കൊച്ചി : സംസ്ഥാനത്തെ മൂന്ന് പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന (കോഴിക്കോട്-കൊച്ചി-തിരുവനന്തപുരം ) അതിവേഗ ഉല്ലാസ യാത്രാനൗക സര്‍വീസിനു മൂന്നു മാസത്തിനകം തുടക്കമാകും; രാജ്യത്തെ ആദ്യ ഹൈഡ്രോഫോയില്‍ സര്‍വീസെന്ന ഖ്യാതിയോടെയാണ് സര്‍വീസ് ആരംഭിക്കുന്നത്. കൊച്ചി കോഴിക്കോട് (ബേപ്പൂര്‍) സര്‍വീസാണ് ആദ്യം ആരംഭിക്കുക.
തുടര്‍ന്നു തിരുവനന്തപുരത്തേക്കും (വിഴിഞ്ഞം) ലക്ഷദ്വീപിലേക്കും സര്‍വീസ് പരിഗണനയിലുണ്ടെങ്കിലും അത് ആദ്യഘട്ടത്തില്‍ നടപ്പിലാക്കില്ല. കൊച്ചിയില്‍ സി.എം.എഫ്.ആര്‍.ഐയുടെ ജെട്ടിയില്‍ നിന്നാകും സര്‍വീസ്. അസൗകര്യമുണ്ടെങ്കില്‍ വില്ലിംഗ്ടന്‍ ഐലന്‍ഡിലെ ക്രൂസ് ടെര്‍മിനല്‍ ഉപയോഗിക്കും.
കാലടി ആസ്ഥാനമായ ടോളിന്‍സ് ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള സേഫ് ബോട്ട് ട്രിപ് കമ്പനിയാണു പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലും ഗള്‍ഫിലുമുള്ള 10 മലയാളി സംരംഭകര്‍ ചേര്‍ന്നതാണു കമ്പനി. സംസ്ഥാന തുറമുഖ വകുപ്പാണു സൗകര്യങ്ങള്‍ ഒരുക്കുന്നത്. ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി കിലോമീറ്ററിന് ഒരു രൂപ സര്‍ക്കാര്‍ സബ്‌സിഡി നല്‍കും.
പദ്ധതിക്കായി 100 കോടി രൂപയാണു ചെലവിടുക. ഒരു യാനത്തിന്റെ വില 15 കോടി രൂപയാണ്. മികച്ച പ്രതികരണം ലഭിക്കുകയാണെങ്കില്‍ 300 പേര്‍ക്കു വരെ സഞ്ചരിക്കാവുന്ന വലിയ യാനങ്ങള്‍ വാങ്ങും.
മര്‍ക്കന്റൈല്‍ മറൈന്‍ വകുപ്പിന്റെയും കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെയും അനുമതി ലഭിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗ്രീസില്‍ നിന്ന് ഇറക്കുമതി ചെയ്ത രണ്ടു റഷ്യന്‍ നിര്‍മിത ജലയാനങ്ങള്‍ ഇന്നലെയാണു കൊച്ചി തുറമുഖത്തിറക്കിയത്.
സാധാരണ ബോട്ടുകളില്‍ നിന്നു വ്യത്യസ്തമായ ജലയാനമാണു ഹൈഡ്രോഫോയില്‍. കീഴ്ഭാഗത്ത് ഉറപ്പിച്ച ചിറകുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന യാനം. ചിറകുകള്‍ വെള്ളത്തിലും യാനത്തിന്റെ ശേഷിച്ച ഭാഗങ്ങള്‍ വെള്ളത്തിനു മുകളിലുമായിരിക്കും.
ജലോപരിതലത്തില്‍ നിന്ന് ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ സാധാരണ ബോട്ടുകളെക്കാള്‍ വളരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുമെന്നതാണു നേട്ടം. പരമാവധി 40 നോട്ടിക്കല്‍ മൈല്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന യാനങ്ങളാണു സര്‍വീസിനായി എത്തിച്ചിട്ടുള്ളത്. ശരാശരി 35 നോട്ടിക്കല്‍ മൈല്‍ (64.82 കിലോമീറ്റര്‍) വേഗത്തിലാകും കേരളത്തിലെ ജലയാത്ര.
Post Your Comments