KeralaIndia

‘എൽഡിഎഫ് പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളെ എടുക്കുന്നത് മുന്നണി മര്യാദയ്ക്ക് വിരുദ്ധം’- ഡിഎംകെ

ചെന്നൈ: നിലമ്പൂർ എംഎൽഎ പി വി അൻവറിനെ പാർട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന നിലപാടിൽ ഡിഎംകെ നേതൃത്വം. കേരളത്തിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളെ എടുക്കുന്നത് മുന്നണി മര്യാദയ്ക്ക് വിരുദ്ധമെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ ഒരു മാധ്യമത്തോട് പ്രതികരിച്ചു. ഈ വിഷയത്തിലെ അന്തിമ തീരുമാനം സ്റ്റാലിൻ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ അൻവറുമായി ഡിഎംകെ നേതാക്കൾ ചർച്ച നടത്തിയിരുന്നു.

മുതിർന്ന നേതാവ് സെന്തിൽ ബാലാജി വഴിയാണ് അൻവറിന്റെ നീക്കങ്ങൾ. എന്നാൽ സ്റ്റാലിനുമായി നല്ല ബന്ധം പുലർത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പിണക്കാൻ നിലവിൽ ഡിഎംകെ തയ്യാറാകാൻ സാധ്യതയില്ല. ഈ സാഹചര്യത്തിൽ അൻവറിന്റെ ഡിഎംകെ പ്രവേശനം നടക്കാനിടയില്ലെന്നാണ് വിലയിരുത്തൽ.

അൻവർ ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി അൻവർ ചർച്ച നടത്തിയതിന്റ ചിത്രങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്ന മുന്നണിയെന്ന നിലയിലാണ് ഡിഎംകെയെ കണ്ടതെന്നും പാർട്ടി രൂപീകരിച്ച് മുന്നണിയുമായി സഹകരിക്കാൻ ചർച്ച നടത്തിയെന്നും സഹപ്രവര്‍ത്തകൻ ഇ.എ. സുകുവും വ്യക്തമാക്കി. എന്നാൽ മുന്നണിയിൽ ചേരുന്നതിനെ കുറിച്ച് അൻവർ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

അതേസമയം താൻ ഇന്ന് വൈകിട്ട് മഞ്ചേരിയിൽ പ്രഖ്യാപിക്കാൻ പോകുന്നത് പുതിയ രാഷ്ട്രീയ പാർട്ടിയല്ലെന്ന് നിലമ്പൂർ എംഎൽഎ പിവി അൻവർ. ഡമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന പേരിലുള്ള സാമൂഹിക കൂട്ടായ്മയാണ്. ഇന്ന് നടക്കുന്നത് നിലപാട് പ്രഖ്യാപനമാണെന്നും അൻവർ വ്യക്തമാക്കി. പുതിയ പാർട്ടി പ്രഖ്യാപിച്ചാൽ എംഎൽഎ സ്ഥാനം നഷ്ടപ്പെടുമെന്നതിനാണ് സാമൂഹിക കൂട്ടായ്മയെന്ന നിലയിൽ ഡിഎംകെയെ പ്രഖ്യാപിക്കുന്നത് എന്നാണ് സൂചനകൾ. അയോഗ്യതയെ സംബന്ധിച്ചുള്ള കാര്യങ്ങളിൽ നിയമോപദേശമടക്കം തേടിയ ശേഷമാണ് പുതിയ നീക്കം.

സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ശേഷവും ഏതെങ്കിലും പാര്‍ട്ടിയില്‍ ചേർന്നാൽ അയാള്‍ക്ക് പദവിയിൽ തുടരാനുള്ള യോഗ്യത നഷ്ടപ്പെടും. അതുകൊണ്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചാൽ അന്‍വർ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെടും. ഇതൊഴിവാക്കാനാണ് തുടക്കത്തിൽ സാമൂഹിക കൂട്ടായ്മ എന്ന നിലയിൽ പ്രഖ്യാപനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. അതിനെ സംബന്ധിച്ച സൂചനകളും ഇന്ന് വാർത്താ സമ്മേളനത്തിൽ അൻവർ നൽകി. “രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നതിന് ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്. അത് നിയമവിദഗ്ദ്ധരുമായി സംസാരിച്ചു കൊണ്ടിരിക്കുയാണ്” – അദ്ദേഹം പറഞ്ഞു

ഇന്നലെയും അൻവർ സിപിഎമ്മിനെ കടന്നാക്രമിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കെട്ടിവച്ച കാശ് പോലും കിട്ടാത്ത രീതിയിലേക്ക് കേരളത്തിലെ സിപിഎം സ്ഥാനാർഥികൾ എത്തും. പശ്ചിമബംഗാളിനേക്കാളും മോശമായ അവസ്ഥയാണ് കേരളത്തിലെ പാർട്ടിയെ കാത്തിരിക്കുന്നത്. ചെന്നൈയിൽ പോയത് രാഷ്ട്രീയനീക്കത്തിന്റെ ഭാഗമായാണ്. ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് ഡിഎംകെ. മതേതരത്വത്തിന്റെ മുഖമാണ് ഡിഎംകെ. ഇന്ന് ഡിഎംകെ നിരീക്ഷകരും സമ്മേളനത്തിൽ പങ്കെടുക്കും. സഹകരിക്കാൻ കഴിയുന്നവരുമായെല്ലാം സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യം യോഗം വിളിച്ചത് മലപ്പുറം ജില്ലയിലാണ്. ഇതിനുശേഷം 13 ജില്ലകളിലും ഈ ആശയം ജനങ്ങളിലേക്ക് എത്തിക്കാൻ പൊതുസമ്മേളനം നടത്തുമെന്നും അൻവർ അറിയിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മഞ്ചേരിയിലെ ബൈപ്പാസ് റോഡിന് സമീപം ജസീല ജംഗ്ഷനിലാണ് നിലമ്പൂർ സംഘടിപ്പിക്കുന്ന പൊതുസമ്മേളനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button