Gulf

ജോലി ചെയ്യുന്ന കമ്പനിയ്‌ക്കെതിരെ ഫേസ്ബുക്കില്‍ പ്രചാരണം ; മലയാളി യുവാവിന് വന്‍പിഴ

ജോലി ചെയ്യുന്ന കമ്പനിയ്‌ക്കെതിരെ ഫേസ്ബുക്കില്‍ പ്രചാരണം നടത്തിയ മലയാളി യുവാവിന് ഖത്തറില്‍ വന്‍ പിഴ. ഖത്തറില്‍ ആദ്യമായാണു സൈബര്‍ കേസില്‍ ഇന്ത്യക്കാരന്‍ ശിക്ഷിക്കപ്പെടുന്നത്. 10000 റിയാലാണ് (ഏകദേശം 1.8 ലക്ഷം രൂപ) പിഴയായി വിധിച്ചിരിക്കുന്നത്. 2015 ഡിസംബര്‍ 21ന് ആണ് കമ്പനി അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തത്. പെരുമാറ്റദൂഷ്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ദോഹ മിസ്ഡിമീനര്‍ കോടതി നിര്‍മാണക്കമ്പനി തൊഴിലാളിയായ പ്രതിയുടെ അസാന്നിധ്യത്തിലാണു ശിക്ഷ വിധിച്ചത്.

സൈബര്‍ കുറ്റങ്ങള്‍ക്കു കടുത്ത ശിക്ഷയാണു ഖത്തര്‍ നടപ്പാക്കിയ പുതിയ സൈബര്‍ നിയമത്തിലുള്ളത്. ഒരേ ഉടമസ്ഥതയിലുള്ള കണ്‍സ്ട്രക്ഷന്‍, ട്രേഡിങ് കമ്പനികളിലൊന്നില്‍ ജോലി ചെയ്തിരുന്ന മലയാളി രണ്ടു സ്ഥാപനങ്ങള്‍ക്കുമെതിരെ ഫെയ്‌സ്ബുക്കില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാണു കേസ്. തെളിവിനായി മലയാളത്തിലുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ നിയമപ്രകാരം സാക്ഷ്യപ്പെടുത്തിയ അറബിക് തര്‍ജ്ജമയും കമ്പനി കോടതിയില്‍ ഹാജരാക്കിയിരുന്നു. കമ്പനിക്കെതിരായ പരാമര്‍ശങ്ങള്‍ ഒരു മലയാളി തൊഴിലാളി തന്നോടു പറഞ്ഞ കാര്യമെന്ന നിലയിലാണു പ്രതി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
കമ്പനിയുടെ തട്ടിപ്പിനിരയായ ഒരാളാണ് തനിക്ക് ഈ വിവരങ്ങള്‍ തന്നതെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു. കമ്പനി ജീവനക്കാരനായിരിക്കെ അക്കാര്യം മറച്ചുവച്ചു മറ്റൊരാള്‍ പറഞ്ഞതെന്ന രീതിയില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത് കമ്പനിയെയും ഉടമകളെയും പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന വിലയിരുത്തലിലാണു കോടതി ശിക്ഷ വിധിച്ചത്.

സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു രാജ്യസുരക്ഷ അപകടത്തിലാക്കുന്നവര്‍ക്കും മൂന്നുവര്‍ഷം തടവും പരമാവധി അഞ്ചുലക്ഷം റിയാല്‍ പിഴയുമാണു ശിക്ഷ. സര്‍ക്കാരുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യുന്നതും ഏതെങ്കിലും കമ്പനികളുടെയോ സ്ഥാപനങ്ങളുടെയോ വിവരങ്ങള്‍ നിയമവിരുദ്ധമായി ചോര്‍ത്തുന്നതും മൂന്നുവര്‍ഷം തടവും അഞ്ചു ലക്ഷം റിയാല്‍വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഭീകരസംഘടനകള്‍ക്കായി വെബ്‌സൈറ്റുകള്‍ നിര്‍മിക്കുന്നതും കൈകാര്യം ചെയ്യുന്നതും അവരുടെ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതും സമാനശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button