ന്യൂഡല്‍ഹി ● കാര്‍ഗില്‍ യുദ്ധം രൂക്ഷമായി നിന്ന 1999 ജൂണില്‍ പാകിസ്ഥാനിലെ വ്യോമത്താവളങ്ങള്‍ ഉള്‍പ്പടെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്താന്‍ ഇന്ത്യ പദ്ധതിയിട്ടിരുന്നുവെന്നും അവസാനനിമിഷം പിന്മാറുകയായിരുന്നുവെന്നും വെളിപ്പെടുത്തല്‍.
1993 ജൂൺ 13 പുലർച്ചെ പാക്കിസ്ഥാനില്‍ വ്യോമാക്രമണം നടത്താൻ ലക്ഷ്യമിട്ട് ഇന്ത്യൻ യുദ്ധവിമാനങ്ങൾ സർവ്വസജ്ജമായി പുറപ്പെടാൻ ഒരുങ്ങിയിരുന്നു. റാവല്‍പിണ്ടിയിലെ വ്യോമത്താവളം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതി. ഇരു രാജ്യങ്ങളും തമ്മില്‍ ഒരു ആണവയുദ്ധത്തിന് വരെ വഴിമരുന്നിട്ടേക്കാമായിരുന്ന പദ്ധതി അവസാനനിമിഷം ഉപേക്ഷിക്കുകയായിരുന്നുവെന്നും എന്‍.ഡി.ടി.വി പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു.
ആക്രമണം നടത്തുന്നതിനുള്ള റൂട്ട് മാപ്പ് വരെ തയ്യാറാക്കിയിരുന്നു. വിമാനം തകര്‍ന്നു പാരച്യൂട്ട് വഴി പൈലറ്റുമാർക്ക് ഇറങ്ങേണ്ടി വന്നാൽ ഉപയോഗിക്കാനായി പാക് കറൻസിയും വ്യോമസേന പൈലറ്റുമാർക്ക് നൽകിയിരുന്നു.
കാർഗിൽ യുദ്ധ സമയത്തെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായിരുന്നു ജസ്‌വന്ത് സിങും പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി സർതാജ് അസീസും തമ്മിലുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് അസീസ് മടങ്ങിപ്പോയതിന് പിന്നാലെയാണ് ആക്രമണം നടത്താൻ വ്യോമസേന പദ്ധതിയിട്ടത്. അവധിയിലായിരുന്ന പൈലറ്റുമാരോട് അവധി റദ്ദാക്കി തിരിച്ചുവരാന്‍ വ്യോമസേന ആവശ്യപ്പെട്ടു. ശ്രീനഗറിലെ വ്യോമസേന ആസ്ഥാനത്ത് വച്ചായിരുന്നു ചര്‍ച്ചകള്‍. റാവല്‍പിണ്ടി വ്യോമത്താവളം, പാക് അധീന കാശ്മീരിലെ വ്യോമത്താവളം എന്നിവടങ്ങളായിരുന്നു പ്രധാന ലക്ഷ്യങ്ങള്‍. ടോണി, പ്രദീപ് , ചൗ, ഡോക്,ധാലി, ഗുപ്ത തുടങ്ങിയ പൈലറ്റുമാരെയാണ് ആക്രമണത്തിനായി നിയോഗിച്ചത്.
16 യുദ്ധ വിമാനങ്ങളാണ് പാക്കിസ്ഥാനെ ആക്രമിക്കുന്നതിനായി ഒരുങ്ങി നിന്നിരുന്നത്. നാല് മിഗ് 27 യുദ്ധവിമാനങ്ങള്‍ക്കായിരുന്നു റാവല്‍പിണ്ടി ആക്രമണത്തിന്റെ ചുമതല. വ്യോമത്താവളത്തിന്റെ റണ്‍വേ തകര്‍ക്കലാണ് ലക്‌ഷ്യം. ഇവയെ ആക്രമിക്കാന്‍ പാക് വ്യോമസേന മുതിര്‍ന്നാല്‍ അവരെ ആക്രമിക്കാന്‍ രണ്ട് മിഗ് 27 വിമാനങ്ങള്‍ കൂടി അകമ്പടിയ്ക്കായും നിയോഗിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള എക്സിക്യുഷന്‍ ഉത്തരവ് കാത്ത് വിമാനങ്ങള്‍ സര്‍വ്വസജ്ജമായി അതിര്‍ത്തിയിലെ വിവിധ കേന്ദ്രങ്ങളില്‍ നിലയുറപ്പിച്ചു. എന്നാല്‍ ഡല്‍ഹിയില്‍ നിന്ന് അത്തരമൊരു ഉത്തരവ് വന്നില്ല. ഒടുവില്‍ 12.30 വരെ കാത്തിരുന്ന ശേഷം വ്യോമസേന പൈലറ്റുമാരെ തിരിച്ചുവിളിക്കുകയായിരുന്നു.
ചര്‍ച്ചയ്ക്ക് ശേഷം ഇന്ത്യയില്‍ നിന്ന് മടങ്ങിയ സര്‍താജ് അസീസ് പിറ്റേന്ന് രാവിലെ ജസ്വന്ത് സിംഗിനെ വിളിച്ച് നുഴഞ്ഞുകയറ്റക്കാരെ കാര്‍ഗില്‍ മലനിരകളില്‍ നിന്നു പിന്‍വലിക്കാമെന്ന് ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് ആക്രമണപദ്ധതി ഉപേക്ഷിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.
Post Your Comments