കൽപ്പറ്റ: പോക്സോക്കേസിൽപ്പെടുത്തിയെന്ന് ആരോപിച്ച് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. സംഭവത്തിൽ പൊലീസിനെതിരായ ആരോപണങ്ങളിൽ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വയനാട് എസ്‍പി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.
പൊതുസ്ഥലത്ത് വെച്ച് പ്രശ്നമുണ്ടാക്കിയെന്ന പേരിലായിരുന്നു രതിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പോക്സോ കേസിൽ പെടുത്തുമെന്ന് കമ്പളക്കാട് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന ബന്ധുക്കളുടെ പരാതിയിൽ കൽപ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും വകുപ്പ്തല അന്വേഷണം നടക്കുക. രണ്ട് അന്വേഷണത്തിനും എസ്പിയാണ് ഉത്തരവിട്ടിരിക്കുന്നത്.
ബന്ധുക്കളുടെ പരാതി മാധ്യമങ്ങളിലൂടെ അടക്കം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ സ്വമേധയ ആണ് അന്വേഷണമെന്ന് എസ് പി അറിയിച്ചു. പോക്സോ കേസിൽ പെടുത്തുമെന്ന ഭീഷണിയെ തുടർന്നാണ് രതിൻ ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബത്തിൻറെ ആരോപണം. കമ്പളകാട് പൊലീസിനെതിരെയാണ് ആരോപണം ഉയർന്നത്.
എന്നാൽ, പൊതുസ്ഥലത്ത് പ്രശ്നം ഉണ്ടാക്കിയതിൽ മാത്രമാണ് കേസെടുത്തതെന്നാണ് പൊലീസിൻറെ വാദം. കഴിഞ്ഞ ദിവസമാണ് പോക്സോക്കേസിൽപ്പെടുത്തിയെന്ന് ആരോപിച്ച് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം രതിൻ ആത്മഹത്യ ചെയ്തത്. ഒരു പെൺകുട്ടിയുമായി ഓട്ടോയിൽ സംസാരിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് സ്ഥലത്ത് പൊലീസെത്തി രതിനെതിരെ കേസെടുത്തത്.
Post Your Comments