്ചത്.
പരിപാടിയിലേക്കു നരേന്ദ്ര മോദിയെയും ക്ഷണിച്ചുകൊണ്ടുള്ള കത്ത് പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചതോടെയാണ് തട്ടിപ്പു പുറത്തായത്. ക്ഷണക്കത്തു കിട്ടിയതോടെ ഇക്കാര്യം അന്വേഷിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് സി.ബി.ഐയോടു നിര്‍ദേശിച്ചു. അന്വേഷണം തുടങ്ങിയതോടെ സ്വരാജ്കുമാര് ഒളിവില്‍ പോകുകയായിരുന്നു. ഇയാളുടെ വസതിയില്‍നിന്നു മറ്റു ചില വ്യാജരേഖകളും കണ്ടെടുത്തു.
Post Your Comments