കോഴിക്കോട്: ഗായിക മച്ചാട്ട് വാസന്തി (81) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒമ്പതാം വയസിൽ സംഗീത ജീവിതം ആരംഭിച്ച വാസന്തിയെ ശ്രദ്ധേയയാക്കിയത് പതിമൂന്നാം വയസിൽ പാടിയ ‘പച്ചപ്പനംതത്തേ…’ എന്ന ഗാനമാണ്. മച്ചാട്ട് വാസന്തിയുടെ പൊതുദർശനവും സംസ്കാരവും ഇന്നു നടക്കും. കോഴിക്കോട് ടൗൺഹാളിൽ രാവിലെ പത്തുമണിയോടെ പൊതുദർശനമുണ്ടാകും. ഉച്ചയ്ക്ക് ശേഷമാകും സംസ്കാരം.
സംഗീതസംവിധായകൻ ബാബുരാജാണ് വാസന്തിയെ സിനിമയിലെത്തിച്ചത്. വിപ്ലവഗായകനും റേഡിയോ കലാകാരനുമായ മച്ചാട്ട് കൃഷ്ണന്റെ മകളാണ് മച്ചാട്ട് വാസന്തി. ആദ്യകാലത്ത് നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആകാശ വാണിയിലും നിരവധി പാട്ടുകൾ പാടി.
ഓളവും തീരവും സിനിമയിൽ ബാബുരാജിന്റെ സംഗീതത്തിൽ കെ.ജെ.യേശുദാസിനൊപ്പം പാടിയ ‘മണിമാരൻ തന്നത് പണമല്ല പൊന്നല്ലാ..മധുരക്കിനാവിന്റെ കരിമ്പുതോട്ടം..’ എന്ന പാട്ടിലൂടെയാണ് മച്ചാട്ട് വാസന്തിയെ ജനപ്രിയയായത്. രാമു കാര്യാട്ടിന്റെ മിന്നാമിനുങ്ങ് എന്ന ചിത്രത്തിൽ, ബാബുരാജ് ഈണം പകർന്ന ‘തത്തമ്മേ തത്തമ്മേ നീ പാടിയാൽ അത്തിപ്പഴം തന്നിടും…’, ‘ആരു ചൊല്ലിടും ആരു ചൊല്ലിടും…’ എന്നീ പാട്ടുകൾ പാടി.
Post Your Comments