News

ലോകമെമ്പാടുമുള്ള ഹൈന്ദവരുടെ ആഘോഷമായ ദീപാവലിയുടെ ഐതീഹ്യം പലത്

ലോകമെമ്പാടുമുള്ള ഹൈന്ദവരുടെ പ്രധാന ഉത്സവങ്ങളിലൊന്നാണ് ദീപാവലി. ജനങ്ങള്‍ അവരവരുടെ വീടുകളില്‍ മണ്‍ചിരാതുകളും വൈദ്യുതാലങ്കാരങ്ങളും ഉപയോഗിച്ച് പ്രകാശപൂരിതമാക്കി ഈ ഉത്സവം അത്യാഹ്ലാദപൂര്‍വ്വം കൊണ്ടാടുന്നു. അതുകൊണ്ടു തന്നെ ഇതിനെ ദീപങ്ങളുടെ ആഘോഷം എന്നാണ് അറിയപ്പെടുന്നത്.ഹിന്ദു കലണ്ടര്‍ പ്രകാരം കാര്‍ത്തികമാസത്തിലെ അമാവാസി രാത്രിയിലാണ് ദീപാവലി ആഘോഷിക്കുന്നത്.

അയല്‍ക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സമ്മാനങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്യുന്നു.’ദീപങ്ങളുടെ നിര’ എന്ന അര്‍ത്ഥമുള്ള സംസ്‌കൃത പദത്തില്‍ നിന്നാണ് ‘ദീപാവലി’ എന്ന വാക്ക് ഉത്ഭവിച്ചത്. അതിനാല്‍, ആളുകള്‍ അവരുടെ വീട് പ്രകാശിപ്പിക്കുന്നതിന് വിളക്കുകള്‍ തെളിയിക്കുന്നു.

സ്‌കന്ദപുരാണമനുസരിച്ച്, മണ്‍ചിരാതുകള്‍ സൂര്യനെ പ്രതീകപ്പെടുത്തുന്നു, ഇത് പ്രകാശത്തിന്റെയും ഊര്‍ജ്ജത്തിന്റെയും പ്രപഞ്ച ദാതാവിനെ കണക്കാക്കുന്നു.

14 വര്‍ഷത്തെ വനവാസത്തിനുശേഷം ശ്രീരാമന്‍, സീതാദേവി, ലക്ഷ്മണന്‍, ഹനുമാന്‍ എന്നിവര്‍ അയോധ്യയിലേക്ക് മടങ്ങിയെത്തിയ ദിവസമാണ് ദീപാവലി. തുലാമാസത്തിലെ കറുത്തപക്ഷ ചതുര്‍ദ്ദശിയിലായിരുന്നു അദ്ദേഹത്തിന്റെ തിരിച്ചുവരവ്. അയോദ്ധ്യയിലെ ജനങ്ങള്‍ അദ്ദേഹത്തെ വരവേല്‍ക്കാനായി തെരുവുകള്‍ മുഴുവന്‍ മണ്‍വിളക്കുകള്‍ കത്തിച്ച് വഴിതെളിച്ചു. ആ ഓര്‍മ്മ പുതുക്കലിന്റെ ദിനമായാണ് ദീപാവലി കൊണ്ടാടുന്നതെന്നാണ് ഒരു വിശ്വാസം.

കിഴക്കേ ഇന്ത്യയിലെ ആളുകള്‍ ദീപാവലിയെ ദുര്‍ഗാദേവിയുമായും അവരുടെ കാളി അവതാരവുമായും ബന്ധപ്പെടുത്തുന്നു. ബംഗാളില്‍ ദീപാവലി ആഘോഷം കാളീപൂജാ ചടങ്ങുകളോടെ നടത്തുന്നു. അതേസമയം ഉത്തരേന്ത്യയിലെ ബ്രജ് പ്രദേശത്തുള്ള ആളുകള്‍, ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിവസമാണ് ദീപാവലി എന്ന് വിശ്വസിക്കുന്നു. പന്ത്രണ്ടുവര്‍ഷത്തെ നാടുകടത്തലിനു ശേഷം പഞ്ചപാണ്ഡവന്‍മാര്‍ സ്വന്തം ദേശമായ ഹസ്തിനപുരിയിലേക്ക് മടങ്ങിയെത്തിയ നാളായി ദീപാവലിയെ കണക്കാക്കുന്നു.

പാണ്ഡവ സഹോദരന്മാരും അവരുടെ ഭാര്യ ദ്രൗപദിയും മാതാവായ കുന്തിയും മടങ്ങിയെത്തിയ സന്തോഷകരമായ ദിവസത്തെ ആഘോഷമാക്കി നാട്ടുകാര്‍ എല്ലായിടത്തും ശോഭയുള്ള മണ്‍ചിരാതുകള്‍ തെളിച്ചുവെന്ന് പറയപ്പെടുന്നു. സമ്പത്തിന്റെ നാഥനായി ആരാധിക്കപ്പെടുന്ന കുബേരനെയും ദീപാവലി നാളില്‍ ആരാധിക്കുന്നു.

പലയിടങ്ങളിലും വിളവെടുപ്പ് ഉത്സവമായും ദീപാവലി ആഘോഷിക്കുന്നു. ഇന്ത്യയില്‍ സമ്പന്നമായ നെല്‍കൃഷി അതിന്റെ ഫലം നല്‍കുന്ന നാളുകളായി ഇതിനെ കണക്കാക്കുന്നു. നെല്‍കൃഷി വിളവെടുപ്പിന്റെ കാലമാണ് ദീപാവലി. ഇന്ത്യ ഒരു കാര്‍ഷിക സാമ്പത്തിക സമൂഹമായതിനാല്‍ സമ്പന്നമായ കൃഷി വിളവെടുപ്പിന്റെ പ്രാധാന്യവും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്നു.

shortlink

Post Your Comments


Back to top button