KeralaLatest NewsNews

കുട്ടികള്‍ക്കായി കാറില്‍ പ്രത്യേക സീറ്റ്, ബൈക്കില്‍ സുരക്ഷാ ബെല്‍റ്റ്

കുട്ടികളുടെ സുരക്ഷക്കായുള്ള പുതിയ നിര്‍ദേശങ്ങളെക്കുറിച്ച് അറിയാം

തിരുവനന്തപുരം: വാഹനയാത്രയില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ നിര്‍ദേശങ്ങള്‍ ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. നാല് വയസുവരെയുള്ള കുട്ടികള്‍ക്കായി പിന്‍ സീറ്റില്‍ പ്രത്യേക സീറ്റ് ഒരുക്കണമെന്നതിനൊപ്പം നാലു മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്ക് ഇരുചക്ര വാഹനയാത്രയ്ക്ക് ഹെല്‍മറ്റും നിര്‍ബന്ധമാക്കുകയാണ്. എന്തൊക്കെയാണ് പുതിയ നിര്‍ദേശങ്ങളെന്നും അവ പാലിക്കപ്പെട്ടിട്ടില്ലെങ്കിലുള്ള നിയമ നടപടികളും വാഹനം ഓടിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.

Read Also: ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് കടത്തിയത് അരലക്ഷം കോടി രൂപ; നിരവധി കമ്പനികള്‍ക്കെതിരെ ഇഡി അന്വേഷണം

കാറുകളിലും ഇരുചക്രവാഹനങ്ങളിലും യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് നാലു വയസില്‍ താഴെയുള്ള കുട്ടികള്‍ കാറുകളുടെ പിന്‍സീറ്റില്‍ പ്രായത്തിന് അനുസരിച്ച് ബെല്‍റ്റ് ഉള്‍പ്പെടെയുള്ള പ്രത്യേക ഇരിപ്പിടം ഉറപ്പാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. നാല് മുതല്‍ 14 വയസ് വരെയുള്ള 135 സെന്റി മീറ്ററില്‍ താഴെ ഉയരവുമുള്ള കുട്ടികള്‍ കാറിന്റെ പിന്‍സീറ്റില്‍ ചൈല്‍ഡ് ബൂസ്റ്റര്‍ കുഷ്യനില്‍ സുരക്ഷാ ബെല്‍റ്റ് ധരിച്ചു വേണം ഇരിക്കാന്‍. സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഡ്രൈവര്‍ ഉറപ്പാക്കുകയും വേണം.

ഇരുചക്രവാഹനങ്ങളില്‍ നാല് വയസിനു മുകളിലുള്ള കുട്ടികള്‍ ഹെല്‍മറ്റ് നിര്‍ബന്ധമാണ്. കുട്ടികളെ മാതാപിതാക്കളുമായി ചേര്‍ത്തുവെയ്ക്കുന്ന സുരക്ഷാ ബെല്‍റ്റ് ഉപയോഗിക്കാനും ശ്രമിക്കണം. മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍ കുട്ടികള്‍ ഉറങ്ങിപ്പോയി അപകടമുണ്ടാകുന്നത് ഒഴിവാക്കാനാണ് ഇങ്ങനെയൊരു നിര്‍ദേശം. കുട്ടികള്‍ക്ക് ഏതെങ്കിലും തരത്തില്‍ അപകടമുണ്ടായാല്‍ ഡ്രൈവര്‍ക്കായിരിക്കും പൂര്‍ണ ഉത്തരവാദിത്തമെന്നും മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു.

ഘട്ടംഘട്ടമായി നിര്‍ദേശങ്ങള്‍ നടപ്പാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. ഒക്ടോബറില്‍ സമൂഹമാധ്യമങ്ങളിലൂടെ ബോധവത്കരണം നടത്തും. നവംബറില്‍ മുന്നറിയിപ്പും നല്‍കിയശേഷം ഡിസംബര്‍ മുതല്‍ പിഴയോടെ നിയമം നടപ്പാക്കും. കുട്ടികള്‍ക്കായി പ്രത്യേക സീറ്റ് ഇല്ലെങ്കില്‍ 1000 രൂപയായിരിക്കും പിഴ. അതുപോലെ കുട്ടികള്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കിലും പിഴ ഈടാക്കും.

അതേസമയം, ടാക്‌സികളില്‍ കുട്ടികളുടെ സീറ്റ് നിര്‍ബന്ധമാക്കുന്നതിലും പ്രായോഗിക ബുദ്ധമുട്ട് നിലനില്‍ക്കുന്നുണ്ട്. നിയമം കര്‍ശമാക്കുമ്പോള്‍ കാറുള്ളവര്‍ക്ക് സീറ്റുവാങ്ങാനായി ഇനി പണം മുടക്കണം. രണ്ടു കുട്ടികളിലധികമുണ്ടെങ്കില്‍ ഒരു കുടുബംത്തിന്റെ കാര്‍ യാത്ര എങ്ങനെയെന്ന ചോദ്യവും ബാക്കിയാണ്. വാഹനഉടമകള്‍ സീറ്റുകള്‍ വാങ്ങി തുടങ്ങുമ്പോള്‍ മാര്‍ക്കറ്റില്‍ സീറ്റുകളെത്തി തുടങ്ങുമെന്നാണ് ഗതാഗത വകുപ്പ് പറയുന്നത്. എന്തായാലും പുതിയ തീരുമാനവുമായി മുന്നോട്ടെന്നാണ് ഗതാഗത കമ്മീഷണര്‍ എച്ച് നാഗരാജു വ്യക്തമാക്കുന്നത്. കാറില്‍ കുട്ടികളുടെ സുരക്ഷ സീറ്റില്ലെങ്കില്‍ ഡിസംബര്‍ മുതല്‍ 1000 രൂപ പിഴയീടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button